Tuesday, February 23, 2016

അത്ഭുതക്കാഴ്ചകളൊരുക്കി വെര്‍ച്വല്‍ റിയാലിറ്റി!


അത്ഭുതക്കാഴ്ചകളൊരുക്കി വെര്‍ച്വല്‍ റിയാലിറ്റി!
ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് - അറിയേണ്ടതെല്ലാം...‍




വെര്‍ച്വല്‍ റിയാലിറ്റി എന്നത് കമ്പ്യൂട്ടര്‍ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്വെയറുകളുടെ സഹായത്താല്‍ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അയഥാര്‍ത്ഥലോകമാണ് വെര്‍ച്വല്‍ റിയാലിറ്റി. കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാര്‍ത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്.
.

വെര്‍ച്വല്‍ റിയാലിറ്റി എന്ന പദപ്രയോഗം 1987 മുതല്‍ ഇംഗ്ലീഷ് ഭാഷയില്‍ കാണാമെങ്കിലും മായികലോക പ്രതീതിയുളവാക്കുന്ന തരത്തില്‍ അത ആദ്യമായി ഉപയോഗിക്കുന്നത് ബ്രെയിന്‍സ്റ്റോം, ദി ലോണ്‍മൂവര്‍ മാന്‍ എന്നീ ചലച്ചിത്രങ്ങളിലാണ്. ഹോവാര്‍ഡ് റെയിന്‍ഗോള്‍ഡ് 1990 ല്‍ എഴുതിയ വെര്‍ച്വല്‍ റിയാലിറ്റി എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തോടെ ഗവേഷണം ത്വരിതപ്പെട്ടു.
.
ലോകമെമ്പാടും അതിശയോക്തിപരമായ വേഗത്തില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മുന്നേറുകയാണ്. ഇന്ത്യയില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സിന് കീഴിലുള്ള VELNIC (വെര്‍ച്വല്‍ എന്‍വയോണ്‍മെന്റ് ലബോറട്ടറി ഓഫ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍)-ല്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു.
.
കമ്പ്യൂട്ടര്‍ ഇമേജിംഗ്, ഇന്‍ഫോഗ്രാഫി എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ദൃശ്യ-ശ്രാവ്യമാധ്യമങ്ങള്‍ മനുഷ്യശരീരത്തില്‍ സ്ഥാപിച്ച് ത്രിമാനതലത്തില്‍ അയഥാര്‍ത്ഥലോകത്തിനെ പുന:സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രവര്‍ത്തനതത്വം. കല്പിതയാഥാര്‍ത്ഥ്യങ്ങള്‍ തലയിലെ തൊപ്പിപോലെ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തില്‍ എത്തുന്നു. യഥാര്‍ത്ഥലോകത്തിന് സമാനമായ ലോകത്തിലൂടെ കാഴ്ചക്കാരന്‍ സഞ്ചരിക്കുന്നു.
.
