Sunday, November 1, 2015

പരിണാമം - FAQ

പരിണാമം
By Leodas Yesudasan Lopez on FT
.
പരിണാമസംബന്ധിയായ പോസ്റ്റുകളും കമന്റുകളും ഗ്രൂപ്പിൽ ധാരാളമായി വരുന്നത് കൊണ്ടും, പല ചോദ്യങ്ങളും പലവുരു ആവർത്തിക്കപ്പെടുന്നത് കൊണ്ടും ഒരു എഫ്.എ.ക്യു തയ്യാറാക്കുകയാണു.

1. എന്തു കൊണ്ടാണു ജീവികളിൽ പരിണാമം സംഭവിക്കുന്നത്? എന്താണതിന്റെ അടിസ്ഥാന മെക്കാനിസങ്ങൾ?

മ്യൂട്ടേഷനും, നാച്ചുറൽ സെലക്ഷനും (പ്രകൃതി നിർധാരണം) ആണു പരിണാമത്തിന്റെ അടിസ്ഥാന മെക്കാനിസങ്ങൾ.

ഒരു ജീവിക്ക് -ഏതു ജീവിയുമാവാം-സന്തതിപരമ്പരകൾ  ഉണ്ടാകുമ്പോൾ  അതിന്റെ ജനിതക കോഡിംഗിൽ ചില  വ്യതിയാനങ്ങൾ  സംഭവിക്കാനിടയുണ്ട്. ഈ വ്യതിയാനം എന്നു  പറയുന്നത്  ജീനുകളിൽ  സംഭവിക്കുന്ന  അക്ഷരത്തെറ്റുകളാണ്‌ മ്യൂട്ടേഷൻസ്. അങ്ങനെ  മ്യൂട്ടേഷൻ  സംഭവിച്ചാൽ  നിലവിൽ  ആ ജീൻ കോഡ് ചെയ്തിരുന്ന  പ്രോട്ടീനുപകരം  വേറൊരു  പ്രോട്ടീനായിരിക്കും ഉല്പാദിപ്പിക്കുക. ഈ
മാറ്റങ്ങളോടെ  ജനിക്കുന്ന  ജീവി ആ പരിസ്ഥിതിക്ക് അനുകൂലമാണെങ്കിൽ  മാത്രമേ അതിജീവിക്കൂ.  പരിസ്ഥിതിക്ക്  യോജിച്ചതാണെങ്കിൽ അതിനനുകൂലമായി  പ്രകൃതി നിർധാരണം നടക്കും.  അല്ലാത്തപക്ഷം ആ ജീവി തെറ്റായ  മ്യൂട്ടേഷൻ  മൂലം  നശിച്ചുപോകും. അങ്ങനെ  ഇത്തരം കൊച്ചു കൊച്ചു മാറ്റങ്ങൾ  അനേകായിരം തലമുറകളിലൂടെ, ലക്ഷക്കണക്കിനു വർഷങ്ങളെടുത്ത്  കടന്നുപോകുമ്പൊൾ സഞ്ചിതമാകുന്ന വേരിയേഷനുകൾ ആണു സ്പീഷീസുകളിൽ നിന്നും സ്പീഷീസുകളിലേക്ക് ജീവികളെ പരിണമിപ്പിക്കുന്നത് . ഇവിടെ   ഒരു  കാര്യം പ്രത്യേകം ഓർമ്മിക്കണം. പരിണാമം എന്നത് നേരെമുകളിലേക്ക്  കയറിപ്പോകുന്ന കോണിപ്പടിയല്ല. അത് ശാഖോപശാഖകളായി  പിരിയുകയാണ്‌. അതിൽ എല്ലാ ശാഖകളും പരിസ്ഥിതിക്ക് അനുകൂലമാവുകയില്ല. വളരെ കുറച്ചു മാത്രമേ പരിസ്ഥിതിയോട് ഒത്തിണങ്ങിപ്പോകൂ. അവയ്ക്ക്  അനുകൂലമായ പ്രകൃതി നിർധാരണം(Natural Selection) നടക്കും.  അല്ലാത്ത  ശാഖകളെല്ലാം പൂർണ്ണമായും നശിച്ചുപോകും.മനുഷ്യന്റെ പരിണാമം തന്നെയാണിതിനു ഏറ്റവും നല്ല ഉദാഹരണം.

2. മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചതെങ്കിൽ ഇന്നത്തെ കുരങ്ങുകൾ എന്ത് കൊണ്ട് പരിണമിക്കുന്നില്ല?

ആദ്യമായി മനുഷ്യൻ 'കുരങ്ങിൽ' നിന്ന് പരിണമിച്ചതാണെന്ന് പരിണാമസിദ്ധാന്തം
പറയുന്നില്ല. മനുഷ്യൻ (ഹോമോ സാപിയൻസ്) എന്നതു പോലെ ഒരു സ്പീഷീസ് ആയി നിർവചിക്കാവുന്ന ഒന്നല്ല കുരങ്ങ് എന്ന - ചിമ്പാൻസിയേയും, ഗോറില്ലയേയും, ഒറാൻ ഉട്ടാങ്ങിനേയും പോലെയുള്ള ആൾക്കുരങ്ങുകളേയും, ഓൾഡ് / ന്യൂ വേൾഡ് മങ്കികളേയും നാം പൊതുവായി അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന - പദം.

എന്ത്തന്നെയായാലും, മനുഷ്യൻ മുകളിൽ പറഞ്ഞ ഒരു 'കുരങ്ങിൽ' നിന്നും
പരിണമിച്ചുണ്ടായതല്ല. പരിണാമസിദ്ധാന്തം പറയുന്നത് ഈ കുരങ്ങുകൾക്കും,
മനുഷ്യൻ എന്ന ape നും പരിണാമചക്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ ആയി പൊതു പൂർവികർ ഉണ്ടായിരുന്നു എന്നതാണു. ഇത് മനസ്സിലാക്കാൻ മനുഷ്യൻ ഉൾപ്പെടുന്ന 'ഓർഡർ' (order) ആയ പ്രൈമേറ്റുകളുടെ 'പരിണാമ വൃക്ഷം' ഒന്ന് പരിശോധിക്കാം: http://darwiniana.org/trees.htm

ഇതിൽ രണ്ടാമത്തെ ചിത്രം നോക്കുക. പ്രൈമേറ്റുകടെ കൈവഴികൾ ഏതൊക്കെ
കാലഘട്ടത്തിലാണു പിരിഞ്ഞത് എന്ന് ഒരു ഏകദേശ രൂപം കിട്ടും. അതായത്
ചിമ്പാൻസിയും, മനുഷ്യനും അവയുടെ പൊതുപൂർവികനിൽ നിന്ന് വ്യത്യസ്ത ശാഖകൾ ആയി പരിണമിച്ച് തുടങ്ങിയത് ഏകദേശം 70-80 ലക്ഷം (7-8 മില്യൺ) വർഷങ്ങൾക്ക് മുമ്പ് ആണെന്ന് കാണാം. അത് പോലെ മനുഷ്യന്റെയും, ചിമ്പാൻസിയുടേയും, ഗോറില്ലയുടേയും പൊതുപൂർവികൻ ജീവിച്ചിരുന്നത് ഏകദേശം 14 മില്യൺ വർഷങ്ങൾക്ക് മുമ്പായിരുന്നു. ഇങ്ങനെ പരിണാമവൃക്ഷത്തിലൂടെ പുറകോട്ട് പോയാൽ ഓരോ പൊതു പൂർവികനേയും കാണാം.

മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല; ഇന്ന് ജീവിച്ചിരിക്കുന്ന ഒരു ജീവിയിൽ നിന്നും, സമകാലീനരായ മറ്റൊരു ജീവി പരിണമിച്ചുണ്ടാകുക സാധ്യമല്ല. അത് കൊണ്ട് തന്നെ കുരങ്ങിൽ നിന്ന് മനുഷ്യർ ഉണ്ടാകുന്നതോ, ആടിൽ നിന്ന് പശു ഉണ്ടാകുന്നതോ നോക്കിയിരുന്ന് സമയം പാഴാക്കണം എന്നില്ല!

3. ഡാര്‍വിനിസവും ലമാര്‍ക്കിസവും ഒന്ന് തന്നെയോ?

 ആധുനിക പരിണാമസിദ്ധാന്തത്തിനു അടിത്തറ പാകിയ ഡാർവിന്റെ പരിണാമസിദ്ധാന്തം ഉടലെടുക്കുന്നതിനു മുമ്പേ, ജീവികളിൽ തലമുറകളായി സംഭവിക്കുന്ന ഉൽപ്പരിവർത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അരിസ്റ്റോട്ടിലിന്റെ കാലം മുതൽ അതിനു പല രീതിയിലുള്ള വിശദീകരണങ്ങളും ലഭ്യമാണു. ലാമാർക്കിയൻ സിദ്ധാന്തം പരിണാമത്തെ അനുകൂലിക്കുന്നതാണെങ്കിൽ പോലും, പരിണാമത്തിനു നിദാനമായ അതിന്റെ മെക്കാനിസത്തെ വിശദീകരിക്കുന്നതിൽ പരാജയമായിരുന്നു.  പ്രകൃതിപരമായ തിരഞ്ഞെടുപ്പിനെ (Natural Selection) കുറിച്ചുള്ള ഒരു തെറ്റായ വിവരണം നോക്കൂ:

"ജീവൻ നിലനിർത്താനുള്ള സമരത്തിൽ ജീവജാലങ്ങൾ തങ്ങളുടെ സ്വഭാവത്തെ ഉചിതമായി മാറ്റിയെടുക്കുന്നു എന്നതാണ്‌ പ്രകൃതിപരമായ തെരെഞ്ഞെടുപ്പ്
എന്നതുകൊണ്ടർഥമാക്കുന്നത്. ഉദാഹരണത്തിന്‌ വന്യമൃഗങ്ങളുടെ ഭീഷണികൊണ്ട്
മാൻകൂട്ടങ്ങൾ അതിവേഗം ഓടി, തങ്ങളുടെ അതിജീവനം ഉറപ്പാക്കുന്നു. ഇപ്രകാരം
മാൻകൂട്ടത്തിലെ ഓരോ മാനും വെഗതയാർജിക്കുന്നു." (ഇവിടെ കോപ്പി പേസ്റ്റ്
ചെയ്തു കാണുന്ന ഇത് ഹാരുന്‍ യാഹ്യ സൈറ്റില്‍ നിന്നാണു.)

