Tuesday, February 23, 2016

അത്ഭുതക്കാഴ്ചകളൊരുക്കി വെര്‍ച്വല്‍ റിയാലിറ്റി!


അത്ഭുതക്കാഴ്ചകളൊരുക്കി വെര്‍ച്വല്‍ റിയാലിറ്റി!
ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് - അറിയേണ്ടതെല്ലാം...‍




വെര്‍ച്വല്‍ റിയാലിറ്റി എന്നത് കമ്പ്യൂട്ടര്‍ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്വെയറുകളുടെ സഹായത്താല്‍ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അയഥാര്‍ത്ഥലോകമാണ് വെര്‍ച്വല്‍ റിയാലിറ്റി. കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാര്‍ത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്.
.

വെര്‍ച്വല്‍ റിയാലിറ്റി എന്ന പദപ്രയോഗം 1987 മുതല്‍ ഇംഗ്ലീഷ് ഭാഷയില്‍ കാണാമെങ്കിലും മായികലോക പ്രതീതിയുളവാക്കുന്ന തരത്തില്‍ അത ആദ്യമായി ഉപയോഗിക്കുന്നത് ബ്രെയിന്‍സ്റ്റോം, ദി ലോണ്‍മൂവര്‍ മാന്‍ എന്നീ ചലച്ചിത്രങ്ങളിലാണ്. ഹോവാര്‍ഡ് റെയിന്‍ഗോള്‍ഡ് 1990 ല്‍ എഴുതിയ വെര്‍ച്വല്‍ റിയാലിറ്റി എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തോടെ ഗവേഷണം ത്വരിതപ്പെട്ടു.
.
ലോകമെമ്പാടും അതിശയോക്തിപരമായ വേഗത്തില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മുന്നേറുകയാണ്. ഇന്ത്യയില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സിന് കീഴിലുള്ള VELNIC (വെര്‍ച്വല്‍ എന്‍വയോണ്‍മെന്റ് ലബോറട്ടറി ഓഫ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍)-ല്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു.
.
കമ്പ്യൂട്ടര്‍ ഇമേജിംഗ്, ഇന്‍ഫോഗ്രാഫി എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ദൃശ്യ-ശ്രാവ്യമാധ്യമങ്ങള്‍ മനുഷ്യശരീരത്തില്‍ സ്ഥാപിച്ച് ത്രിമാനതലത്തില്‍ അയഥാര്‍ത്ഥലോകത്തിനെ പുന:സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രവര്‍ത്തനതത്വം. കല്പിതയാഥാര്‍ത്ഥ്യങ്ങള്‍ തലയിലെ തൊപ്പിപോലെ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തില്‍ എത്തുന്നു. യഥാര്‍ത്ഥലോകത്തിന് സമാനമായ ലോകത്തിലൂടെ കാഴ്ചക്കാരന്‍ സഞ്ചരിക്കുന്നു.
.
