Wednesday, February 8, 2017

പാസ്സഞ്ചേഴ്‌സ് (2016) - ശാസ്ത്രകല്‍പിത സിനിമ - റിവ്യൂ

പാസ്സഞ്ചേഴ്‌സ് (2016) - ശാസ്ത്രകല്‍പിത സിനിമ - റിവ്യൂ




അന്യഗ്രഹത്തിലേക്കുള്ള മനുഷ്യന്റെ യാത്ര ഇതിവൃത്തമാകുന്ന മറ്റൊരു ചിത്രം കൂടി. 2016ല്‍ പുറത്തിറങ്ങിയ ഒരു ശാസ്ത്രകല്‍പ്പിത സിനിമയാണ് പാസ്സഞ്ചേഴ്‌സ് (Passengers). ജോന്‍ സ്‌പൈറ്റ്‌സിന്റെ തിരക്കഥയില്‍ മോര്‍ട്ടെന്‍ ടൈല്‍ഡം സംവിധാനം ചെയ്ത ഈ ചിത്രം കൊളംബിയ പിക്‌ചേഴ്‌സ് ആണ് പ്രദര്‍ശനത്തിനെത്തിച്ചത്.
.
5000 മനുഷ്യരുമായി ഹോംസ്‌റ്റെഡ്-II എന്ന ഭൂസമാന ഗ്രഹത്തിലേക്കുള്ള 120 വര്‍ഷത്തെ നീണ്ട യാത്രയിലാണ് അവ്‌ലോണ്‍ എന്ന സ്റ്റാര്‍ഷിപ്പ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കുറച്ച് ഒരുതരം നിദ്രാവസ്ഥയില്‍ കഴിയാന്‍ സാധിക്കുന്ന ഹൈബര്‍ഷേഷന്‍ പോഡുകളിലാണ് യാത്രക്കാരും പേടകത്തിലെ അംഗങ്ങളും. ഒരു ഛിന്നഗ്രഹ ബെല്‍ട്ടിലൂടെയുള്ള യാത്രക്കിടയില്‍ വലിയൊരു ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടിയില്‍ പേടകത്തിലെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതിന്റെ ഭാഗമായി ഹൈബര്‍ഷേഷന്‍ പോഡുകളിലൊന്നിന്റെ പ്രവര്‍ത്തനത്തിന് തകരാറ് സംഭവിക്കുന്നു. അതോടെ അതിലുള്ള മെക്കാനിക്കല്‍ എന്‍ജിനീയറായ ജിം പ്രെസ്റ്റണ്‍ (ക്രിസ് പ്രാറ്റ്) വളരെ നേരത്തെ തന്നെ, അതായത് 90 വര്‍ഷങ്ങള്‍ നേരത്തെ ഉണരുന്നു. നീണ്ട നിദ്രയില്‍ നിന്നുണര്‍ന്ന ജിം താന്‍ ഒറ്റക്കാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു. ആകെ കൂട്ടിനുള്ളത് സ്‌പേസ് ഷിപ്പിലെ ഡ്രിങ്കിംഗ് ബാറിലെ ജീവനക്കാരനായ ആര്‍തര്‍ (മൈക്കല്‍ ഷീന്‍) മാത്രം. അതാണെങ്കിലോ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള ആന്‍ഡ്രോയിഡ് റോബോട്ടാണ് താനും. ഒരു വര്‍ഷത്തെ ഏകാന്തത ജിമ്മിനെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്നു.
.