ഇത് ഡാര്‍വിന്റെ നാച്ചുറല്‍ സെലക്ഷന്‍ അല്ല. മറിച്ച് ഇത് ഒരു ലമാര്‍ക്കിയന്‍
കാഴ്ചപ്പാടാണ്. ഇങ്ങനെ സംഭവിക്കില്ല എന്നത് പണ്ടേ തെളിഞ്ഞതാണ്. ആധുനിക
കാഴ്ച്ചപ്പാടായ നാച്ചുറല്‍ സെലക്ഷന്‍ ഏതാണ്ട് ഇങ്ങനെ പോകുന്നു:
വന്യമൃഗങ്ങള്‍ പിടിക്കുന്നത്‌ കൊണ്ട് മാൻകൂട്ടങ്ങളിലെ വേഗം കുറഞ്ഞവ ഇല്ലാതാവുന്നു. വേഗം കുറവ് ജനിതകപരമായ കാരണങ്ങള്‍ കൊണ്ടാകുമ്പോള്‍ വേഗത്തിനുള്ള ജീനുകള്‍ ഉള്ള മാനുകള്‍ അതിജീവിക്കുന്നു, പെറ്റുപെരുകുന്നു. ആ ജീനുകള്‍ അങ്ങനെ അടുത്ത തലമുറയില്‍ കൂടുതല്‍ ഉണ്ടാകുന്നു. അടുത്ത തലമുറയില്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. കാലക്രമത്തില്‍ വേഗത്തിനുള്ള ജീനുകള്‍ ആ മൃഗസമൂഹത്തില്‍ മൊത്തം വ്യാപിക്കുന്നു. ഇപ്രകാരം മാൻകൂട്ടത്തിലെ ശരാശരി മാന്‍
വെഗതയാർജിക്കുന്നു. അതെ സമയം മറ്റൊരു മാന്‍ കൂട്ടം അസാമാന്യ വേഗതയുള്ള,
ഓടിയാല്‍ രക്ഷയില്ലാത്ത ശത്രുവിനെ നേരിടുന്നു എന്ന് കരുതുക. ആ മാനുകളില്‍
ഒളിച്ചു നില്‍ക്കാന്‍ കൂടുതല്‍ കഴിവുള്ളവ രക്ഷപെടും. അതിനു സഹായിക്കുന്ന
നിറങ്ങള്‍ കൊടുക്കുന്ന ജീനുകള്‍ ആവും അവിടെ വ്യാപിക്കുക. ഇങ്ങനെ സാഹചര്യ
സമ്മര്‍ദങ്ങള്‍ വ്യത്യസ്തമായതു കൊണ്ട് തുടക്കത്തില്‍ ഒരേ ജീന്‍ അല്ലീല്‍
ആവൃത്തി ഉള്ള മൃഗ സമൂഹങ്ങള്‍ വ്യത്യസ്ത രീതികളില്‍ മാറ്റപ്പെടുന്നു.
ഇതൊക്കെ ആണ് നാച്ചുറല്‍ സെലക്ഷന്‍.

ഇതില്‍ നിന്ന് മനസിലാവുന്ന ഒരു കാര്യം, ജീവജാലങ്ങള്‍ സ്വന്തം സ്വഭാവത്തെയോ ശരീരത്തെയോ റ്റാന്‍ ശ്രമിച്ചിട്ടല്ല മാറ്റം ഉണ്ടാവുന്നത് എന്നതാണ്. മറ്റൊരു കാര്യം,
ജീവികള്‍ക്ക് ജീവിതകാലത്തുണ്ടാകുന്ന മാറ്റങ്ങള്‍, അതായത് വ്യായാമം മൂലം
പേശീബലം വര്‍ദ്ധിക്കല്‍ പോലുള്ളത്, അടുത്ത തലമുറയിലേയ്ക്ക് കൈമാറാന്‍
പറ്റില്ല എന്ന കണ്ടെത്തലുമായി നാച്ചുറല്‍ സെലക്ഷന് വൈരുധ്യമില്ല എന്നതാണ്.
ലമാര്‍ക്കിയന്‍ സിദ്ധാന്തത്തിന്റെ വേരറുത്തത് ജനിതകശാസ്ത്രത്തിന്റെ ആ
കണ്ടെത്തലാണല്ലോ. (എപിജനട്ടിക്സ് DNA യുടെ പ്രാധാന്യത്തെ
ഇല്ലാതാക്കുന്നില്ല.)

പ്രകൃതിപരമായ തെരഞ്ഞെടുപ്പ് അഥവാ പ്രകൃതി നിർധാരണം എന്നത് ഒരു ബോധപൂർവമായ പ്രവർത്തി അല്ലെന്ന് സാരം.

4. സൂക്ഷ്മപരിണാമമല്ലേ (microevolution) തെളിയിക്കപ്പെട്ടിട്ടുള്ളൂ, ഒരു
സ്പീഷീസ് മറ്റൊന്നാകുന്ന സ്ഥൂലപരിണാമത്തിനു (macroevolution)
തെളിവില്ലല്ലോ?

സൂക്ഷ്മം, സ്ഥൂലം എന്നിങ്ങനെയുള്ള കൃത്യമായ ഒരു വേര്‍തിരിവിന് ശാസ്ത്രീയ
അടിത്തറയില്ല. ജീവികളുടെ വര്‍ഗ്ഗീകരണത്തില്‍ ശാസ്ത്രജ്ഞര്‍ നേരിടുന്ന
കുഴയ്ക്കുന്ന ഒരു പ്രശ്നമാണ് ഓരോ സ്പീഷീസും എവിടെ തുടങ്ങി എവിടെ അവസാനിച്ചു
എന്നു തീരുമാനിക്കുന്നതിലെ അവ്യക്തതയും ആശയക്കുഴപ്പവും. ഈ അവ്യക്തതയ്ക്ക്
ലൈംഗിക ജീവികളില്‍ കാണുന്ന റിംഗ് സ്പീഷീസ് (ring species) എന്ന പ്രതിഭാസവും
വിവിധ സബ്സ്പീഷീസ്/സ്പീഷീസ് തര്‍ക്കങ്ങളും ഉദാഹരണമാണ്. ലൈംഗികത ഇല്ലാത്ത ലളിത ജീവികളിലാവട്ടെ സ്പീഷീസ് വേര്‍തിരിവ് ഒരു പരിധി വരെ തർക്കവിഷയവും ആണു. എന്നാല്‍ സൂക്ഷ്മവും സ്ഥൂലവും ആയ മാറ്റം കൃത്യമായി നിര്‍വചിക്കാന്‍ സാധിച്ചെങ്കില്‍ എല്ലാ സ്പീഷീസ് നിര്‍ദ്ദേശങ്ങളും വ്യക്തതയുള്ളവ
ആയിരുന്നേനെ.

ഇങ്ങനെ അവ്യക്തതയ്ക്ക് കാരണം ലളിതമാണ്. ഏതെങ്കിലും ദിശയിലേയ്ക്ക് സൂക്ഷ്മപരിണാമം കുറേ നടക്കുമ്പോള്‍ ആണ് സ്ഥൂലപരിണാമം ആയി നാം കാണുന്നത്, അല്ലാതെ സ്ഥൂലപരിണാമത്തിനെ സൂക്ഷ്മത്തില്‍ നിന്ന് വേറിട്ട്‌ തിരിച്ചറിയാന്‍ ശാസ്ത്രീയ മാനദണ്ടങ്ങളില്ല.

ഇതിനോടനുബന്ധിച്ച ഒരു തെറ്റിദ്ധാരണ സൂക്ഷ്മ പരിണാമം എന്നാല്‍ വൈവിധ്യങ്ങളുടെ ഉത്പാദനം മാത്രമാണ് (ഉദാ: ഒരു സമൂഹത്തില്‍ത്തന്നെ പല വിധത്തിലുള്ള മനുഷ്യര്‍ ) എന്നാണ്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ചില വ്യതിയാനങ്ങള്‍ ഇല്ലാതാവുകയും മറ്റു ചിലവ സമൂഹത്തില്‍ വ്യാപിക്കുകയും ചെയ്യുക വഴി സമൂഹത്തിന് ദിശാപരമായ, സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാവുന്നതും സൂക്ഷ്മ
പരിണാമം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നു.

സൂക്ഷ്മമായാലും, സ്ഥൂലമായാലും പരിണാമം നടക്കുന്നത് മ്യൂട്ടേഷനും, നാച്ചുറൽ സെലക്ഷനും കാരണമാണു. സ്പീഷീസ് വൽക്കരണം എന്നതൊക്കെ മോർഫോളജിക്കലും, ജനിതകവും ആയ വ്യത്യാസത്തിന്റെ തോതനുസരിച്ച് നമ്മുടെ സൗകര്യത്തിനു വേണ്ടി ഇടുന്ന ടാക്സോണമിക്കൽ വർഗീകരണം മാത്രമാണു.

5. പ്രപഞ്ചവും ജീവനും എങ്ങനെ ഉണ്ടായി എന്ന് പരിണാമം വിശദീകരിക്കുമോ?

ഇത് രണ്ടും ജീവപരിണാമത്തിന്റെ കീഴില്‍ വരുന്ന കാര്യങ്ങളല്ല. ജീവന്‍
ഉണ്ടായിക്കഴിഞ്ഞ് അവയുടെ വൈവിധ്യവത്കരണവും തുടരുന്ന മാറ്റങ്ങളും ആണ്
പരിണാമത്തിന്റെ വിഷയം. കോസ്മോളജി, അബയോജെനെസിസ് എന്നീ ശാസ്ത്രങ്ങളാണ് യഥാക്രമം പ്രപഞ്ചവും ജീവോല്‍പ്പത്തിയും പഠനവിഷയമാക്കുന്നത്. അതായത്, ജീവൻ എങ്ങനെ ഉണ്ടായി എന്ന് പരിണാമസിദ്ധാന്തം വിശദീകരിക്കുന്നില്ല എന്നത് ആപ്പിൾ എങ്ങനെ ഉണ്ടായി എന്ന് ഗുരുത്വാകർഷണ സിദ്ധാന്തം വിശദീകരിക്കുന്നില്ല എന്ന് പറയുന്നതിനു സമമാണു!

6. ജനിതകശാസ്ത്രം പരിണാമത്തിന് എതിരാണോ?

ഇത് മറ്റൊരു തെറ്റിദ്ധാരണ ആണു. സത്യത്തിൽ ആധുനിക ജനിതകശാസ്ത്രത്തിന്റെ
വളർച്ചയോടെയാണു പരിണാമം എന്നത് തന്മാത്രാതലത്തിൽ സംഭവിക്കുന്ന
ഒന്നാണെന്നും, പരിണാമത്തിന്റെ സൂക്ഷ്മതലത്തിലുള്ള വിശദീകരണങ്ങൾ ഒക്കെയും
നമുക്ക് ലഭ്യമായത്. ജനിതക ശാസ്ത്രം ഇല്ലായിരുന്നെങ്കിൽ ജെനോം കോഡിംഗ് ഒക്കെ വഴി ജീവികൾ തമ്മിലുള്ള പരസ്പരബന്ധം ഒക്കെ നമുക്ക് കൃത്യമായി നിർണയിക്കാൻ കഴിയാതെ വരുമായിരുന്നു.

ജീവശാസ്ത്രത്തിൽ ഒരു ശാസ്ത്രശാഖയും പരിണാമസിദ്ധാന്തത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതായിട്ടില്ല. മറിച്ച്, പരിണാമസിദ്ധാന്തത്തിന്റെ ബലത്തിലാണു ഇന്നു സ്കൂൾ തലം മുതൽ നാം പഠിക്കുന്ന എല്ലാ ജീവശാസ്ത്രശാഖകളും നിലനിൽക്കുന്നത് പോലും.

 7. പരിണാമം ഒരു നിരീശ്വരവാദ ഗൂഡാലോചന ആണോ?

 പരിണാമസിദ്ധാന്തവും, അതിനോടനുബന്ധിച്ച മേഖലകളും എല്ലാം തന്നെ മറ്റേതൊരു ശാസ്ത്രശാഖയേയും പോലെ ശാസ്ത്രത്തിന്റെ സ്വാഭാവിക വളർച്ചയിൽ സംഭവിച്ച സിദ്ധാന്തങ്ങൾ മാത്രമാണു. അതൊരു ലോബിയുടേയും സൃഷ്ടിയല്ല. സെമിറ്റിക് വിശ്വാസികൾ അടക്കമുള്ള ഒരു വിഭാഗം സൃഷ്ടിവാദികൾ മാത്രമാണു പരിണാമസിദ്ധാന്തത്തെ എതിർക്കുന്നത്. അതിനു കാരണം അവരുടെ മതഗ്രന്ഥങ്ങളിലെ സൃഷ്ടിപ്പ് കഥയെ അത് കടപുഴക്കി എറിയുന്നു
എന്നത് മാത്രമാണു. അങ്ങനെ സൃഷ്ടി സങ്കൽപ്പങ്ങളെ കടപുഴക്കി എറിയുന്ന തിയറികൾ ഒരുപാടുണ്ട്. ജിയോസെൻട്രിക് സങ്കൽപ്പങ്ങളെ തകർത്ത കോപ്പർനിക്കസ് മുതൽ ന്യൂട്ടന്റെയും, ഐൻസ്റ്റീന്റെയും, പ്ലാങ്കിന്റെയും തുടങ്ങി ഒട്ടു മിക്ക ശാസ്ത്ര സിദ്ധാന്തങ്ങളും 'മതശാസ്ത്ര'ത്തിന്റെ കടയ്ക്കൽ കത്തി
വെക്കുന്നതാണു. മനുഷ്യകേന്ദ്രീകൃതമായ മത സിദ്ധാന്തങ്ങൾ മനുഷ്യന്റെ
ഉൽപ്പത്തി സങ്കൽപ്പത്തെ തകർക്കുന്ന ഒരു തിയറി കാണുമ്പോൾ
കടന്നാക്രമിക്കുന്നത് സ്വാഭാവികം മാത്രം.