ഇത്രയും വെര്‍ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യയെക്കുറിച്ചാണ്. ഏതു സാങ്കേതികവിദ്യയും ജനപ്രിയമാകുന്നത് അത് കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയും സാര്‍വ്വത്രിക ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുമ്പോഴാണ്. മിക്കപ്പോഴും ആ സാഹചര്യം ഒരുക്കുന്നത് ടെക്നോളജി ഭീമനായ ഗൂഗിളായിരിക്കും. സെര്‍ച്ച് എന്‍ജിനില്‍ത്തുടങ്ങി ക്രോം ബ്രൗസറും,ബ്ലോഗറും, യൂട്യൂബും, ഗൂഗിള്‍ മാപ്സും, ആന്‍ഡ്രോയിഡ് ഒഎസും ജനമനസ്സുകള്‍ കീഴടക്കിക്കഴിഞ്ഞു. ഗൂഗിള്‍ ഗ്ലാസ്സും ഗൂഗിള്‍ കാറും പ്രിയമാകാനിരിക്കുന്നു. ഇതിനിടയില്‍ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഒരു ചെറിയ ഉല്‍പ്പന്നം 2014ല്‍ ഗൂഗിള്‍ അവതരിപ്പിച്ചു. അതായിരുന്നു ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് (Google Cardboard).
.
എന്താണ് ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ്?
---------------------
പേരു പോലെത്തന്നെ ഒരു കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ചുള്ള ലളിതമായ ഒരു ഉപകരണം. രണ്ടു കോണ്‍വെക്സ് ലെന്‍സുകളും രണ്ടു കാന്തങ്ങളും പിന്നൊരു കാര്‍ഡ്ബോര്‍ഡും. 2014ലെ Google I/O കോണ്‍ഫറന്‍സില്‍ ഇത് അവതരിപ്പിച്ചു. 2014ല്‍ ആന്‍ഡ്രോയി‍ഡ് പ്ലാറ്റ്ഫോമിലും അടുത്തവര്‍ഷം ഐഒഎസ് പ്ലാറ്റ്ഫോമിലും ഗൂഗിള്‍ ഈ സംവിധാനം ലഭ്യമാക്കി. ഗൂഗിള്‍ ജീവനക്കാരുടെ ഇഷ്ടമുള്ള പ്രൊജക്ടിനു വേണ്ടിയുള്ള 20% സമയത്തുള്ള (Innovation Time Off) കണ്ടുപിടുത്തമാണ് ഇത്. പാരീസിലെ ഗൂഗിള്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരായ ഡേവിഡ് കോസും ഡാമിയന്‍ ഹെന്‍റ്റിയും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത്. 2016 ജനുവരിയോടെ 5 മില്യണ്‍ കാര്‍ഡ്ബോര്‍ഡ് വ്യൂവറുകള്‍ ജനങ്ങളിലെത്തിയെന്നും ആയിരത്തിലധികം കാര്‍ഡ്ബോര്‍ഡ് അധിഷ്ഠിത അപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കപ്പെട്ടുവെന്നുമാണ് ഒരു ഏകദേശ കണക്ക്.
.
ഗൂഗിള്‍ ഇത്തരം കിറ്റുകള്‍ സപ്ലൈ ചെയ്യുന്നില്ല എന്നു പ്രത്യേകം പറയട്ടെ. മറിച്ച് ആശയം പങ്കുവയ്ക്കുകയും അതിന്‍റെ നിര്‍മ്മാണരീതി പങ്കു വയ്ക്കുകയും ചെയ്യുന്നു. അതായത്, ചെലവു കുറഞ്ഞതും ഏവര്‍ക്കും ലഭ്യവുമായിട്ടുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഗൂഗിള്‍ നല്‍കിയ അളവുകള്‍ പ്രകാരം ആര്‍ക്കും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിര്‍മ്മിക്കാം. 