ഈയൊരു അവസ്ഥയിലാണ് മറ്റൊരു ഹൈബര്‍നേഷന്‍ പോഡിലെ അറോറ ലേന്‍ (ജെന്നിഫര്‍ ലോറന്‍സ്) സുന്ദരിയെ ജിം കാണുന്നത്. അറോറയുടെ വീഡിയോ പ്രൊഫൈല്‍ കാണുന്ന ജിം അവള്‍ ഒരു എഴുത്തുകാരിയാണെന്ന് മനസ്സിലാക്കുന്നു. ഈ ഏകാന്തത അവസാനിപ്പിക്കുന്നതിന് അറോറയെ ഉണര്‍ത്താന്‍ ജിം ആഗ്രഹിക്കുന്നു. നിരവധി തവണത്തെ ആലോചനകള്‍ക്കൊടുവില്‍ ഹൈബര്‍നേഷന്‍ പോഡിലെ സര്‍ക്ക്യൂട്ടില്‍ കേടുപാട് വരുത്തി അറോറയെ ജിം ഉണര്‍ത്തുന്നു. പോഡിലെ സാങ്കേതിക തകരാറാണ് അറോറയും ഉണരാന്‍ കാരണമെന്ന് ജിം വിശ്വസിപ്പിക്കുന്നു. താനും ഈ യാത്ര പൂര്‍ത്തിയാക്കുംമുമ്പ് മരിക്കുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന അറോറ വിഷണ്ണയാകുന്നു. തിരിച്ച് ഹൈബര്‍നേഷന്‍ പോഡിലേക്ക് കയറാന്‍ ശ്രമിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ജിമ്മിനെപ്പോലെ അറോറയ്ക്കും യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കേണ്ടി വന്നു. അറോറ തന്റെ അനുഭവങ്ങള്‍ ഒരു പുസ്തകമാക്കി എഴുതാന്‍ തുടങ്ങുകയും ജിമ്മിനോട് അടുത്തിടപഴകുകയും അത് പ്രണയമായി മാറുകയും ചെയ്യുന്നു.
.
ഒരു വര്‍ഷത്തിനു ശേഷം ആര്‍തര്‍ അറോറയോട് സത്യം തുറന്നു പറയുന്നു. ജിം മനപൂര്‍വ്വമാണ് തന്നെ ഉണര്‍ത്തിയതെന്ന സത്യം അറോറയെ മാനസികമായി തളര്‍ത്തുന്നു. ജിമ്മിനെ തല്ലി കൊല്ലുവാന്‍ വരെ ശ്രമിക്കുന്നു. മാനസികമായി അറോറ ജിമ്മുമായി അകലുന്നു. അങ്ങനെയിരിക്കെ പേടകത്തിലെ സാങ്കേതിക തകരാര്‍ അധികമാകുകയും ജിമ്മും അറോറയും അപകടത്തില്‍ പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. അക്കൂട്ടത്തില്‍ ഹൈബര്‍നേഷന്‍ പോഡിലെ തകരാറ് മൂലം ചീഫ് ഡെക്ക് ഓഫീസറായ ഗസ് മാന്‍കുസോയും (ലോറന്‍സ് ഫിഷ്‌ബേണ്‍) ഉണരാനിടയാകുന്നു. അവര്‍ മൂന്നു പേരും കൂടി സ്‌പേസ് ഷിപ്പിന് കാര്യമായ തകരാറുകളുണ്ടെന്ന് കണ്ടെത്തുന്നു. എന്നാല്‍ ഗസിന്റെ ശരീരത്തില്‍ കാര്യമായി ക്ഷതമേറ്റിരുന്നു. അത്യാധുനിക ആരോഗ്യ സംരക്ഷണത്തിനുള്ള ഓട്ടോഡോക്ക് വഴി അദ്ദേഹത്തിന് ഇനി മണിക്കൂറുകളേ ആയുസ്സുള്ളൂ എന്ന് അവര്‍ മനസ്സിലാക്കുന്നു. പേടകത്തിന്റെ സുപ്രധാന മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും അനുമതിക്കുമുള്ള തന്റെ ഐഡി ബാഡ്ജ് ജിമ്മിനും അറോറക്കും നല്‍കി, പേടകം റിപ്പയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഗസ് മരിക്കുന്നു. പേടകത്തിന് ഊര്‍ജ്ജം പകരുന്ന ഫ്യൂഷന്‍ റിയാക്ടറിനെ നിയന്ത്രിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടിയില്‍ കേടായിരുന്നു. ഇരുവരും ഒത്തൊരുമിച്ച് കേടുപാടുകള്‍ പരിഹരിക്കുന്നു. ഈ ദൗത്യത്തിനിടയില്‍ ജിം മരണത്തെ മുഖാമുഖം കാണുന്നു. എന്നാല്‍ അറോറയുടെ ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചു കിട്ടുന്നു. ശേഷം, ഓട്ടോഡോക്ക് വഴി ഹൈബര്‍നേഷന്‍ സ്ഥിതിയിലേക്ക് തിരിച്ചു പോകാനാവുമെന്ന് അവര്‍ മനസ്സിലാക്കുന്നു. പക്ഷേ അത് പുറത്തു നിന്നൊരാള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണെന്നും അതിനാല്‍ ഒരാള്‍ക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്നും മനസ്സിലാക്കുന്നു. ജിം, അറോറയോട് അത് പ്രയോജനപ്പെടുത്താന്‍ ആവശ്യപ്പെടുന്നു.