അമേരിക്കയിലെ വിവിധ മേഖലകളിലെ 97% ശാസ്ത്രജ്ഞരും പരിണാമത്തെ അംഗീകരിക്കുന്നു എന്നും നാച്ചുറല്‍ സെലക്ഷന്‍ പോലുള്ള പ്രകൃതിയിലെ പ്രതിഭാസങ്ങളിലൂടെ ആണ് അത് സംഭവിക്കുന്നത്‌ എന്ന് 87% ശാസ്ത്രജ്ഞരും കരുതുന്നതായും സര്‍വേകള്‍[1] സൂചിപ്പിക്കുന്നു. ഇവരെല്ലാം നിരീശ്വരവാദികളോ നിരീശ്വരവാദികളാല്‍ പറ്റിക്കപ്പെട്ടവരോ അല്ലല്ലോ. കത്തോലിക്കരുടെ പഴയ പോപ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പരിണാമം സംഭവിച്ചു എന്നതിന് വിവിധ ശാസ്ത്ര ശാഖകളില്‍ നിന്നുള്ള തെളിവുകള്‍ കുമിഞ്ഞു കൂടുന്നു എന്ന് സമ്മതിക്കുന്നു . മറ്റൊരു പ്രമുഖ ക്രിസ്ത്യന്‍ സഭയായ ആംഗ്ലിക്കന്‍ സഭയുടെ ഔദ്യോഗിക സൈറ്റില്‍ ആവട്ടെ
ഉത്തമനായ ശാസ്ത്രജ്ഞനായിരുന്ന ഡാര്‍വിനെ തെറ്റിദ്ധരിച്ചതിന് ഡാര്‍വിനോട്
നടത്തുന്ന ക്ഷമാപണമാണ് കാണാന്‍ കഴിയുക.

8. ഫോസിലുകളിൽ പ്രധാനപ്പെട്ട ഇടക്കണ്ണികൾ പലതും ഇനിയും കിട്ടിയിട്ടില്ല. പല ഫോസിലുകളും കെട്ടിച്ചമച്ചതല്ലേ? പല അളവലും വലിപ്പത്തിലുമുള്ള വാഹനങ്ങളുടെ ഫോസിൽ കിട്ടിയാൽ ഒന്ന് മറ്റൊന്നിൽ നിന്നു പരിണമിച്ചുണ്ടായതാണെന്നു പറയുമോ?

സൃഷ്ടിവാദികളുടെ ഒരു സ്ഥിരം വാദമാണിത്. ഇടക്കണ്ണികൾ എന്നാൽ എന്താണെന്ന് ചോദിച്ചാലോ, ഏത് ഇടക്കണ്ണികൾ ആണു മിസ്സിംഗ് എന്ന് ചോദിച്ചാലോ മിക്കവാറും ഉത്തരം തരാതെ ഒഴിഞ്ഞു മാറുകയും ചെയ്യും. പരിണാമം എന്ന അനുസ്യൂതമായ ജൈവിക മാറ്റത്തെ കൃത്യമായി മനസ്സിലാക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണു ഇടക്കണ്ണി എന്ന ഒരു പരിധി വരെ തെറ്റായ പ്രയോഗം. ജീവൻ ഉണ്ടായത് മുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ സ്പീഷീസുകളുടേയും എല്ലാ തലമുറകളുടേയും ഫോട്ടോകൾ നാം എടുത്തു എന്ന് സങ്കൽപ്പിക്കുക. അടുത്തടുത്തുള്ള കുറച്ച് തലമുറകളുടെ ഫോട്ടോ പരിശോധിക്കുകയാണെങ്കിൽ എല്ലാം ഒരു പോലിരുന്നേനെ. ഇടക്കണ്ണികൾ പോയിട്ട്, സ്പീഷീസുകൾ തമ്മിൽ എവിടെ നിന്ന് വേർപിരിയുന്നു എന്ന് പോലും മനസ്സിലാക്കാതെ നാം കുഴങ്ങും. ഇനി ഫോട്ടോ എന്നത് മാറ്റി ഫോസിൽ എന്നത് സങ്കൽപ്പിക്കുക. എല്ലാ ജീവികളുടേയും ഫോസിൽ കിട്ടിയിരുന്നുവെങ്കിൽ ഇടക്കണ്ണി എന്ന സങ്കൽപ്പം പോലും ഉണ്ടാകില്ലായിരുന്നു. എന്നാൽ ഫോസിലീകരണം എന്നത് അത്യപൂർവമായി സംഭവിക്കാവുന്ന ഒരു കാര്യമാണു. ആധുനിക പരിണാമശാസ്ത്രം ഫോസിലുകളെ സമീപിക്കുന്നത് ഒരു ബോണസ് എവിഡൻസ് എന്ന നിലയിലും ആണു. അങ്ങനെ നോക്കുമ്പോൾ
നാം ഉൾപ്പെടെ ഉള്ള എല്ലാ ജീവികളും 'ഇടക്കണ്ണികൾ' ആണു.

ഫോസിലുകളുടെ ഈ ദൗർലഭ്യമാണു ഇടക്കണ്ണികൾ എന്നു വിളിക്കപ്പെടുന്ന ഫോസിലുകൾക്ക് പ്രാധാന്യം ഉണ്ടാക്കുന്നത്. ഇവിടെ ഒരു വലിയ ലിസ്റ്റ് ഉണ്ട്. ഇതൊന്നും കൃത്രിമമായി ഉണ്ടാക്കിയതല്ല:

http://en.wikipedia.org/wiki/List_of_transitional_fossils

ഫോസിലുകൾലഭിക്കുക എന്നത് അത്യപൂർവമായ ഒരു പ്രതിഭാസം ആയതിനാൽ ചില
'കച്ചവടലാക്കുള്ളവർ' കൃത്രിമമായി ഫോസിലുകൾ സൃഷ്ടിച്ച് ശാസ്ത്രത്തെ
പറ്റിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാണു. പിൽറ്റ്ഡൗൺ മാൻ ഒക്കെ
ഉദാഹരണമാണു. എന്നാൽ ഇതൊക്കെ ശാസ്ത്രം തന്നെ തള്ളിക്കളഞ്ഞിട്ടും ഉണ്ട്.

പരിണാമംഎന്നത് ജൈവികമായ ഒരു പ്രൊസസ്സ് ആണു. കാർ പോലെ അജൈവിക പദാർത്ഥങ്ങൾ പരിണമിക്കുന്നില്ല എന്ന് പറയുന്ന ഒരാൾക്ക് ജൈവ - അജൈവ വസ്തുക്കൾ തമ്മിലുള്ള വ്യത്യാസം അറിയില്ല എന്ന് മാത്രമേ പറയാനൊക്കൂ.

9. പരിണാമം സത്യമാണെങ്കിൽ എന്ത് കൊണ്ട് ഇന്ന് ജീവികൾ പരിണമിക്കുന്നില്ല? ഉദാഹരണത്തിനു മനുഷ്യൻ എന്ത് കൊണ്ട് പരിണമിച്ച് മറ്റൊരു ജീവി ആയി മാറുന്നില്ല?

 പരിണാമം അനുസ്യൂതമായ ഒരു പ്രതിഭാസം ആണ്. അത് നിലച്ച് പോയിട്ടൊന്നുമില്ല. ഇവിടെ മനസ്സിലാക്കേണ്ടത് പരിണാമത്തിന്റെ തോത് ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ എന്തിനു തലമുറകൾ കൊണ്ട്
പോലും മനസ്സിലാക്കാൻ കഴിയാത്തത്ര പതുക്കെയാണു മിക്ക ജീവി വർഗങ്ങളിലും
സംഭവിക്കുന്നത് എന്നതാണു. ഹോമോ സാപിയൻസ് എന്ന സ്പീഷീസ് - ആധുനിക മനുഷ്യൻ - അതിന്റെ പൂർവികരിൽ നിന്ന് പരിണമിച്ചിട്ട് രണ്ട് ലക്ഷം വർഷങ്ങൾ ആയി. ഈ കാലയളവ് പോലും ജീവൻ ഉത്ഭവിച്ചതിനു ശേഷം പരിണാമത്തിന്റെ ബൃഹത്തായ കാലയളവ് പരിശോധിക്കുമ്പോൾ ഒന്നുമല്ല. ജീവന്റെ ആവിർഭാവം, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏകദേശം 380 കോടി വർഷങ്ങൾ മുമ്പ് സംഭവിച്ചു എന്നാണു കരുതപ്പെടുന്നത്. ഈ 380 കോടി വർഷത്തെ കണക്കു കൂട്ടാനുള്ള എളുപ്പത്തിനു നമ്മൾ ഒരു വർഷത്തിലേക്ക് ചുരുക്കുകയാണെങ്കിൽ മനുഷ്യൻ ഉണ്ടായിട്ട് (രണ്ട് ലക്ഷം വർഷങ്ങൾ) വെറും 27 മിനിറ്റ് മാത്രമേ ആയിട്ടുള്ളൂ. അതിൽ ഒരു സെക്കന്റ് പോലും ആയുസ്സില്ലാത്ത നാം സ്പീഷീസിൽ നിന്ന് സ്പീഷീസുകളിലേക്കുള്ള പരിണാമം കണ്മുന്നിൽ കാണണം എന്ന് വാശി പിടിക്കുന്നത് ബാലിശമാണ്. എന്നാല് മ്യൂട്ടേഷനുകളും, അത് പ്രകൃതി നിർധാരണം വഴി സ്വീകരിക്കപ്പെടുന്നതിനും നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും.

പരിണാമം ലക്ഷ്യബോധമുള്ള ഒരു പ്രവർത്തി അല്ല. അത് കൊണ്ട് തന്നെ മനുഷ്യൻ  പരിണമിച്ച് 'ഇന്ന' ജീവി ആയിത്തീരുമോ എന്നൊന്നും പറയുക സാധ്യമല്ല. ആഫ്രിക്കയിൽ ഉത്ഭവിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ചേക്കേറിയ മനുഷ്യനിൽ ത്വക്ക് നിറം, ഉയരം ഉൾപ്പെടെ പല വേരിയേഷനുകളും സംഭവിച്ചതായി കാണാം. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് മനുഷ്യനും, മറ്റേതൊരു ജീവിയേയും പോലെ പരിണാമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിധേയമാണ് എന്നതാണ്. ലാക്ടോസ് ടോളറൻസ് ഒരുദാഹരണം.