45mm ഫോക്കല്‍ ലെങ്ത്തുള്ള രണ്ട് ലെന്‍സുകള്‍ (Aspherical Optical Lens), കാര്‍‍ഡ്ബോര്‍ഡ്, രണ്ട് ചെറിയ കാന്തങ്ങള്‍,ഒട്ടിക്കാന്‍ ടേപ്പ്, യോജിപ്പിച്ച് നിര്‍ത്താന്‍ സ്ക്രൂവോ, ഹുക്കോ എന്തെങ്കിലും, റബ്ബര്‍ ബാന്‍ഡ് എന്നിവയാണ് സ്വന്തമായി നിര്‍മ്മിക്കാനുദ്ദേശിക്കുന്നവര്‍ തേടേണ്ടത്.
.
ഗൂഗിള്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള അളവുകള്‍ക്കനുസൃതമായി കിറ്റായും റെഡി-ടു-യൂസ് ആയും വിവിധ കമ്പനികള്‍ ഗൂഗിള്‍ കാര്‍‍ഡ്ബോര്‍ഡ് വ്യൂവര്‍ വില്‍പ്പനക്ക് വച്ചിട്ടുണ്ട്. 100 രൂപ മുതല്‍ 15000 രൂപവരെ വില വരുന്ന വ്യൂവറുകളുണ്ട്. ഇതിലെ വമ്പന്‍മാരാണ് ഒക്കുലസ് വിആറും സോണിയും സാംസങും എച്ച് ടി സിയുമൊക്കെ.
.
ഹോ! വിലകേട്ട് മുഖം ചുളിക്കാന്‍ വരട്ടെ, 1000 രൂപയില്‍ താഴെ തന്നെ മികച്ച ദൃശ്യാനുഭവം നല്‍കുന്ന പേപ്പറിലും പ്ലാസ്റ്റിക്കിലും നിര്‍മ്മിച്ച കാര്‍ഡ്ബോര്‍ഡ് വ്യൂവറുകളുണ്ട്.
.
പേപ്പറോ പ്ലാസ്റ്റിക്കോ ആകട്ടെ, ഈ വ്യൂവറില്‍ നിശ്ചിത സ്ഥലത്ത് സ്മാര്‍ട് ഫോണ്‍ വയ്ക്കുന്നു. ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് അപ്ലിക്കേഷനുകള്‍ മൊബൈല്‍ സ്ക്രീനില്‍ രണ്ടു ഭാഗങ്ങളായി ദൃശ്യം കാണിക്കുവാന്‍ ഉതകുന്നതാണ്. ഈ ഉപകരണം കണ്ണട പോലെ ധരിക്കുമ്പോള്‍ അതിലെ ലെന്‍സുകളിലൂടെ ഈ രണ്ടു ചിത്രങ്ങള്‍ കാണുകയും അതുവഴി സ്റ്റീരിയോസ്കോപ്പിക് / 3D അനുഭവം ലഭിക്കുകയും ചെയ്യുന്നു. 3D, 360°, 180° വീഡിയോകളും വിവിധ അപ്ലിക്കേഷനുകളും ഗെയിമുകളും ഇതിലൂടെ കാണാം.
.
സജ്ജീകരണങ്ങള്‍:-
------------
> 6 ഇഞ്ച് വരെയുള്ള സ്ക്രീന്‍ വലുപ്പമുള്ള സ്മാര്‍ട് ഫോണുകള്‍ ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് സ്പ്പോര്‍ട്ട് ചെയ്യും.
.
> Gyroscope, Accelerometer, Compass സെന്‍സറുള്ള ഫോണുകള്‍ ആണ് കൂടുതല്‍ നല്ലത്. തല തിരിക്കുന്നതനുസരിച്ച് ദൃശ്യങ്ങള്‍ സജ്ജീകരിക്കുന്നതിന് Gyroscope സെന്‍സര്‍ ആവശ്യമാണ് (eg: 360°,180° Video). ചലനദിശ കണ്ടെത്തുന്നതിന് Accelerometer സെന്‍സര്‍ ആവശ്യമാണ്. മാഗ്നെറ്റിക് ട്രിഗര്‍ ബട്ടണ്‍ ഉപയോഗിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് Compass/Magnetometer ഉള്ള ഫോണ്‍ ആവശ്യമാണ്. (നിങ്ങളുടെ ഫോണില്‍ ഈ സെന്‍സറുകള്‍ ഉണ്ടോ എന്നറിയുന്നതിന് ഈ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താം. https://goo.gl/QXxfbs)
.
