Sunday, February 21, 2016

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍




പോളിയോമെലിറ്റസ് അഥവാ പോളിയോ എന്ന രോഗത്തെ തുടച്ചു നീക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച കാമ്പയിനാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രം.

അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിലൂടെ പോളിയോ എന്ന മാരക രോഗത്തെ ഏറെക്കുറെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പള്‍സ് പോളിയോ ദിനങ്ങള്‍ ജനുവരി 17ഉം ഫെബ്രുവരി 21ഉം ആണ്.

.
പോളിയോ വാക്‌സിന്‍ കണ്ടുപിടിച്ചത് 1952ല്‍ ജോനസ് സാല്‍ക് ആണ്. 1955 ഏപ്രില്‍ 12ന് അദ്ദേഹം അതേക്കുറിച്ച് പ്രഖ്യാപനം നടത്തി. അത് കുത്തിവെക്കാനുള്ള പ്രതിരോധ മരുന്നായിരുന്നു. ആല്‍ബെര്‍ട്ട് സാബിന്‍ വായില്‍കൂടി കഴിക്കാവുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുവാദം 1957 ല്‍ ലഭിച്ചു. 1962ല്‍ ഇതിന് ലൈസന്‍സ് കിട്ടി.
.
ഇന്ത്യയും പോളിയോ വാക്‌സിനും:-
----------------------
ഇന്ത്യയില്‍ Expanded Program in Immunisation (EPI) ഭാഗമായി, പോളിയോ രോഗത്തിനെതിരെയുള്ള തുള്ളിമരുന്ന് വാക്‌സിനേഷന്‍ ആരംഭിച്ചത് 1978ല്‍ ആയിരുന്നു. 1984ഓട് കൂടി ഇന്ത്യയിലെ 40% ശിശുക്കളില്‍ വാക്‌സിന്‍ എത്തിക്കാനായി. പിന്നീട് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും പദ്ധതി വിപുലമാക്കുന്നതിനായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം (Universal Immunisation Program (UIP) നിലവില്‍ വന്നു. ശിശുക്ഷേമത്തിനായുള്ള Child survival and safe motherhood program (CSSM-1992) Reproductive and Child Health Program (RCH-1997) എന്നീ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി പദ്ധതി 95% ശിശുക്കളിലേക്കെത്തിക്കാന്‍ സാധിച്ചു. 1987ല്‍ 28757 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ അത് 1995ഓടെ വെറും 3265 ആയി ചുരുങ്ങി.
ലോകാരോഗ്യ സംഘടനയുടെ Polio Eradication Initiative of World Health Organization പ്രോഗാമിന്റെ ഭാഗമായി ഇന്ത്യയില്‍ 1995 മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍. അത് ഇന്ന് 100% ശിശുക്കളിലെത്തി പോളിയോ എന്ന രോഗത്തെ ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കിയിരിക്കുന്നു.

പദ്ധതി തുടങ്ങിയ ശേഷം ഇന്ത്യയില്‍ രണ്ടു പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി 2011ല്‍ ഗുജറാത്തിലും പശ്ചിംബാംഗ്ലയിലുമായി രണ്ടു കേസുകളാണ് പോളിയോ രോഗമുള്ളതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതു കഴിഞ്ഞ് ഇന്നുവരേക്കും അത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2014ല്‍ ലോകാരോഗ്യസംഘടന ( World Health Organization-WHO) ഇന്ത്യയെ പോളിയോ-മുക്ത രാജ്യമായി പ്രഖ്യാപിച്ചു.
.
അതേ സമയം ഇത്തരം വാക്‌സിനേഷന്‍ വ്യാപകമാകാത്ത, ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇപ്പോഴും പോളിയോ കേസുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
.
=============================
മാരക രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളും വാക്‌സിനേഷനുകളും വ്യാപകമായതിനെത്തുടര്‍ന്നാണ് കേരളം ആരോഗ്യരംഗത്ത് മാതൃകാസംസ്ഥാനമായിത്തീര്‍ന്നത്. കേരളത്തിലെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍, സാമൂഹ്യക്ഷേമ വകുപ്പിലെ ജീവനക്കാര്‍, സന്നദ്ധസംഘടനകള്‍ ഇവരുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇന്നത്തെ ഈ നേട്ടങ്ങളെല്ലാം.
.
എന്നാല്‍ ശാസ്ത്രത്തിന്റെ നേട്ടത്തെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മനുഷ്യപുരോഗതിക്ക് ഉപയോഗപ്പെടുത്തുമ്പോഴും നുണകള്‍ പറഞ്ഞും മതത്തിന്‍റെ പേരിലും ഇത്തരം വാക്‌സിനേഷനുകളെ എതിര്‍ക്കുന്നവര്‍ സമൂഹത്തിലുണ്ട്. 
.
ജേക്കബ് വടക്കാഞ്ചേരിയുമായി സി. രവിചന്ദ്രന്‍ നടത്തിയ 'വാക്‌സിന്‍ വിരുദ്ധത ശാസ്ത്രീയമോ?' എന്ന വിഷയത്തിലുള്ള സംവാദം ഈയൊരവസരത്തില്‍ കാണേണ്ടതു തന്നെ.
.
[ചിത്രം - ഇന്ന് ഫെബ്രുവരി 21ന് പോളിയോ വാക്‌സിന്‍ സ്വീകരിക്കുന്ന എന്റെ മകള്‍ അഥീന.]





No comments:

Post a Comment