മ്യൂട്ടേഷനുകൾ നടന്നു കൊണ്ടേയിരിക്കുന്നു. ചില നിരീക്ഷണളെ കുറിച്ചുള്ള
വിശദാംശങ്ങൾ ഈ വാർത്തകളിൽ വായിക്കാം.

 http://www.bbc.co.uk/news/science-environment-12535647

http://online.wsj.com/article/SB10001424052702303610504577418511907146478.html

http://www.wired.com/wiredscience/2013/02/human-evolution/

http://www.telegraph.co.uk/science/science-news/9236924/Humans-are-still-evolving-scientists-find.html

മറ്റൊരു കാര്യം, പരിണാമത്തിന്റെ തോത് എല്ലാ ജീവികളിലും ഒരു പോലെ അല്ല എന്നതാണു. മില്യൺ കണക്കിനു വർഷങ്ങളായി കാര്യമായ പരിണാമം സംഭവിക്കാത്ത ജീവികളും ഇവിടെ ഉണ്ട്; അതേ സമയം ലെൻസ്കിയുടെ ലാബിൽ ഏതാനും വർഷങ്ങൾ കൊണ്ട് പരിണമിച്ച ബാക്റ്റീരിയകളും ഉണ്ട്. മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നവർക്ക് കണ്മുന്നിൽ പരിണാമം നടക്കുന്നതെങ്ങനെ എന്ന് കൃത്യമായി അറിയാൻ കഴിയും. ആന്റിബയോട്ടിക്കുകളോട് പ്രതിരോധശക്തി നേടുന്ന ബാക്റ്റീരിയകൾ പരിണാമത്തെയാണ് സാധൂകരിക്കുന്നത്. അങ്ങനെ പ്രകൃതിയിലേക്ക് നോക്കിക്കഴിഞ്ഞാൽ പരിണാമത്തിനു ഒരു പാട് ജീവിക്കുന്ന ഉദാഹരണങ്ങൾ കാണാം!

10. പരിണാമം എപ്പോഴും പുരോഗമനപരമാണോ? അതായത് ജീവികൾ കാലം കഴിയുന്തോറും കൂടുതൽ മികച്ച സ്പീഷീസുകൾ ആയി എപ്പോഴും പരിണമിക്കുന്നുണ്ടോ?

അങ്ങനെ ഒരു നിർബന്ധവും ഇല്ല. പരിണാമത്തിന്റെ പ്രധാനപ്പെട്ട മെക്കാനിസമായ പ്രകൃതിനിർധാരണം നിലനിൽപ്പിനും, പ്രത്യുൽപ്പാദനത്തിനും കൂടുതൽ അനുയോജ്യമായ മാറ്റങ്ങളെയാണു പരിപോഷിപ്പിക്കുക എങ്കിലും പരിണാമം എപ്പോഴും പുരോഗമന പരം ആകണം എന്നില്ല. ഇതിനു പല കാരണങ്ങൾ ഉണ്ട്.

ഒന്ന്, "പ്രകൃതി നിർധാരണം എല്ലായ്പ്പോഴും ജീവിവർഗങ്ങളെ അവയുടെ പരിതസ്ഥിതിയിൽ ഏറ്റവും മികച്ച രീതിയിൽ അതിജീവിക്കാൻ തക്ക രീതിയിൽ പരിണമിപ്പിക്കുന്നു" എന്ന തെറ്റിദ്ധാരണ. സത്യത്തിൽ  പ്രകൃതി നിർധാരണത്തിലൂടെ ഏറ്റവും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കഴിയുന്ന ഒരു ജീവിവർഗം അല്ല സർവൈവ് ചെയ്യപ്പെടുന്നത്; മറിച്ച് 'പാസ് മാർക്കു'മായി ഏതെങ്കിലും തരത്തിൽ അതിജീവിക്കാൻ കഴിയുന്ന, ആ വർഗത്തിലെ ഒരു കൂട്ടം ജീവികൾ ആയിരിക്കും. അതിജീവനത്തിനു വേണ്ട ഒന്നിൽ കൂടുതൽ 'ട്രെയിറ്റുകൾ' ആ ജീവികൾക്ക് ഉണ്ടായിരിക്കാം. അതായത്; അതിനു മ്യൂട്ടേഷൻ നടക്കണം എന്ന നിർബന്ധം പോലും ഇല്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു സ്പീഷീസ് നിലനിന്നു പോകുന്നതിനു എവല്യൂഷനറി മാറ്റങ്ങൾ സംഭവിച്ചു കൊള്ളണം എന്ന നിർബന്ധം ഇല്ല. (ചില മോസുകൾ, ഫംഗൈ, ക്രേ ഫിഷ്, ഷാർക്കുകൾ എന്നിവ
ഉദാഹരണം)

രണ്ടാമതായി, അഡാപ്റ്റിവ് മാറ്റങ്ങൾക്ക് (Adaptive
changes) കാരണമാകാത്ത മെക്കാനിസങ്ങളും പരിണാമത്തിലുണ്ട്. ചിലപ്പോഴൊക്കെ മ്യൂട്ടേഷനും, മൈഗ്രേഷനും, ജെനറ്റിക് ഡ്രിഫ്റ്റും ഒക്കെ ഒരു പോപ്പുലേഷനെ അവയുടെ പരിതസ്ഥിതിക്ക് പൊതുവായി യോജിച്ച് പോകാത്ത രീതിയിലും പരിണമിപ്പിക്കാം. ഉദാഹരണത്തിനു സൗത്ത് ആഫ്രിക്കയിലെ ആഫ്രിക്കാനെർ പോപ്പുലേഷനിൽ ഹണ്ടിംഗ്ടൺ രോഗത്തിനു ( http://en.wikipedia.org/wiki/Huntington's_disease ) കാരണമാകുന്ന ജീൻ ഫ്രീക്വൻസി കൂടുതൽ ആയി കാണപ്പെടുന്നു.

അവസാനമായി, 'മികച്ച'' എന്ന വാക്കിനു തന്നെ പരിണാമത്തിൽ വലിയ പ്രസക്തി ഇല്ല. കാലാവസ്ഥ മാറുമ്പോഴോ,  ആവാസവ്യവസ്ഥയിൽ കാര്യമായ മാറ്റം സംഭവിക്കുമ്പോഴോ, അതിലേക്ക് പുതിയ ഒരു മത്സരാർത്ഥി കടന്നു വരുമ്പോഴോ ആർജ്ജിച്ചെടുത്ത 'പുരോഗമിച്ച' ട്രെയിറ്റുകൾ വെച്ച് നിലനിൽക്കുക എന്നത് അസാധ്യമാകും. ഇനി മാറാത്ത ആവാസവ്യവസ്ഥ എടുക്കുകയാണെങ്കിൽ തന്നെ ഈ മികവ് എന്ന് പറയുന്നത് ആരുടെ കാഴ്ചപ്പാടിൽ കാണുന്നു എന്നതിനു അനുസരിച്ചിരിക്കും. ഒരു ചെടിയുടെ കാഴ്ച്ചപ്പാടിൽ മികച്ചത് എന്നത് ഏറ്റവും മികച്ച രീതിയിൽ പ്രകാശസംശ്ലേഷണം നടത്താനുള്ള കഴിവാണെങ്കിൽ, ഒരു ചിലന്തിക്ക് ഏറ്റവും മികച്ച രീതിയിൽ അതിന്റെ വിഷം കടത്തി വിടാനുള്ള കഴിവായിരിക്കും. മനുഷ്യനാകട്ടെ, അവന്റെ ബ്യുദ്ധിശക്തി മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള, യുക്തിപരമായി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും.

അതായത്, പരിണാമം എന്നത് എപ്പോഴും മികച്ചതിലേക്ക് കയറിപ്പോകാനുള്ള, അതിന്റെ അവസാന പടിയിൽ മനുഷ്യൻ ഉള്ള  ഒരു ഏണിപ്പടിയല്ല; മറിച്ച് ലക്ഷക്കണക്കിനു ശാഖോപശാഖകൾ ഉള്ള ഒരു വലിയ മരം ആണു. മനുഷ്യൻ അതിലെ ഒരു ശാഖ മാത്രം.

11. പരിണാമസിദ്ധാന്തം വെറുമൊരു തിയറി മാത്രമാണു. അത് തെളിയിച്ചിട്ടില്ല; തെളിയിക്കാൻ സാധ്യവുമല്ല! ശരിയല്ലേ?

പരിണാമസിദ്ധാന്തം എന്നത് ഒരു ശാസ്ത്രസിദ്ധാന്തം അഥവാ തിയറി തന്നെയാണ്. പരിണാമ സിദ്ധാന്തം മാത്രമല്ല; ഗുരുത്വാകർഷണ സിദ്ധാന്തവും (ന്യൂട്ടൻ), ആപേക്ഷികത സിദ്ധാന്തവും (ഐൻസ്റ്റീൻ), ആറ്റോമിക സിദ്ധാന്തവും, തിയറി ഓഫ് കൺസർവേഷൻ ഓഫ് മാറ്റർ ആൻഡ് എനർജിയും, തെർമോഡൈനാമിക്സ് സിദ്ധാന്തങ്ങളും, ഫലക ചലന സിദ്ധാന്തവും, കയോസ് സിദ്ധാന്തവും, ജേം തിയറിയും, വൈദ്യുത കാന്തിക സിദ്ധാന്തങ്ങളും, എല്ലാം തന്നെ തിയറികൾ ആണ്!

തിയറി എന്ന പദത്തെ കാഷ്വൽ ആയി ഉപയോഗിക്കുമ്പോൾ ഉള്ള അർത്ഥം അല്ല ഒരു ശാസ്ത്രീയ തലത്തിൽ അതിനെ നിർവചിക്കുമ്പോൾ എടുക്കേണ്ടത്. തിയറി എന്താണു, ഹൈപ്പോതിസീസ് എന്താണെന്നൊക്കെ അറിയാൻ ഇതൊന്ന് വായിക്കുക:

http://undsci.berkeley.edu/article/0_0_0/howscienceworks_19

ചോദ്യത്തിന്റെ രണ്ടാമത്തെ ഭാഗത്തിലേക്ക് കടക്കാം. അതിൽ രണ്ട് മുൻവിധികൾ ഉണ്ട്: (1) പരീക്ഷണ ശാലകളിൽ നടത്തപ്പെടുന്ന പരീക്ഷണങ്ങളാൽ ആണു എല്ലാ തിയറികളും പ്രൂവ് ചെയ്യപ്പെടുന്നത്. (2) അങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെ പരിണാമത്തെ പഠിക്കുക സാധ്യമല്ല.

ആദ്യമായി മനസ്സിലാക്കേണ്ടത് പല ശാസ്ത്രീയന്വേഷണങ്ങളും നേരിട്ടുള്ള കണ്ടെത്തലോ, പരീക്ഷണങ്ങളോ അടിസ്ഥാനപ്പെടുത്തിയല്ല. ആസ്ട്രോ ഫിസിസിസ്റ്റുകൾ ഡാർക്ക് മാറ്ററിനെ കണ്ടത് കൊണ്ടല്ല അവയുടെ സാന്നിധ്യം മനസ്സിലാക്കുന്നത്. ജിയോളജിസ്റ്റുകൾ കെ റ്റി എക്സ്റ്റിങ്ഷന്റെ സമയത്ത് ജീവിച്ചിരുന്നത് കൊണ്ടല്ല അത് സംഭവിച്ചു എന്ന മനസ്സിലാക്കിയത്. ആ പഠനങ്ങൾ ഒക്കെ നടന്നത് ഒബ്‌സർവേഷനും, താരതമ്യ പഠനവും പോലെയുള്ള ടൂളുകൾ ഉപയോഗിച്ചാണ്. അത് പോലെ തന്നെ, എവല്യൂഷനറി ബയോളജിസ്റ്റുകളും ആധാരമാക്കുന്നത് പരിണാമം അവശേഷിപ്പിച്ച് പോയ തെളിവുകളെ
അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങളും, ജനിതക പരമായ പഠനങ്ങൾ ഒക്കെയാണ്. അത് കൊണ്ട് തന്നെ ഒരു ദിനോസർ വർഗത്തിന്റെ ലീനിയേജ് ഏതൊക്ക് വഴിക്ക് പോയി എന്നത് പരീക്ഷണശാലയിൽ പരീക്ഷണം നടത്തി കണ്ടെത്തുക എന്നതല്ല പരിണാമത്തെ തെളിയിക്കാനുള്ള രീതി. അതേ സമയം പരിണാമത്തിനു കാരണമാകുന്ന മെക്കാനിസങ്ങളെ നമുക്ക് നേരിട്ട് പഠിക്കാം. ബാക്ടീരിയയെ പോലെ അതിവേഗം പ്രജന്നം നടത്തുന്ന ജീവികളിൽ പരിണാമം സംഭവിക്കുന്നത് നേരിട്ട് പഠിച്ചിട്ടും ഉണ്ട്: http://myxo.css.msu.edu/ecoli/

ഏതൊരു തിയറിയും 'Falsifiable' ആയിരിക്കുക എന്നത് അതിന്റെ ആധികാരികതയ്ക്ക് അത്യന്താപേക്ഷിതമാണ്.   ( http://en.wikipedia.org/wiki/Falsifiability ).
പരിണാമസിദ്ധാന്തം ഫോൾസിഫയബിൾ ആണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഒരു ജീവിയുടെ ഫോസിൽ കാംബ്രിയൻ യുഗത്തിലെ പാറകളിൽ നിന്നോ, തിരിച്ചോ കൊണ്ട് വന്നാൽ മതി. പരിണാമം തെറ്റാണെന്ന് തെളിയിക്കാം! മില്യൺ കണക്കിന് ഫോസിൽ തെളിവുകൾ ലഭിച്ചിട്ടും, പരിണാമസിദ്ധാന്തത്തിന് എതിരായ ഒരു തെളിവ്ല്പോലും ലഭിച്ചിട്ടില്ല എന്നതാണ് സത്യം.

