Wednesday, April 13, 2016

വിഷുവും കൊന്നയും പിന്നെ കുറച്ചു ശാസ്ത്രവും...

വിഷുവും കൊന്നയും പിന്നെ കുറച്ചു ശാസ്ത്രവും...
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*

 
കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. സ്വന്തമായി മണ്ണില്‍ അധ്വാനിച്ചുണ്ടാക്കിയ വിഭവങ്ങള്‍ കണിയായി വച്ചു കൊണ്ടാണ് മലയാളികള്‍ പുതുവര്‍ഷത്തെ വരവേറ്റിരുന്നത്. ഇന്നാണേല്‍ കണിക്കൊന്ന പോലും വിപണിയില്‍ നിന്നും വാങ്ങി, വിഷം മുക്കിയ മറുനാടന്‍ പച്ചക്കറികളുമായി, ശിവകാശി പടക്കങ്ങളുമായി മലയാളി വിഷു കൊണ്ടാടുന്നു. കാര്‍ഷിക സംസ്കാരം പിന്തുടര്‍ന്ന മലയാള നാടിന്റെ ഉത്സവം എന്നതില്‍ കവിഞ്ഞ് എന്താണ് വിഷുവിന്റെ പ്രത്യേകത? എന്തു കൊണ്ടാണ് നാം കൊണ്ടാടുന്ന വിഷുവിന് (ഏപ്രില്‍ 14) ഒരു മാസം മുമ്പേ കണിക്കൊന്ന പൂവണിഞ്ഞത്? നാം നാളെ കൊണ്ടാടുന്ന വിഷു സത്യത്തില്‍ കഴിഞ്ഞ മാസം 20 ന് പിന്നിട്ടതായിരുന്നു! എന്താണ് വിഷു എന്നും വിഷുവങ്ങളെന്നും മനസ്സിലാക്കാന്‍ ഒരു കുറിപ്പ്.
.
വിഷുവം
*_*_*_*_*_*
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ്‌ വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നും സെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ക്രാന്തിവൃത്തവും (Ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (Celestial Equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് ‍ വിഷുവങ്ങൾ എന്ന്‌ പറയുന്നത്‌. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 25 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.
.
സൂര്യൻ ഒരു വർഷത്തിൽ ഇപ്രകാരം പരമാവധി വടക്കോട്ട് ഉത്തരായനരേഖ വരെയും തെക്കോട്ട് ദക്ഷിണായനരേഖ വരെയും നീങ്ങുന്നതായി അനുഭവപ്പെടുന്നു. ഈ മാറ്റത്തിനിടയിൽ രണ്ട് പ്രാവശ്യം സൂര്യൻ ഭൂമധ്യരേഖയെ കടക്കുന്നു ദിവസങ്ങളെ വിഷുവങ്ങളെന്നു വിളിക്കുന്നു. ഈ ദിവസങ്ങളിൽ പകലും രാത്രിയും തുല്യമായിരിക്കുന്നതിനാൽ ഇവയെ സമരാത്ര ദിവസങ്ങളെന്നും വിളിക്കുന്നു. സൂര്യൻ അതിന്റെ സഞ്ചാരമധ്യേ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ച്‌ കടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്ന ബിന്ദുവിനെ മേഷാദി അഥവാ മഹാവിഷുവം (Vernal Equinox) എന്ന് വിളിക്കുന്നു. അതേ പോലെ സൂര്യൻ വടക്ക്‌ നിന്ന്‌ തെക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ചു കിടക്കുന്ന ബിന്ദുവിനെ തുലാദി, തുലാവിഷുവം അഥവാ അപരവിഷുവം (Autumnal Equinox) എന്ന്‌ വിളിക്കുന്നു. മഹാവിഷുവം മാർച്ച്‌ 20-നും അപരവിഷുവം സെപ്റ്റംബർ 23-നും ആണ്‌ സംഭവിക്കുന്നത്‌.
.
വിഷുവങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*
പണ്ട്‌ (ഏതാണ്ട്‌ 1000 വർഷങ്ങൾക്ക്‌ മുൻപ്‌) മേഷാദി മേടമാസത്തിലായിരുന്നു. സൂര്യൻ മേഷാദിയിൽ വരുന്ന ദിവസം ആയിരുന്നു കേരളത്തിൽ വിഷുവായി ആഘോഷിച്ചിരുന്നത്‌. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം നിമിത്തം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നാല്‍ ഇപ്പോഴും വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ തന്നെയാണ്‌. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌. വർഷാരംഭമായി വിഷു കേരളത്തിൽ ആചരിച്ചു വരുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. കണിക്കൊന്നക്ക് പ്രകൃതിയുടെ കലണ്ടര്‍ കൃത്യമായറിയാം. അതു കൊണ്ട് അത് മാര്‍ച്ച് 20-21 ഓടുകൂടി പൂത്തുലയുന്നു. മനുഷ്യര്‍ക്ക് കലണ്ടറും വിശേഷദിനങ്ങളും മാറ്റാന്‍ മടിയാണ്. എന്നിട്ട് കുറ്റമോ "നേരത്തെ പൂവിട്ട" കൊന്നക്കും!
.
 

 

കമ്പോളവത്കരിക്കപ്പെട്ട ആഘോഷങ്ങള്‍ക്കിടയില്‍ വിഷമില്ലാത്ത പ്രകൃതിവിഭവങ്ങളുമായാകട്ടെ നിങ്ങളുടെ എല്ലാവരുടേയും വിഷു. ദൈവവും മതവിശ്വാസങ്ങളും ​എല്ലാംകൂടി വെടിമരുന്നുകൊണ്ട് കൊന്നതും മുറിവേല്‍പ്പിച്ചതുമായ സഹജീവികളെ ഓര്‍ത്തു കൊണ്ട്, നാം ഏവരുടേയും വിഷു കരിമരുന്ന് പുരളാത്തതായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.
.
കൂടുതല്‍ വായനക്ക്,
https://ml.wikipedia.org/wiki/Vishu
https://ml.wikipedia.org/wiki/Equinox
https://en.wikipedia.org/wiki/March_equinox

No comments:

Post a Comment