> Amazon, eBay പോലുള്ള ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ നിന്നും വിലകൊടുത്ത് വാങ്ങുകയോ സ്വയം നിര്‍മ്മിക്കുകയോ ആകാം.
Amazon India Search link - http://goo.gl/einumw
eBay India Search link - http://goo.gl/UEYajk
വലിയ വിലയുള്ളത് കൂടുതല്‍ നല്ലതായിരിക്കും എന്നൊരഭിപ്രായം എനിക്കില്ല.
ഞാന്‍ ഉപയോഗിക്കുന്നത് താഴെ കൊടുത്തിട്ടുള്ള VR Viewer ആണ്.
AuraVR Virtual Reality Plastic Headset (Rs.650):- Amazon India -http://goo.gl/0GqJYk eBay India - http://goo.gl/jHpJHw
ഇതിനേക്കാള്‍ മികച്ചതാകുമെന്ന് കരുതി 2000 രൂപയോളം മുടക്കി എന്‍റെ ഒരു സുഹൃത്ത് വാങ്ങിയ വ്യൂവറിലെ കാഴ്ച ഇതിനോളം നന്നായിരുന്നില്ല.
.
> ഗൂഗിളിന്‍റെ Cardboard അപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രാഥമിക കാര്യങ്ങള്‍ പഠിക്കുക. https://goo.gl/lJxLQB
.
> നിരവധി കാര്‍ഡ്ബോര്‍ഡ് സിമുലേഷന്‍ അപ്ലിക്കേഷനുകളും വെര്‍ച്വല്‍ ടൂറുകളും ഗെയിമുകളും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. പരീക്ഷിച്ചറിയുക.
.
> വീഡിയോ സാങ്കേതികതയിലെ നൂതന സങ്കേതമാണ് 360°, 180° വീഡിയോകള്‍. ഗൂഗിളിന്‍റെ യൂട്യൂബില്‍ 360°വീഡിയോകള്‍ക്ക് മാത്രമായി ഒരു സെക്ഷന്‍ തന്നെയുണ്ട്. ശൂന്യാകാശത്ത് പോയി ഭൂമിയെ കാണണോ?, നിങ്ങളെ നടുക്കു നിര്‍ത്തി നാലു വശത്തു നിന്നും ഡാന്‍സ് ചെയ്യുന്ന സുന്ദരികളെ കാണണോ?, മുറിയിലൊറ്റക്ക് നില്‍ക്കുമ്പോള്‍ പിന്നിലൂടേയും മുന്നിലൂടേയും വന്ന് പേടിപ്പിക്കുന്ന ഭീകരരൂപികളെ കാണണോ? എല്ലാം യൂട്യൂബിലുണ്ട്.https://goo.gl/wZsm9K
.
> പോണ്‍ വീഡിയോ വ്യവസായത്തിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. അമേരിക്കയിലെ പ്രമുഖ പോണ്‍ വീഡിയോ സൈറ്റായ നോട്ടി അമേരിക്ക 180°യില്‍ വീഡിയോകള്‍ തയ്യാറാക്കിയിട്ടുണ്ട്.
.
> 3D, 360°, 180°ഏതു തരത്തിലുള്ള വീഡിയോകളും കാര്‍ഡ്ബോര്‍ഡ് വ്യൂവറിലൂടെ കാണുന്നതിനായി ഉപയോഗിക്കുന്ന മികച്ച വീഡിയോ പ്ലേയറാണ് AAA VR Cinema. https://goo.gl/L1E7Zh
.
> ഈ 3D Sample Video ഡൗണ്‍ലോഡ് ചെയ്ത് കണ്ടു നോക്കൂ.‍http://1drv.ms/1LCNKej
.
> ഇതൊക്കെ കണ്ണിന് കേടാണോ? ഇതു സംബന്ധിച്ച ചര്‍ച്ചകളും പഠനങ്ങളും ഈ ലിങ്കുകളില്‍ നിന്ന് കിട്ടും. http://goo.gl/I0NjtQ
.
.
.
കൂടുതല്‍ അറിയാന്‍:-
-------------
ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് ഔദ്യോഗിക പേജ് 

ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് വിക്കിപീഡിയ പേജ്
.
[റഫറന്‍സ്:- ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് ഔദ്യോഗിക പേജ്, വിക്കിപീഡിയ]
[ചിത്രങ്ങള്‍ക്ക് കടപ്പാട്:- വിക്കിമീഡിയ, ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് ഔദ്യോഗിക പേജ്]

Sunday, February 21, 2016

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍




പോളിയോമെലിറ്റസ് അഥവാ പോളിയോ എന്ന രോഗത്തെ തുടച്ചു നീക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച കാമ്പയിനാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രം.

അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിലൂടെ പോളിയോ എന്ന മാരക രോഗത്തെ ഏറെക്കുറെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പള്‍സ് പോളിയോ ദിനങ്ങള്‍ ജനുവരി 17ഉം ഫെബ്രുവരി 21ഉം ആണ്.

.
പോളിയോ വാക്‌സിന്‍ കണ്ടുപിടിച്ചത് 1952ല്‍ ജോനസ് സാല്‍ക് ആണ്. 1955 ഏപ്രില്‍ 12ന് അദ്ദേഹം അതേക്കുറിച്ച് പ്രഖ്യാപനം നടത്തി. അത് കുത്തിവെക്കാനുള്ള പ്രതിരോധ മരുന്നായിരുന്നു. ആല്‍ബെര്‍ട്ട് സാബിന്‍ വായില്‍കൂടി കഴിക്കാവുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുവാദം 1957 ല്‍ ലഭിച്ചു. 1962ല്‍ ഇതിന് ലൈസന്‍സ് കിട്ടി.
.
ഇന്ത്യയും പോളിയോ വാക്‌സിനും:-
----------------------
ഇന്ത്യയില്‍ Expanded Program in Immunisation (EPI) ഭാഗമായി, പോളിയോ രോഗത്തിനെതിരെയുള്ള തുള്ളിമരുന്ന് വാക്‌സിനേഷന്‍ ആരംഭിച്ചത് 1978ല്‍ ആയിരുന്നു. 1984ഓട് കൂടി ഇന്ത്യയിലെ 40% ശിശുക്കളില്‍ വാക്‌സിന്‍ എത്തിക്കാനായി. പിന്നീട് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും പദ്ധതി വിപുലമാക്കുന്നതിനായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം (Universal Immunisation Program (UIP) നിലവില്‍ വന്നു. ശിശുക്ഷേമത്തിനായുള്ള Child survival and safe motherhood program (CSSM-1992) Reproductive and Child Health Program (RCH-1997) എന്നീ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി പദ്ധതി 95% ശിശുക്കളിലേക്കെത്തിക്കാന്‍ സാധിച്ചു. 1987ല്‍ 28757 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ അത് 1995ഓടെ വെറും 3265 ആയി ചുരുങ്ങി.
ലോകാരോഗ്യ സംഘടനയുടെ Polio Eradication Initiative of World Health Organization പ്രോഗാമിന്റെ ഭാഗമായി ഇന്ത്യയില്‍ 1995 മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍. അത് ഇന്ന് 100% ശിശുക്കളിലെത്തി പോളിയോ എന്ന രോഗത്തെ ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കിയിരിക്കുന്നു.