12. കണ്ണുപോലെ സങ്കീർണ്ണമായ അവയവങ്ങൾ Irreducibly Complex ആണ്. അങ്ങനെ ഉള്ള ഒരു അവയവം പരിണാമത്തിലൂടെ രൂപം കൊള്ളുക സാധ്യമല്ല; മറിച്ച് 'ബുദ്ധിപൂർവമായ രൂപപ്പെടുത്തലി'ലൂടെ (Intelligent Design) മാത്രമേ അത് സാധ്യമാകൂ.

ആദ്യമായി Irreducible complexity എന്താണെന്നും, എന്ത് കൊണ്ട് കണ്ണ് ഇറെഡ്യൂസിബ്ലി കോമ്പ്ലക്സ് ആണെന്ന് സൃഷ്ടിവാദികൾ / ഇന്റലിജന്റ് ഡിസൈൻ വാദികൾ പറയുന്നു എന്ന് നോക്കാം.

Irreducible complexity എന്ന പദത്തിന്റെ ഉപജ്ഞാതാവും, ഇന്റലിജന്റ് ഡിസൈൻ വാദിയും ആയ മൈക്കൽ ബെഹെ എന്ത് പറയുന്നു എന്ന് നോക്കാം: Biochemistry professor Michael Behe, the originator of the term irreducible complexity, defines an irreducibly complex system as one "composed of several well-matched, interacting parts that contribute to the basic function, wherein the removal of any one of the parts causes the system to effectively cease functioning"

അതായത്, കണ്ണ് പോലുള്ളൊരു അവയവം വളരെ കോമ്പ്ലക്സ് ആണെന്നും, അതിൽ നിന്ന് ഒരു എലമെന്റ് എങ്കിലും എടുത്ത് മാറ്റിയാൽ 'കാഴ്ച' എന്ന കണ്ണിന്റെ ഏക ഉദ്ദേശ്യം നടക്കില്ല എന്നുമാണ് വാദം. റെഡ്യൂസ് ചെയ്യാൻ പറ്റാത്ത; അഥവാ കുറക്കാൻ പറ്റാത്ത കോമ്പ്ലക്സിറ്റി എന്ന് ചുരുക്കിപ്പറയാം.

കണ്ണിന്റെ കാര്യത്തിൽ ഇതൊരു വസ്തുതാവിരുദ്ധമായ അഭിപ്രായം ആണ്. അജ്ഞതയിൽ നിന്നുള്ള അഭിപ്രായ പ്രകടനം -  Argument from incredulity  ആയി ഇതിനെ കാണാം: (http://en.wikipedia.org/wiki/Argument_from_ignorance )

ഇതിനെ വിശദീകരിക്കാം. തീർച്ചയായും കണ്ണ് എന്ന അവയവം കോമ്പ്ലക്സ് ആണ്. കണ്ണ് മാത്രമല്ല; ശരീരത്തിലെ ഓരോ കോശവും വളരെ കോമ്പ്ലക്സ് തന്നെയാണ്. അതിന്റെ അർഥം അതൊക്കെ ആരെങ്കിലും ഇരുന്ന് ബുദ്ധിപൂർവം ഡിസൈൻ ചെയ്തു എന്നല്ല. കണ്ണ് എന്നതിനെ ലളിതമായി നിർവചിക്കാൻ ശ്രമിക്കാം. പ്രകാശത്തെ സ്വീകരിച്ച് അതിനനുസരിച്ച് സിഗ്നൽ തലച്ചോറിലേക്ക് / ശരീരപ്രവർത്തനങ്ങളെ
നിയന്ത്രിക്കുന്ന ഒരു അവയവത്തിലേക്ക് അയക്കാൻ ശേഷിയുള്ള എന്തിനേയും
കണ്ണിന്റെ Raw രൂപമായി കാണാം. ബെഹെയുടെ അഭിപ്രായ പ്രകാരം ലെൻസും, ഐറിസും, വിട്രിയസും, റെറ്റിനയും, കോർണിയയും, - അല്ലെങ്കിൽ ഇതിലേതെങ്കിലും ഇല്ലാതെ ജീവികൾക്ക് പ്രകാശത്തോട് സംവേദനം നടത്താൻ സാധ്യമല്ല! ഇത് പൂർണമായും തെറ്റാണ്.

പ്രകാശത്തോട് പ്രതികരിക്കുന്ന വെറും ഫോട്ടോ സെല്ലുകൾ മാത്രം കണ്ണിന്റെ സ്ഥാനത്തുള്ള ജീവികൾ മുതൽ മനുഷ്യനേക്കാൾ എത്രയോ മികച്ച കണ്ണുകൾ ഉള്ള ജീവികൾ വരെ ഇന്ന് നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. വെറും ഫോട്ടോ സെല്ലുകൾ ഉള്ള ജീവികളിൽ നിന്ന് അനുക്രമമായ മ്യൂട്ടേഷൻ വഴി കൂടുതൽ മികച്ച കണ്ണുകൾ ഉള്ള ജീവികളിലേക്ക് എങ്ങനെ പരിണാമം സാധ്യമാകും എന്ന് ഉദാഹരണ സഹിതം റിച്ചാർഡ് ഡോക്കിൻസ് ഇവിടെ വിശദീകരിക്കുന്നത്  നോക്കുക:

 http://www.youtube.com/watch?v=mb9_x1wgm7E

ഇതിൽ പറയുന്ന യൂഗ്ലീനയ്ക്ക് കണ്ണിന്റെ സ്ഥാനത്ത് വെറും ചില ഫോട്ടോ സെല്ലുകൾ മാത്രമാണുള്ളത്. പ്രകാശത്തിന്റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും മാത്രം തിരിച്ചറിയാൻ കഴിവുള്ളവ. ലെൻസ് ഇല്ലാത്ത അതിന്റെ സ്ഥാനത്ത് കുഴികൾ മാത്രമുള്ള ജീവികളും നമുക്ക് ചുറ്റും ജീവിക്കുന്നു. അവയ്ക്ക് യൂഗ്ലീനയെ
അപേക്ഷിച്ച് വെളിച്ചത്തിന്റെ ദിശ മനസ്സിലാക്കാൻ കഴിയും. ലെൻസ് ഇല്ലാതെ
ഏകദേശം തെളിച്ചമുള്ള ചിത്രം ലഭിക്കാവുന്ന രീതിയിൽ ഉള്ള പിൻ ഹോൾ ക്യാമറ
കണ്ണുകൾ ഉള്ള ജീവികളും ഉണ്ട് (മൊളസ്ക് നോട്ടിലസ്). അങ്ങനെ അനുക്രമമായി ഉള്ള
പരിണാമം വഴി മനുഷ്യനെ പോലെ ഉള്ള കോമ്പ്ലക്സിറ്റി ഉള്ള കണ്ണുകൾ മാത്രമല്ല;
അതിനേക്കാളും മികച്ച കണ്ണുകളും ഉണ്ടാകാം. ഉദാഹരണം: മാന്റിസ് കൊഞ്ചുകൾ.
ലൈറ്റ് സ്പെക്ട്രത്തിൽ നമുക്ക് കാണാൻ കഴിയാത്ത ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്
പോലെ ഉള്ള രശ്മികൾ അവയ്ക്ക് കാണാൻ കഴിയും എന്ന് മാത്രമല്ല; വസ്തുക്കളുടെ
പോളറൈസ്ഡ് ഇമേജ് പോലും ഇതിനു ലഭിക്കും! കൂടുതൽ ഇവിടെ വായിക്കുക.

http://scubageek.com/articles/mantis_eye.pdf

മാന്റിസ് കൊഞ്ചുകളുടെ കണ്ണുകളുടെ കോമ്പ്ലക്സിറ്റി വെച്ച് നോക്കുമ്പോൾ മനുഷ്യന്റേതൊക്കെ വളരെ ലളിതമായ കണ്ണുകൾ ആണ്.

കണ്ണിന്റെ കാര്യത്തിൽ ഇറെഡ്യൂസിബിൾ കോമ്പ്ലക്സിറ്റി എന്ന് പറയുന്നത് ഒരു മിഥ്യാ
ധാരണയാണ്. പ്രത്യേകിച്ച്, അതീവ ലളിതമായ വെറും ഫോട്ടോ സെല്ലുകൾ ഉള്ള കണ്ണുകൾ ഉള്ള ഏകകോശജീവികൾ മുതൽ പടിപടിയായി ഉയർന്ന ഘടനയുള്ള കണ്ണുകൾ ഉള്ള ജീവികളിലൂടെ ചെന്ന് മാന്റിസ് കൊഞ്ചുകൾ വരെ എത്തി നിൽക്കുന്ന ജീവികൾ നമുക്ക് ചുറ്റും ജീവിക്കുമ്പോൾ. അവയൊക്കെ പൂർണമായും ഫംഗ്‌ഷണൽ ആണെന്ന കാര്യവും ഓർക്കുക.  

പരിണാമം: പതിവ് ചോദ്യങ്ങള്‍

പരിണാമം: പതിവ് ചോദ്യങ്ങള്‍
(ഫ്രീതിങ്കേഴ്സില്‍ നിന്നും ഷെയര്‍ ചെയ്തത്)

1. എന്താണ് പരിണാമം?

ഒരു ജീവി പ്രത്യുല്പ്പാംദനവേളയില്‍ കൈമാറുന്ന ജീനുകളില്‍ മ്യൂട്ടേഷനിലൂടെ മാറ്റങ്ങള്‍ സംഭവിച്ചാല്‍, അതുമായി ബന്ധപ്പെട്ട ചില മാറ്റങ്ങള്‍ അതിന്റെ സന്താനങ്ങളില്‍ ഉണ്ടാകാം. ആ മാറ്റങ്ങള്‍ ആവാസവ്യവസ്ഥക്ക് അനുയോജ്യമല്ലെങ്കില്‍ അത് ജീവിയുടെ നിലനില്പ്പിനെ തന്നെ ബാധിച്ചേക്കാം. 

എന്നാല്‍, ചില ജനിതകമാറ്റങ്ങള്‍ സന്താനങ്ങള്ക്ക്ത അതിന്റെ ആവാസവ്യവസ്ഥയില്‍ കൂടുതല്‍ കാലം ജീവിക്കാനും അതിന്റെതന്നെ കുഞ്ഞുങ്ങളെ ധാരാളം ഉല്പ്പാിദിപ്പിക്കാനും സഹായിക്കും. അങ്ങനെ ആ ജീനുകള്‍ വീണ്ടും തലമുറകള്‍ വഴി കൈമാറ്റം ചെയ്യപ്പെടാം. തന്മൂലം ആവാസവ്യവസ്ഥയില്‍ ഏറ്റവും നന്നായി അതിജീവിക്കാനും സന്താനങ്ങളെ ഉണ്ടാക്കാനും യോജിച്ച ജീവിവര്ഗ്ങ്ങള്‍ പെരുകുന്നു. 

ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ആ ജീനുകളില്‍ വീണ്ടും മാറ്റങ്ങള്‍ സംഭവിക്കാം. ഉദാഹരണത്തിന് നാലുതരം നല്ല മാറ്റങ്ങള്‍ മ്യൂട്ടേഷനിലൂടെ ജീനുകളില്‍ ഉണ്ടായി എന്നിരിക്കട്ടെ. ഇത് നാലുതരം സ്വഭാവ-സവിശേഷത ആദ്യത്തെ ജീവികളില്‍ സൃഷ്ടിക്കാം. ഇതിനര്ഥംത ആദ്യത്തെ ജീവികള്‍ എല്ലാം നശിച്ചുപോയി എന്നല്ല. കാരണം അവയ്ക്കും അവാസവ്യവസ്ഥയില്‍ നന്നായി ജീവിക്കാന്‍ കഴിയുന്നുണ്ടല്ലോ (മ്യൂട്ടേഷനുകള്‍ ഉണ്ടാകുന്നത് ഒരു ജീവിക്ക് ആവാസവ്യവസ്ഥ അനുയോജ്യമല്ലാത്തത് കൊണ്ടല്ല). 

പുതുതായി ഉണ്ടായ നാലുതരം സവിശേഷതകളില്‍ കാലക്രമേണ വീണ്ടുംവീണ്ടും മാറ്റങ്ങള്‍ വന്ന് പുതിയ നാലുതരം ജീവികള്‍ ഉണ്ടായേക്കാം. 

കണ്ടില്ലേ, ഒരു ജീവി ഇപ്പോള്‍ പരിണമിച്ചു നാലുതരം ജീവികളായി, ഒരു മരത്തിന്റെ ശാഖ പോലെ. ഈ ജീവികളില്‍ വീണ്ടും ശാഖകള്‍ ഉണ്ടാകാം. ഇങ്ങനെയാണ് പരിണാമത്തിലൂടെ വിവിധ ജീവികള്‍ ഉണ്ടായത്. 

ഇവിടെ പ്രധാനമായും മനസിലാക്കേണ്ട കാര്യം, ഓരോ തലമുറയിലും ഉണ്ടാകുന്ന മാറ്റം വളരെ ചെറുതായിരിക്കാം. ലക്ഷക്കണക്കിന് വര്ഷാങ്ങള്കൊെണ്ടാണ് ഒരു ജീവിവര്ഗകത്തിന്റെ ആകൃതിയും സ്വഭാവവും മാറി മറ്റൊരു പുതിയ വര്ഗംറ ആകുന്നത്. 

വളരെ സാവധാനത്തില്‍ സംഭവിക്കുന്നതാണെങ്കിലും, പ്രകൃതിക്ക് അനുയോജ്യമല്ലാത്ത ഗുണവിശേഷങ്ങള്‍ ഉള്ള ജീവികള്‍ കാലക്രമേണ നശിച്ചുപോകും. അങ്ങനെയാണ് ജീവികളില്‍ അവയ്ക്ക് ഏറ്റവും യോജിച്ച ആകൃതിയും, അവയവങ്ങളും സ്വഭാവങ്ങളും ഉണ്ടായത്. 

2. പരിണാമം ഒരു തട്ടിപ്പ് ശാസ്ത്രം ആണോ; ഇത് വെറുമൊരു സിദ്ധാന്തം മാത്രമാണോ?

ചാള്സ്ാ ഡാര്വിടന്‍ തന്റെ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, പരിണാമം വിവിധ നിരീക്ഷണങ്ങള്‍ അടിസ്ഥാനമാക്കിയ ഒരു സിദ്ധാന്തം (തിയറി) ആയിരുന്നു. ഡാര്വിാന്‍ തന്റെ സിദ്ധാന്തത്തിലൂടെ പ്രശസ്തനായി, വിവാദങ്ങള്‍ ഉണ്ടായി. 

എന്നാല്‍, അതിനുശേഷം ജനിതകശാസ്ത്രത്തിലും മറ്റുമുണ്ടായ പുരോഗതി ജനങ്ങളില്‍ എത്തിയില്ല. അതുകൊണ്ട് പലരും പരിണാമത്തെ ഇന്നും ഡാര്വിിന്റെ തിയറി മാത്രമായി തെറ്റിദ്ധരിച്ചിരിക്കുന്നു. 

3. പരിണാമത്തിന് തെളിവുണ്ടോ?

ഡാര്വിിന്‍ ആഗ്രഹിച്ചതുപോലെ പരിണാമത്തെ പിന്താങ്ങുന്ന അസംഖ്യം ഫോസില്‍ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. എന്നാല്‍ ഇന്ന് പരിണാമം നിലനില്ക്കുതന്നത് ഫോസില്‍ തെളിവുകളുടെ മാത്രം പിന്ബമലത്താല്‍ അല്ല. മറിച്ച് ജനിതകശാസ്ത്രത്തില്‍ കൈവരിച്ച മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്.

ഫോസില്‍ തെളിവുകള്‍ കിട്ടിയാല്‍ പോലും അത് ജീവികളുടെ ശാരീരിക ഘടനയെപറ്റി മാത്രമുള്ള വിവരങ്ങളേ നല്കുസന്നുള്ളൂ. അവയുടെ ശരീരത്തില്‍ എന്തെല്ലാം വിധത്തിലുള്ള പ്രോട്ടീനുകള്‍ ഉല്പ്പാലദിപ്പിച്ചിരുന്നു എന്നും ജീവികള്ക്‍ുള എന്തെല്ലാം സ്വഭാവഗുണങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ന വിവരവും ഫോസിലുകള്ക്ക്ത തരാന്‍ കഴിയില്ല. ഫോസില്‍ തെളിവുകള്‍ ഇല്ലാതെ തന്നെ വെറും ഡിഎന്എസ ശ്രേണികള്‍ താരതമ്യം ചെയ്തുകൊണ്ട് മാത്രം ജീവികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മനസിലാക്കാവുന്നതാണ്. 

കാലങ്ങളായി നടത്തുന്ന പ്രശസ്തമായ ചില പരീക്ഷണങ്ങള്‍ പരിണാമം ശരിയാണെന്ന് തെളിയിച്ചിട്ടുണ്ട്. റിച്ചാര്ഡ്ധ ലെന്‌്മംകിയുടെ ഇ-കോളി ബാക്റ്റീരിയ പരീക്ഷണവും ( E-Coli bacteria experiments of Rechard Lenski ), റഷ്യയില്‍ നടക്കുന്ന സില്വപര്‍ ഫോക്‌സ് പരീക്ഷണവും ( Silver Fox Experiments ) ആണ് അവ. ലെന്കിlയുടെ പരീക്ഷണം 1988 ലും ഫോക്‌സ് പരീക്ഷണം 1959 ലും തുടങ്ങിയതാണ്. രണ്ടും ഇപ്പോഴും തുടരുന്നു.

നിത്യജീവിതത്തില്‍ ബാക്ടീരിയകളും വൈറസുകളും മരുന്നുകള്ക്കെുതിരെ പ്രധിരോധശക്തി കൈവരിക്കുന്നത് പരിണാമത്തിനു ഉദാഹരണമാണ് 

4. പരിണാമം ശാസ്ത്രലോകം പൂര്ണാമായി അംഗീകരിച്ചിട്ടുണ്ടോ?

തീര്ച്ചായായും. എന്നു മാത്രമല്ല, പ്രശസ്ത സര്വ കലാശാലകളിലെല്ലാം, എന്തിന് മതപരമായ നിയമങ്ങള്‍ നിലനില്ക്കുചന്ന സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സര്വാകലാശാലയില്പോ്ലും പരിണാമത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. 

5. ഏകകോശ ജീവികളില്നിലന്ന് പരിണമിച്ചാണ് വലിയ ജീവികള്‍ ഉണ്ടായതെങ്കില്‍ ഇന്നും ഏകകോശ ജീവികള്‍ ഉണ്ടായിരിക്കുന്നത് എങ്ങനെയാണ്?

ഇതിനുള്ള ഉത്തരം ആദ്യത്തെ ചോദ്യത്തില്‍ ഉണ്ട്. ഒരു ജീവിക്ക് മ്യൂട്ടേഷന്‍ (ജനിതക ഉള്പ്പ രിവര്ത്തതനം) ഉണ്ടായി ആയിരക്കണക്കിന് തലമുറകള്‍ കൊണ്ട് അത് മറ്റൊന്നായി പരിണമിച്ചു എന്നതുകൊണ്ട് ആദ്യത്തെ ജീവി നശിച്ചുപോകണം എന്നില്ല. കാരണം മ്യൂട്ടേഷന്‍ ഉണ്ടാകുന്നത് ആദ്യത്തെ ജീവിക്ക് നിലനില്ക്കാ ന്‍ സാധിക്കത്തതുകൊണ്ടല്ല. 

6. എങ്ങനെയാണ് ഏകകോശ ജീവികള്‍ ഉണ്ടായത്?

ഫോസില്‍ തെളിവുകളോ ജനിതകപരമായ തെളിവുകളോ ഉണ്ടാകാന്‍ പറ്റില്ലാത്തതിനാല്‍, എങ്ങനെയാണ് തന്മാത്രകളില്നി്ന്ന് കോശങ്ങള്‍ ഉണ്ടായത് എന്നകാര്യം ശാസ്ത്രം പൂര്ണതമായും തെളിയിക്കാത്ത കാര്യമാണ്. എന്നാല്‍ ശാസ്ത്രത്തിന് ഇത് തീര്ത്തുംാ അറിവില്ലാത്ത കാര്യവുമല്ല. ഇക്കാര്യത്തില്‍ ചില പ്രധാന നിരീക്ഷണങ്ങള്‍ ശാസ്ത്രം നടത്തിയിട്ടുണ്ട്. 

1953 ല്‍ മില്ലറും ഉറേയും നടത്തിയ പ്രശസ്തമായ പരീക്ഷണം എടുക്കാം. ഭൂമിയുടെ ആരംഭഘട്ടത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട്, ആ അവസ്ഥയില്‍ വിവിധ അമീനോ അസിഡുകളും കോശങ്ങളില്‍ ഉള്ള മറ്റു ഓര്ഗാഥനിക് തന്മാത്രകളും ഉണ്ടാക്കാം എന്ന് ആ പരീക്ഷണം തെളിയിച്ചു. അതുപോലെ ഇന്ത്യന്‍ ശാസ്ത്രഞനായ കൃഷ്ണ ബഹാദൂര്‍ 1963ല്‍ ലളിതമായ കോശത്തിന്റെ പുറംഘടന ഓര്ഗാ നിക് തന്മാത്രകളും ഫാറ്റിഅസിഡുകളും ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുണ്ട്. ലളിതമായ കോശംപോലും ഒറ്റയടിക്ക് ഉണ്ടായതല്ല. ഘട്ടംഘട്ടമായ വികാസത്തിലൂടെ ഉണ്ടായതാണ്.

7. മാലിന്യകൂമ്പാരത്തില്‍ അടിക്കുന്ന കൊടുങ്കാറ്റ് ഒരു ജമ്പോജെറ്റ് വിമാനം രൂപപ്പെടുത്താനുള്ള സാധ്യത പോലെയല്ലേ തന്മാത്രകള്‍ തനിയെ കൂടിച്ചേര്ന്ന് ലളിതമായ കോശം പോലും ഉണ്ടാകാനുള്ള സാധ്യത?