ഇത്രയും വെര്‍ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യയെക്കുറിച്ചാണ്. ഏതു സാങ്കേതികവിദ്യയും ജനപ്രിയമാകുന്നത് അത് കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയും സാര്‍വ്വത്രിക ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുമ്പോഴാണ്. മിക്കപ്പോഴും ആ സാഹചര്യം ഒരുക്കുന്നത് ടെക്നോളജി ഭീമനായ ഗൂഗിളായിരിക്കും. സെര്‍ച്ച് എന്‍ജിനില്‍ത്തുടങ്ങി ക്രോം ബ്രൗസറും,ബ്ലോഗറും, യൂട്യൂബും, ഗൂഗിള്‍ മാപ്സും, ആന്‍ഡ്രോയിഡ് ഒഎസും ജനമനസ്സുകള്‍ കീഴടക്കിക്കഴിഞ്ഞു. ഗൂഗിള്‍ ഗ്ലാസ്സും ഗൂഗിള്‍ കാറും പ്രിയമാകാനിരിക്കുന്നു. ഇതിനിടയില്‍ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഒരു ചെറിയ ഉല്‍പ്പന്നം 2014ല്‍ ഗൂഗിള്‍ അവതരിപ്പിച്ചു. അതായിരുന്നു ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് (Google Cardboard).
.
എന്താണ് ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ്?
---------------------
പേരു പോലെത്തന്നെ ഒരു കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ചുള്ള ലളിതമായ ഒരു ഉപകരണം. രണ്ടു കോണ്‍വെക്സ് ലെന്‍സുകളും രണ്ടു കാന്തങ്ങളും പിന്നൊരു കാര്‍ഡ്ബോര്‍ഡും. 2014ലെ Google I/O കോണ്‍ഫറന്‍സില്‍ ഇത് അവതരിപ്പിച്ചു. 2014ല്‍ ആന്‍ഡ്രോയി‍ഡ് പ്ലാറ്റ്ഫോമിലും അടുത്തവര്‍ഷം ഐഒഎസ് പ്ലാറ്റ്ഫോമിലും ഗൂഗിള്‍ ഈ സംവിധാനം ലഭ്യമാക്കി. ഗൂഗിള്‍ ജീവനക്കാരുടെ ഇഷ്ടമുള്ള പ്രൊജക്ടിനു വേണ്ടിയുള്ള 20% സമയത്തുള്ള (Innovation Time Off) കണ്ടുപിടുത്തമാണ് ഇത്. പാരീസിലെ ഗൂഗിള്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരായ ഡേവിഡ് കോസും ഡാമിയന്‍ ഹെന്‍റ്റിയും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത്. 2016 ജനുവരിയോടെ 5 മില്യണ്‍ കാര്‍ഡ്ബോര്‍ഡ് വ്യൂവറുകള്‍ ജനങ്ങളിലെത്തിയെന്നും ആയിരത്തിലധികം കാര്‍ഡ്ബോര്‍ഡ് അധിഷ്ഠിത അപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കപ്പെട്ടുവെന്നുമാണ് ഒരു ഏകദേശ കണക്ക്.
.
ഗൂഗിള്‍ ഇത്തരം കിറ്റുകള്‍ സപ്ലൈ ചെയ്യുന്നില്ല എന്നു പ്രത്യേകം പറയട്ടെ. മറിച്ച് ആശയം പങ്കുവയ്ക്കുകയും അതിന്‍റെ നിര്‍മ്മാണരീതി പങ്കു വയ്ക്കുകയും ചെയ്യുന്നു. അതായത്, ചെലവു കുറഞ്ഞതും ഏവര്‍ക്കും ലഭ്യവുമായിട്ടുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഗൂഗിള്‍ നല്‍കിയ അളവുകള്‍ പ്രകാരം ആര്‍ക്കും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിര്‍മ്മിക്കാം. 
45mm ഫോക്കല്‍ ലെങ്ത്തുള്ള രണ്ട് ലെന്‍സുകള്‍ (Aspherical Optical Lens), കാര്‍‍ഡ്ബോര്‍ഡ്, രണ്ട് ചെറിയ കാന്തങ്ങള്‍,ഒട്ടിക്കാന്‍ ടേപ്പ്, യോജിപ്പിച്ച് നിര്‍ത്താന്‍ സ്ക്രൂവോ, ഹുക്കോ എന്തെങ്കിലും, റബ്ബര്‍ ബാന്‍ഡ് എന്നിവയാണ് സ്വന്തമായി നിര്‍മ്മിക്കാനുദ്ദേശിക്കുന്നവര്‍ തേടേണ്ടത്.