പദ്ധതി തുടങ്ങിയ ശേഷം ഇന്ത്യയില്‍ രണ്ടു പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി 2011ല്‍ ഗുജറാത്തിലും പശ്ചിംബാംഗ്ലയിലുമായി രണ്ടു കേസുകളാണ് പോളിയോ രോഗമുള്ളതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതു കഴിഞ്ഞ് ഇന്നുവരേക്കും അത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2014ല്‍ ലോകാരോഗ്യസംഘടന ( World Health Organization-WHO) ഇന്ത്യയെ പോളിയോ-മുക്ത രാജ്യമായി പ്രഖ്യാപിച്ചു.
.
അതേ സമയം ഇത്തരം വാക്‌സിനേഷന്‍ വ്യാപകമാകാത്ത, ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇപ്പോഴും പോളിയോ കേസുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
.
=============================
മാരക രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളും വാക്‌സിനേഷനുകളും വ്യാപകമായതിനെത്തുടര്‍ന്നാണ് കേരളം ആരോഗ്യരംഗത്ത് മാതൃകാസംസ്ഥാനമായിത്തീര്‍ന്നത്. കേരളത്തിലെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍, സാമൂഹ്യക്ഷേമ വകുപ്പിലെ ജീവനക്കാര്‍, സന്നദ്ധസംഘടനകള്‍ ഇവരുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇന്നത്തെ ഈ നേട്ടങ്ങളെല്ലാം.
.
എന്നാല്‍ ശാസ്ത്രത്തിന്റെ നേട്ടത്തെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മനുഷ്യപുരോഗതിക്ക് ഉപയോഗപ്പെടുത്തുമ്പോഴും നുണകള്‍ പറഞ്ഞും മതത്തിന്‍റെ പേരിലും ഇത്തരം വാക്‌സിനേഷനുകളെ എതിര്‍ക്കുന്നവര്‍ സമൂഹത്തിലുണ്ട്. 
.
ജേക്കബ് വടക്കാഞ്ചേരിയുമായി സി. രവിചന്ദ്രന്‍ നടത്തിയ 'വാക്‌സിന്‍ വിരുദ്ധത ശാസ്ത്രീയമോ?' എന്ന വിഷയത്തിലുള്ള സംവാദം ഈയൊരവസരത്തില്‍ കാണേണ്ടതു തന്നെ.
.
[ചിത്രം - ഇന്ന് ഫെബ്രുവരി 21ന് പോളിയോ വാക്‌സിന്‍ സ്വീകരിക്കുന്ന എന്റെ മകള്‍ അഥീന.]





Sunday, February 14, 2016

പ്രണയദിനവും പ്രണയഗാനവും.

പ്രണയദിനവും പ്രണയഗാനവും.
♥ ♪ ♫ *-*-*-*-*-**-*-*-*-*-*- ♥ ♪ ♫ 

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു.
.
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലം. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.
.
ഇത് വാലന്റൈൻ ദിനത്തിന്റെ കഥ, എന്നാല്‍ ആ പേരില്‍ പ്രസിദ്ധമായ ഒരു പ്രണയഗാനമുണ്ട്. അമേരിക്കൻ പോപ്പുലർ സംഗീതമായ ജാസ്സിലെ എക്കാലത്തേയും ഹിറ്റായ "മൈ ഫണ്ണി വാലന്റൈൻ" (My Funny Valentine) എന്ന ഗാനം. 1937ല്‍ റിച്ചാര്‍ഡ് റോഡ്ജേര്‍സും (Richard Rodgers) ലോറെന്‍സ് ഹാര്‍ട്ടും (Lorenz Hart) കൂടി Babes in Arms എന്ന മ്യൂസിക്കല്‍ ആല്‍ബത്തിനായി തയ്യാറാക്കിയതാണ് ഈ ട്യൂണ്‍. ഇത് വന്‍ ഹിറ്റാകുകയും ഇന്നു വരേക്കും 600ഓളം ഗായകര്‍ ആലപിച്ച് 1300 ആല്‍ബങ്ങളിലായി ഈ ട്യൂണ്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്. 
അമേരിക്കന്‍ സംഗീതത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത് ഈ ഗാനത്തിന്റെ ഷെറ്റ് ബേക്കറുടെ വേര്‍ഷന്‍ 2015ല്‍ അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്സിന്റെ നാഷണല്‍ റെക്കോര്‍ഡിംഗ് രജിസ്ട്രിയില്‍ ചേര്‍ക്കുകയുണ്ടായി.
.
ക്യാപ്റ്റന്‍ അമേരിക്കയിലൂടെ പ്രസിദ്ധനായ നടന്‍ ക്രിസ് ഇവാന്‍സ് നിര്‍മ്മിച്ച് 2014ല്‍ പുറത്തിറങ്ങിയ "ബിഫോര്‍ വി ഗോ" എന്ന റൊമാന്റിക് ചിത്രത്തില്‍ നായിക, ആലിസ് ഈവ് ഈ ഗാനം ആലപിക്കുന്നുണ്ട്.
.
[റഫറന്‍സ് - വിക്കിപീഡിയ, songfacts.com, Photofest]