പ്രശസ്ത്ര ശാസ്ത്രഞ്ജനായ ഫ്രെഡ് ഹോയില്‍ ഉന്നയിച്ച ഈ ചോദ്യം ചിന്തിപ്പിക്കുന്നതാണ്. മാലിന്യകൂമ്പാരത്തിലെ കഷണങ്ങള്‍ കൂടിച്ചേരാന്‍ അവ തമ്മില്‍ പ്രത്യേകിച്ച് ആകര്ഷപണവികര്ഷ്ണങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ തന്മാത്രകളുടെ കാര്യം അങ്ങനെയല്ല. രസതന്ത്രനിയമങ്ങള്‍ അനുസരിച്ച് തന്മാത്രകള്‍ തമ്മില്‍ രാസപ്രവര്ത്ത നങ്ങള്‍ നടക്കാം. അങ്ങനെ സങ്കീര്ണച തന്മാത്രകള്‍ ഉണ്ടാകാം. 

8. കോശത്തിനുള്ളിലെ പ്രവര്ത്തകനങ്ങള്‍ മനസിലാക്കിയെങ്കില്‍ എന്തുകൊണ്ട് കൃത്രിമകോശം അല്ലെങ്കില്‍ കൃത്രിമ ജീവന്‍ ശാസ്ത്രത്തിന് ഇതുവരെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല?

കോശങ്ങളിലെ വിവിധ തന്മാത്രകളുടെ പ്രവര്ത്തിനം അതിസങ്കീര്ണ്മാണ്. ഇനിയും ധാരാളം കാര്യങ്ങള്‍ മനസിലാക്കാനുണ്ട്. ജീവന്‍ എന്നാല്‍ ആയിരക്കണക്കിന് രാസപ്രവര്ത്തളനങ്ങള്‍ ക്രമമായി നടക്കുന്ന ഒരു സമതുലനാവസ്ഥയാണ്. ഇത്തരം പ്രവര്ത്ത നങ്ങളെല്ലാം ഇങ്ങനെ നടക്കാന്‍ പാകത്തിന് ഉള്ള സംവിധാനം ലാബില്‍ ഒരുക്കാന്‍ അത്ര എളുപ്പമല്ല. ഇതിനര്ഥം് ഇത് ഒരിക്കലും സാധിക്കില്ല എന്നല്ല. 

9. പരിണാമസിദ്ധാന്തം തെര്മോ ഡൈനാമിക്‌സിന്റെ രണ്ടാംനിയമത്തിനു എതിരാണോ?

ഒരിക്കലുമല്ല. കാരണം പ്രകൃതിനിയമങ്ങള്ക്ക്് എതിരായി പ്രകൃതിയില്‍ ഒന്നും സാധ്യമല്ല. രണ്ടാംനിയമം ശരിക്കും മനസിലാക്കാത്തതാണ് മുകളിലെ ചോദ്യത്തിനു കാരണം. 

തെര്മോ്ഡൈനാമിക്‌സിന്റെ രണ്ടാംനിയമം അനുസരിച്ച് 'എന്ട്രോ പ്പി' എപ്പോഴും വര്ധിഡക്കാനേ പാടുള്ളൂ. എന്നുവെച്ചാല്‍ തന്മാത്രകളും മറ്റും കൂടിച്ചേര്ന്ന്ി ക്രമമായി പ്രവര്ത്തി ക്കുന്ന ഒരു സംവിധാനം (ഒരു വലിയ തന്മാത്ര അല്ലെങ്കില്‍ കോശം) ഉണ്ടാകാന്‍ പാടില്ല എന്നാണ് വാദം. യഥാര്ഥാത്തില്‍, ഊര്ജംം ലഭ്യമാക്കിയാല്‍ എന്ട്രോ പ്പി കുറച്ച് ക്രമമുള്ള ഒരു സംവിധാനം ഉണ്ടാക്കാം. പക്ഷെ അത് ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഊര്ജംം ഉപയോഗിക്കുമ്പോള്‍ മറ്റെവിടെയെങ്കിലും എന്ട്രോ പ്പി രണ്ടാംനിയമം അനുസരിച്ച് കൂടുന്നുണ്ട്. 

മറ്റൊരു വാദം എന്ട്രോ പ്പി ഇങ്ങനെ കുറച്ചു ക്രമമുള്ള സംവിധാനം ഉണ്ടാക്കണമെങ്കില്‍ അതിനൊരു ഉപകരണം വേണം എന്നതാണ്. ഒരു ഫ്രിഡ്ജ് ഐസ് ഉണ്ടാക്കുന്നതുപോലെ. പ്രകൃതിയില്‍ ഈ ഉപകരണം പ്രകൃതിനിയമങ്ങള്‍ തന്നെയാണ്. ഉദാഹരണത്തിന് രാവിലെ ഇലകളില്‍ കാണുന്ന ഐസ് ശല്കടങ്ങളിലെ ക്രമമായ ആകൃതി രണ്ടാംനിയമവും മറ്റു പ്രകൃതിനിയമങ്ങളും അനുസരിച്ച് ജലതന്മാത്രകള്‍ ചേര്ന്ന് തനിയെ ഉണ്ടാക്കപ്പെടുന്നതാണ്. 

10. അന്നും ഇന്നും കുരങ്ങുണ്ടല്ലോ. കുരങ്ങനെന്തേ ഇപ്പോള്‍ പരിണമിക്കാത്തത്?

എല്ലാ ജീവികളിലും ഇപ്പോള്‍ അവക്കുള്ള ആവാസവ്യവസ്ഥക്ക് അനുസരിച്ച് പരിണാമം നടക്കുന്നുണ്ട്. കുറെ വര്ഷവങ്ങള്‍ ആയുര്ദൈ്ര്ഘ്യം ഉള്ള ഒരു ജീവിയില്‍ എന്ത് പരിണാമം ആണ് സംഭവിക്കുന്നത് എന്ന് പറയുക വിഷമകരമാണ്. കാരണം എന്തെങ്കിലും മാറ്റങ്ങള്‍ കാണണമെങ്കില്‍ പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ വര്ഷണങ്ങള്‍ വേണ്ടിവരും. അതുകൊണ്ട് കുറച്ചു മണിക്കൂറുകള്‍ മാത്രം ജീവിക്കുന്ന ബാക്റ്റീരിയയോ വൈറസോ പരിണമിക്കുന്നുണ്ടോ എന്ന് നോക്കുന്നതായിരിക്കും പ്രായോഗികം. റിച്ചാര്ഡ്ു ലെന്‌്ാതകിയുടെ ഇ-കോളി ബാക്റ്റീരിയ പരീക്ഷണത്തെക്കുറിച്ച് വായിക്കുക.

11. ഫോസിലുകളുടെ അല്ലെങ്കില്‍ ജീവികളുടെ ആകൃതി നോക്കിയാണോ ജീവികള്‍ തമ്മിലുള്ള അടുപ്പം നിര്ണജയിക്കുന്നത്?

അല്ല. ജീവികളുടെ ഡിഎന്എട ശ്രേണി താരതമ്യം ചെയ്താണ് പരിണാമപരമായി ഒരു ജീവിക്ക് ഏറ്റവും അടുത്ത് നില്ക്കുാന്ന മറ്റ് ജീവികളെ നിര്ണഒയിക്കുന്നത്. ഉദാഹരണത്തിന് മനുഷ്യന് ഏറ്റവും അടുത്ത് നില്ക്കു ന്ന ജീവി ബോനോബോ ചിമ്പാന്സിദകളാണ്. ഇതിനര്ഥംു. ഈ ചിമ്പാന്സിരകളില്‍ നിന്നാണ് മനുഷ്യന്‍ ഉണ്ടായത് എന്നല്ല. നമ്മള്‍ ഇരുകൂട്ടരും ഉണ്ടായത് മറ്റൊരു പൊതുജീവിയില്‍ നിന്നാണ് എന്നാണ്. 

മനുഷ്യന്റേതടക്കം വിവിധ ജീവികളുടെ ഡിഎന്എ ശ്രേണികള്‍ മുഴുവനായും ഉരുക്കഴിച്ചിട്ടുണ്ട്. ഇതത്ര എളുപ്പമുള്ള കാര്യമല്ല. ലോകത്തെ പല പരീക്ഷണശാലകളുടെ വര്ഷടങ്ങള്‍ നീണ്ട ശ്രമഫലമായാണ് അത് സാധ്യമായത്. മനുഷ്യന്റേതടക്കമുള്ള ഡിഎന്എള സാരം സൗജന്യമായി ഇന്ന് ലഭ്യവുമാണ്. ജീനുകളുടെ ശ്രേണീഘടന ലഭിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്ഫീര്മേ ഷന്‍ (National Center for Biotechnology Information )വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്. 

വിവിധ ജീനുകള്‍ താരതമ്യം ചെയ്യാന്‍ ബേസിക് ലോക്കല്‍ അലൈന്മെiന്റ് സെര്ച്ച് ടൂള്‍ ( Basic Local Alignment Search Tool ) ഉപയോഗിക്കാവുന്നതാണ്. ഈ വെബ്‌സൈറ്റുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നറിയാന്‍ ഈ വീഡിയോ കാണുക. 
http://www.youtube.com/watch?v=OSKwuOccAak

12. മനുഷ്യന് മാത്രം ബുദ്ധിശക്തി എന്തുതരം പരിണാമത്തിലൂടെ ലഭിച്ചു. ലോകം ഒരുപാട് പുരോഗമിച്ചിട്ടും നൂറ്റാണ്ടുകള്ക്ക പ്പുറമുള്ള മൃഗങ്ങളും ഇന്നത്തെ മൃഗങ്ങളും തമ്മില്‍ ഭക്ഷണം തേടുന്നതിലോ, ഇര പിടിക്കുന്നതിലോ ഒന്നും ഒരു മാറ്റവും വരാത്തത് എന്തുകൊണ്ട്. മനുഷ്യന് മാത്രം പരിണാമം നല്കാംന്‍ മാത്രം മനുഷ്യന്‍ എന്ത് കടപ്പാടാണ് പ്രകൃതിയോട് ചെയ്തത്?

ഗോറില്ല പോലെയുള്ള കുരങ്ങുകളിലെ ചില മാറ്റങ്ങള്‍ വഴി ഉണ്ടായ വിവിധ ജീവികളില്‍ ഒരു വര്ഗ ത്തിന് നിവര്ന്നു നില്ക്കാ ന്‍ കഴിഞ്ഞിരുന്നു. പക്ഷെ ആ ജീവികള്ക്ക് മരം കയറാനോ വേഗത്തില്‍ ഓടാനോ കഴിഞ്ഞിരുന്നില്ല. ഇരകളെയും ശത്രുക്കളെയും കടിച്ചുകീറാന്‍ കൂര്ത്തന പല്ലുകളും ഉണ്ടായിരുന്നില്ല. മാത്രമല്ല, കായികശക്തിയിലും ഇവറ്റകള്‍ വളരെ പിറകില്‍ ആയിരുന്നു. ഭക്ഷണത്തിന്റെ ലഭ്യത ഇവയ്ക്ക് കുറവായിരുന്നു. ശത്രുക്കളെ മണത്തറിയാന്‍ അത്ര നല്ല ഘ്രാണശക്തിയോ ഭയങ്കരമായ കേഴ്‌വിശക്തിയോ, രാത്രിയില്‍ കാഴ്ചശക്തിയോ ഈ പാവം ജീവികള്ക്ക്ാ ഉണ്ടായിരുന്നില്ല. വെള്ളത്തില്‍ ഇറങ്ങിയാല്‍ മുങ്ങിച്ചാവും. കാരണം ജനിതകപരമായി നീന്തല്‍ വശമില്ല. തണുപ്പ് നേരിടാന്‍ ദേഹത്ത് രോമങ്ങളും കുറവ്. 