.
ഗൂഗിള്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള അളവുകള്‍ക്കനുസൃതമായി കിറ്റായും റെഡി-ടു-യൂസ് ആയും വിവിധ കമ്പനികള്‍ ഗൂഗിള്‍ കാര്‍‍ഡ്ബോര്‍ഡ് വ്യൂവര്‍ വില്‍പ്പനക്ക് വച്ചിട്ടുണ്ട്. 100 രൂപ മുതല്‍ 15000 രൂപവരെ വില വരുന്ന വ്യൂവറുകളുണ്ട്. ഇതിലെ വമ്പന്‍മാരാണ് ഒക്കുലസ് വിആറും സോണിയും സാംസങും എച്ച് ടി സിയുമൊക്കെ.
.
ഹോ! വിലകേട്ട് മുഖം ചുളിക്കാന്‍ വരട്ടെ, 1000 രൂപയില്‍ താഴെ തന്നെ മികച്ച ദൃശ്യാനുഭവം നല്‍കുന്ന പേപ്പറിലും പ്ലാസ്റ്റിക്കിലും നിര്‍മ്മിച്ച കാര്‍ഡ്ബോര്‍ഡ് വ്യൂവറുകളുണ്ട്.
.
പേപ്പറോ പ്ലാസ്റ്റിക്കോ ആകട്ടെ, ഈ വ്യൂവറില്‍ നിശ്ചിത സ്ഥലത്ത് സ്മാര്‍ട് ഫോണ്‍ വയ്ക്കുന്നു. ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് അപ്ലിക്കേഷനുകള്‍ മൊബൈല്‍ സ്ക്രീനില്‍ രണ്ടു ഭാഗങ്ങളായി ദൃശ്യം കാണിക്കുവാന്‍ ഉതകുന്നതാണ്. ഈ ഉപകരണം കണ്ണട പോലെ ധരിക്കുമ്പോള്‍ അതിലെ ലെന്‍സുകളിലൂടെ ഈ രണ്ടു ചിത്രങ്ങള്‍ കാണുകയും അതുവഴി സ്റ്റീരിയോസ്കോപ്പിക് / 3D അനുഭവം ലഭിക്കുകയും ചെയ്യുന്നു. 3D, 360°, 180° വീഡിയോകളും വിവിധ അപ്ലിക്കേഷനുകളും ഗെയിമുകളും ഇതിലൂടെ കാണാം.
.
സജ്ജീകരണങ്ങള്‍:-
------------
> 6 ഇഞ്ച് വരെയുള്ള സ്ക്രീന്‍ വലുപ്പമുള്ള സ്മാര്‍ട് ഫോണുകള്‍ ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് സ്പ്പോര്‍ട്ട് ചെയ്യും.
.
> Gyroscope, Accelerometer, Compass സെന്‍സറുള്ള ഫോണുകള്‍ ആണ് കൂടുതല്‍ നല്ലത്. തല തിരിക്കുന്നതനുസരിച്ച് ദൃശ്യങ്ങള്‍ സജ്ജീകരിക്കുന്നതിന് Gyroscope സെന്‍സര്‍ ആവശ്യമാണ് (eg: 360°,180° Video). ചലനദിശ കണ്ടെത്തുന്നതിന് Accelerometer സെന്‍സര്‍ ആവശ്യമാണ്. മാഗ്നെറ്റിക് ട്രിഗര്‍ ബട്ടണ്‍ ഉപയോഗിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് Compass/Magnetometer ഉള്ള ഫോണ്‍ ആവശ്യമാണ്. (നിങ്ങളുടെ ഫോണില്‍ ഈ സെന്‍സറുകള്‍ ഉണ്ടോ എന്നറിയുന്നതിന് ഈ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താം. https://goo.gl/QXxfbs)
.
> Amazon, eBay പോലുള്ള ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ നിന്നും വിലകൊടുത്ത് വാങ്ങുകയോ സ്വയം നിര്‍മ്മിക്കുകയോ ആകാം.
Amazon India Search link - http://goo.gl/einumw
eBay India Search link - http://goo.gl/UEYajk
വലിയ വിലയുള്ളത് കൂടുതല്‍ നല്ലതായിരിക്കും എന്നൊരഭിപ്രായം എനിക്കില്ല.