.
88 വര്‍ഷങ്ങള്‍ക്ക് ശേഷം, ഹോസ്‌റ്റെഡ്-II ഗ്രഹത്തിനടുത്തെത്താറായപ്പോള്‍ മുന്‍നിശ്ചയിച്ച പ്രകാരം മറ്റ് ഹൈബര്‍നേഷന്‍ പോഡുകളില്‍ നിന്നും ബാക്കിയുള്ള യാത്രക്കാര്‍ ഉണരുന്നു. പേടകത്തിലെ പബ്ലിക് ഏരിയയില്‍ നിറയെ മരങ്ങളും ചെടികളും ഒരു കൊച്ചു വീടും അവര്‍ കാണുന്നു. അറോറയുടെ പുസ്തകത്തില്‍ നിന്ന് ജിമ്മിനൊപ്പം അറോറയും അവിടെ ജീവിച്ചിരുന്നു എന്നവര്‍ മനസ്സിലാക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
.
ഗ്രഹാന്തരയാത്രകള്‍ വിഷയമാക്കിയ ഇന്റര്‍സ്റ്റെല്ലാര്‍ പോലെ ശാസ്ത്ര സിദ്ധാന്തങ്ങളിലൂന്നിയ ഒരു സിനിമയല്ല, പാസ്സഞ്ചേഴ്‌സ്. മറിച്ച് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം പോലെയുള്ള മാനസികാവസ്ഥകളെ അടിസ്ഥാനമാക്കിയുള്ളതും, ഭാവി സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതുമായ ഒരു സിനിമയാണിത്. സംഗീതനിര്‍വ്വഹണത്തിന് നിരവധി തവണ ഓസ്‌കാര്‍ നേടിയ തോമസ് ന്യൂമാന്റെ സ്‌കോറുകള്‍ ഈ സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. സംഗീത വിഭാഗത്തില്‍ 2017ലെ അക്കാദമി അവാര്‍ഡിന് ന്യൂമാന്റെ ഈ സിനിമ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വിരലിലെണ്ണാവുന്ന അഭിനേതാക്കളാണ് ഉള്ളതെങ്കിലും സിനിമയില്‍ ശാസ്ത്രവും സാങ്കേതിക വിദ്യകളും ആണ് ശരിയായ അഭിനേതാക്കാള്‍ എന്ന് ഇത് തെളിയിക്കുന്നു.  ശാസ്ത്ര കല്‍പിത നോവലുകളും സിനിമാ ആവിഷ്‌കാരങ്ങളും നിലവില്‍ എത്രത്തോളം വേഗത്തിലാണ് ശാസ്ത്രം വികസിക്കുന്നതെന്ന് നമുക്കു കാണിച്ചു തരും. അങ്ങനെയൊരര്‍ത്ഥത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് പാസഞ്ചേഴ്‌സ്.
.
റിവ്യൂ - ബ്രിജേഷ് പൂക്കോട്ടൂര്‍
അവലംബം - IMDB, Wikipedia