അതിജീവനത്തിന്റെ കാര്യത്തില്‍ രണ്ടുംകെട്ട രീതിയില്‍ പിറന്ന ഈ പാവങ്ങള്‍ അതിജീവിക്കാന്‍ ചില കാര്യങ്ങള്‍ കണ്ടുപിടിച്ചു. ഒന്ന് കൂട്ടമായി നില്ക്കുരക. മറ്റൊന്ന് പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ബുദ്ധി ഉപയോഗിക്കുക. ഇത് രണ്ടും ചെയ്ത ജീവികള്‍ അതിജീവിച്ചു. ഓരോ തലമുറയിലും നേടിയ അറിവുകള്‍ അടുത്തവയിലേക്ക് കൈമാറി. ഏറ്റവും പ്രധാനമായി ബുദ്ധിയുള്ള ജീവികള്‍ അല്ലെങ്കില്‍ ഈ വിധത്തിലുള്ള അതിജീവനത്തിനു സഹായിച്ച മ്യൂട്ടേഷനുകള്‍ ഉണ്ടായവ മാത്രം അതിജീവിച്ചു. അങ്ങനെയാണ് ബുദ്ധിയുള്ളആധുനികമനുഷ്യന്റെ പിറവി.

13. ബുദ്ധി ഉപയോഗിച്ചാണ് മനുഷ്യന്‍ അതിജീവിച്ചതെങ്കില്‍ അതിജീവനത്തില്‍ പരാജയപ്പെടാന്‍ പോകുന്ന മുഴുവന്‍ ജീവികള്ക്കും നിലനില്പ്പി നായുള്ള പോരാട്ടത്തില്‍ ബുദ്ധി കിട്ടേണ്ട ?

മനുഷ്യന്റെ പരിണാമശാഖയില്‍ ഉണ്ടായിരുന്ന ജീവികള്‍ ബുദ്ധി ഉപയോഗിച്ചത് മറ്റു മാര്ഗിങ്ങള്‍ ഇല്ലാത്തതുകൊണ്ടും (മുകളിലെ ചോദ്യവും ഉത്തരവും വായിക്കുക) അവയ്ക്ക് കുരങ്ങന്റെപോലെ കുറച്ചു ബുദ്ധി ഉണ്ടായിരുന്നതുകൊണ്ടുമാണ്. ഇരുകാലില്‍ നടക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഈ ജീവികള്ക്ക് ഒരിക്കലും ആധുനിക മനുഷ്യനായി പരിണമിക്കാന്‍ കഴിയില്ലായിരുന്നു. തീര്ച്ചനയായും അവയ്ക്ക് വംശനാശം സംഭവിച്ചേനെ. 

ബുദ്ധി ഉപയോഗിച്ച് അവര്‍ ചെയ്ത പ്രധാന കാര്യം ആയുധങ്ങള്‍ ഉണ്ടാക്കി ഉപയോഗിച്ചു എന്നതായിരുന്നു. ഇരുകാലില്‍ നില്ക്കാ നും നടക്കാനും ഓടാനും സാധിച്ചതിനാല്‍ ഇരുകൈകളും ഇത്തരം കാര്യങ്ങള്ക്ക്ച അവര്‍ ഉപയോഗിച്ചു. എന്നിട്ടുപോലും ബുദ്ധി കുറഞ്ഞ മനുഷ്യജീവിവര്ഗുങ്ങള്ക്ക്ര വംശനാശം സംഭവിച്ചു.

പിന്നെ എന്തുകൊണ്ടാണ് ബുദ്ധി കുറഞ്ഞ മറ്റു ജീവികള്‍ അതിജീവിക്കുന്നത്? കാരണം അവയ്ക്ക് അവയുടേതായ മറ്റു ഗുണങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന്, കടുവക്ക് ഇരപിടിക്കാനും, ശത്രുക്കളെ നേരിടാനും വലിയ ബുദ്ധിയും ആയുധവും ഒന്നും ആവശ്യമില്ല. അത്രപോലും ബുദ്ധിയില്ലാത്ത പാമ്പിന് ഇര പിടിക്കാന്‍ ഒരൊറ്റ കടി മതി.

ഓരോ ജീവിക്കും അതിജീവനത്തിനായി ഓരോരോ കഴിവുകള്‍ ഉണ്ട്. മനുഷ്യന്റെ കാര്യത്തില്‍ ഇത് ബുദ്ധിയാണ് എന്നുമാത്രം. 

14. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ പരിണമിച്ച സവിശേഷ ജീവി ആണോ?

വേണമെങ്കില്‍ എല്ലാ ജീവികള്ക്കും ഇത് അവകാശപ്പെടാം. മുകളില്‍ സൂചിപ്പിച്ചതുപൊലെ ബുദ്ധി മനുഷ്യനുള്ള ഒരു കഴിവ് മാത്രമാണ്. ഇതിനു പകരം മറ്റു ജീവികള്ക്ക് നല്ല ഘ്രാണശക്തിയോ കാഴ്ച്ചശക്തിയോ ഉണ്ടായിരിക്കും. പ്രകൃതിയില്‍ അവയ്ക്ക് 'രാജകീയമായി' ജീവിക്കാന്‍ ആ കഴിവുകള്‍ മാത്രം മതി. അതുകൊണ്ട് അവയെ സംബന്ധിച്ച് അവ സവിശേഷജീവികള്‍ ആണ്. 

ഒരു ചിമ്പാന്സിിയാണ് ഇതെഴുതുന്നതെങ്കില്‍ പറഞ്ഞേനെ, ഞങ്ങള്‍ ചിമ്പാന്സിനകള്‍ സവിശേഷ ജീവികള്‍ ആണെന്ന്. ഇലയും കായും ഇഷ്ടംപോലെ തിന്നു ബാക്കി സമയം കളിച്ചും പരസ്പരം ചൊറിഞ്ഞും മാന്തിയും കൊടുത്തു സുഖകരമായ ജീവിതം. ഏതാണ്ട് തങ്ങളെപോലെയുള്ള മനുഷ്യജീവികള്‍ ജീവിക്കാന്‍ വേണ്ടി എന്തല്ലാം കോപ്രായങ്ങള്‍ ആണ് കാട്ടിക്കൂട്ടുന്നത്. ഒന്ന് സമാധാനമായിരുന്നു പുറംചൊറിയാന്‍ പോലും സമയമില്ല. തങ്ങളെ പോലെ സവിശേഷജീവികള്‍ അല്ലാത്തതിനാല്‍ ജീവിക്കാന്‍ മനുഷ്യന് ഇങ്ങനെ കഷ്ടപ്പെട്ടേ മതിയാവൂ!

മനുഷ്യന്റെ കൈയിലുള്ള ഐഫോണ്‍ കണ്ടിട്ട് 'മനുഷ്യനെ പോലെ സവിശേഷ ജീവിയായിരുന്നെങ്കില്‍' എന്നൊന്നും ഒരു കുരങ്ങനും ചിന്തിക്കില്ല. മരത്തിനു മുകളില്‍ ചടിക്കയറി വല്ല കായും ഇലയുമൊക്കെ കിട്ടിയാല്‍ കുരങ്ങനു താനൊരു സവിശേഷ ജീവിയാണല്ലോ എന്ന് പറയാനുള്ള സന്തോഷമൊക്കെ ലഭിക്കുന്നുണ്ടാവും. 

15. എന്തുകൊണ്ടാണ് ആണ്‍ ജീവികളില്‍ ഉണ്ടായ അതെ മ്യൂട്ടേഷനുകള്‍ പെണ്‍ ജീവികളിലും ഇത്ര കൃത്യമായി ഉണ്ടായത് ?

നല്ല ചോദ്യം. ആണ്‍ ജീവികളിലും പെണ്‍ ജീവികളിലും ഒരേ മ്യൂട്ടേഷനുകള്‍ അല്ല ഉണ്ടായത്. അതുകൊണ്ട് തന്നെയാണ് അവയുടെ ആകൃതിയിലും സ്വഭാവത്തിലും വ്യത്യാസം. 

ഈ ചോദ്യത്തിന്റെ യഥാര്ഥയ അര്‍ത്ഥം ആണ്‍ പെണ്‍ സവിശേഷതയ്ക്ക് പുറമെയുള്ള കാര്യത്തിലും എന്തുകൊണ്ട് ഒരുതരം മ്യൂട്ടേഷനുകള്‍ ഉണ്ടായി എന്നതാണ്. ഉത്തരം ലളിതം. അവ രണ്ടും ജീവിക്കുന്നത് ഒരേ ആവാസവ്യവസ്ഥയിലാണ്. അതിനേക്കാള്‍ ഉപരി, പരിണാമത്തിനുവേണ്ടി തലമുറകളെ ഉണ്ടാക്കുന്നത് രണ്ടുപേരും ചേര്ന്നാ ണ്. ഒരാള്ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായാല്‍, അവ ചേര്‍ന്നു തലമുറകള്‍ ഉണ്ടാക്കലും അസാധ്യമാകും. അല്ലെങ്കില്‍ അങ്ങനെ വലിയ മാറ്റങ്ങള്‍ ഉണ്ടായവ നിലനില്ക്കി്ല്ല. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരുമിച്ച് കുഞ്ഞുങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ആണിന്റെയും പെണ്ണിന്റെയും ജീനുകള്‍ ഉള്ള കുഞ്ഞുങ്ങളാണ് എപ്പോളും ജനിക്കുക. ഈ കുഞ്ഞുങ്ങള്‍ വളര്ന്ന് വീണ്ടും കുഞ്ഞുങ്ങളെ ഉണ്ടാക്കുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത്. 

ഉദാഹരണത്തിന് ഒരു ആണിന് മ്യൂട്ടേഷനുകള്‍ സംഭവിച്ചു എന്നിരിക്കട്ടെ. മ്യൂട്ടേഷനുകള്‍ വരാത്ത പെണ്ണുമായി പ്രത്യുല്പ്പാദനം നടത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കു ഇരുവരും അവയുടെ ജീനുകള്‍ കൊടുക്കുന്നു. കുഞ്ഞുങ്ങള്‍ ആണോ പെണ്ണോ ആകാം. അങ്ങനെ എപ്പോഴും ആണിന് പെണ്ണും, പെണ്ണിന് ആണും വലിയ മാറ്റങ്ങള്‍ വരാതെ ഉണ്ടായിരിക്കും (ഈ ഉദാഹരണത്തില്‍, മ്യൂട്ടേഷനുകള്‍ വന്ന പുതിയ ആണിന് ഇണചേരാന്‍ പറ്റിയ പെണ്ണില്ലെങ്കില്‍ ആ ആണിന്റെ അന്ത്യത്തോടെ ആ മ്യൂട്ടേഷനുകള്‍ അപ്രത്യക്ഷമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ).

16. പരിണാമം ദൈവവിശ്വാസത്തിനു എതിരാണോ?

പരിണാമം ശാസ്ത്രസത്യമാണ്. അത് ആര്ക്കും എതിരല്ല. ശാസ്ത്രവും ദൈവവിശ്വാസവും വ്യത്യസ്ത രീതിയില്‍ ആണ് പ്രവര്ത്തിലക്കുന്നത്. ശാസ്ത്രം തെളിവുകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ് വിശ്വസിക്കുന്നത്. എന്നാല്‍ മതവിശ്വാസത്തിന് എന്തും എങ്ങനെയും വിശ്വസിക്കാം. അതിനു തെളിവുകളുടെ പിന്ബ്ലം ആവശ്യമില്ല. അതുകൊണ്ടു തന്നെ ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള തര്ക്കം ഒരിക്കലും എവിടെയും എത്തുന്നില്ല. പ്രത്യക്ഷത്തില്‍ ഒരേകാര്യമാണ് തര്‍ക്കിക്കുന്നത് എന്ന് തോന്നുമെങ്കിലും, രണ്ടു വ്യത്യസ്ത കാര്യങ്ങളാണ് ഇരുകൂട്ടരും പറയുന്നത്. അതുകൊണ്ട് വിശ്വാസത്തെ ശാസ്ത്രം കൊണ്ടും ശാസ്ത്രത്തെ വിശ്വാസം കൊണ്ടും മനസിലാക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്.