ഞാന്‍ ഉപയോഗിക്കുന്നത് താഴെ കൊടുത്തിട്ടുള്ള VR Viewer ആണ്.
AuraVR Virtual Reality Plastic Headset (Rs.650):- Amazon India -http://goo.gl/0GqJYk eBay India - http://goo.gl/jHpJHw
ഇതിനേക്കാള്‍ മികച്ചതാകുമെന്ന് കരുതി 2000 രൂപയോളം മുടക്കി എന്‍റെ ഒരു സുഹൃത്ത് വാങ്ങിയ വ്യൂവറിലെ കാഴ്ച ഇതിനോളം നന്നായിരുന്നില്ല.
.
> ഗൂഗിളിന്‍റെ Cardboard അപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രാഥമിക കാര്യങ്ങള്‍ പഠിക്കുക. https://goo.gl/lJxLQB
.
> നിരവധി കാര്‍ഡ്ബോര്‍ഡ് സിമുലേഷന്‍ അപ്ലിക്കേഷനുകളും വെര്‍ച്വല്‍ ടൂറുകളും ഗെയിമുകളും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. പരീക്ഷിച്ചറിയുക.
.
> വീഡിയോ സാങ്കേതികതയിലെ നൂതന സങ്കേതമാണ് 360°, 180° വീഡിയോകള്‍. ഗൂഗിളിന്‍റെ യൂട്യൂബില്‍ 360°വീഡിയോകള്‍ക്ക് മാത്രമായി ഒരു സെക്ഷന്‍ തന്നെയുണ്ട്. ശൂന്യാകാശത്ത് പോയി ഭൂമിയെ കാണണോ?, നിങ്ങളെ നടുക്കു നിര്‍ത്തി നാലു വശത്തു നിന്നും ഡാന്‍സ് ചെയ്യുന്ന സുന്ദരികളെ കാണണോ?, മുറിയിലൊറ്റക്ക് നില്‍ക്കുമ്പോള്‍ പിന്നിലൂടേയും മുന്നിലൂടേയും വന്ന് പേടിപ്പിക്കുന്ന ഭീകരരൂപികളെ കാണണോ? എല്ലാം യൂട്യൂബിലുണ്ട്.https://goo.gl/wZsm9K
.
> പോണ്‍ വീഡിയോ വ്യവസായത്തിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. അമേരിക്കയിലെ പ്രമുഖ പോണ്‍ വീഡിയോ സൈറ്റായ നോട്ടി അമേരിക്ക 180°യില്‍ വീഡിയോകള്‍ തയ്യാറാക്കിയിട്ടുണ്ട്.
.
> 3D, 360°, 180°ഏതു തരത്തിലുള്ള വീഡിയോകളും കാര്‍ഡ്ബോര്‍ഡ് വ്യൂവറിലൂടെ കാണുന്നതിനായി ഉപയോഗിക്കുന്ന മികച്ച വീഡിയോ പ്ലേയറാണ് AAA VR Cinema. https://goo.gl/L1E7Zh
.
> ഈ 3D Sample Video ഡൗണ്‍ലോഡ് ചെയ്ത് കണ്ടു നോക്കൂ.‍http://1drv.ms/1LCNKej
.
> ഇതൊക്കെ കണ്ണിന് കേടാണോ? ഇതു സംബന്ധിച്ച ചര്‍ച്ചകളും പഠനങ്ങളും ഈ ലിങ്കുകളില്‍ നിന്ന് കിട്ടും. http://goo.gl/I0NjtQ
.
.
.
കൂടുതല്‍ അറിയാന്‍:-
-------------
ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് ഔദ്യോഗിക പേജ് 

ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് വിക്കിപീഡിയ പേജ്
.
[റഫറന്‍സ്:- ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് ഔദ്യോഗിക പേജ്, വിക്കിപീഡിയ]
[ചിത്രങ്ങള്‍ക്ക് കടപ്പാട്:- വിക്കിമീഡിയ, ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് ഔദ്യോഗിക പേജ്]

No comments:

Post a Comment