Wednesday, July 10, 2019

കുറഞ്ഞ വിലയ്ക്ക് ഒരു എഫ്.എം റേഡിയോ

ചെലവ് കുറച്ച് ഒരു എഫ്.എം റേഡിയോ നിര്‍മ്മിക്കാം. ഇലക്ട്രോണിക്സിലുള്ള ബാലപാഠങ്ങളും ഇതോടൊപ്പം പഠിക്കുകയുമാകാം.

ആവശ്യമായ സാധനങ്ങള്‍
---------------------------
1. എഫ്.എം സര്‍ക്യൂട്ട്

300 രൂപയില്‍ താഴെ വില വരുന്ന ഒരു ചെറിയ എഫ്.എം സര്‍ക്യൂട്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. 5V ഡി.സി വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്ന ഇത് യു.എസ്.ബി ചാര്‍ജ്ജില്‍ പ്രവര്‍ത്തിക്കും. മൊബൈല്‍ ചാര്‍ജ്ജര്‍, പവര്‍ബാങ്ക് എന്നിവ ഇതിനായി ഉപയോഗിക്കാം.

GJ Bluetooth FM USB AUX Card MP3 Stereo Audio Player Decoder Module Kit with Remote for Audio Amplifier DIY

റിമോട്ട് കണ്‍ട്രോളിംഗ് ഉള്ള ഇത്തരത്തിലുള്ള പല വില വരുന്നവ ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും ലഭ്യമാണ്.

ഇനി സര്‍ക്യൂട്ട് പരിചയപ്പെടാം.


 




5V നായി + - വയറുകള്‍ കാണാം. ഒരു പഴയ യു.എസ്.ബി ചാര്‍ജ്ജര്‍ കേബിള്‍ മുറിച്ചെടുത്ത് ഇതിലേക്ക് യോജിപ്പിക്കുക. ചുവപ്പ് +ve ഉം, കറുപ്പ്/വെള്ള -ve ഉം ആണ്.
ഓഡിയോ ഔട്ട്പുട്ട് മൂന്ന് പോയിന്റുകളാണ്. Ground, Left Audio, Right Audio എന്നിവ. ഇവ ഇയര്‍ഫോണിലേക്ക് ഘടിപ്പിച്ചാല്‍ ആംപ്ലിഫയര്‍ ഇല്ലാതെ തന്നെ റേഡിയോ കേള്‍ക്കാവുന്നതാണ്.

2. ഓഡിയോ ആംപ്ലിഫയര്‍

സ്പീക്കര്‍ കയ്യിലുണ്ടെങ്കില്‍ ചെലവു കുറഞ്ഞ ആംപ്ലിഫയര്‍ സര്‍ക്യൂട്ടുകള്‍ ലഭ്യമാണ്. മറിച്ച് കമ്പ്യൂട്ടറുകളിലെ ഉപയോഗത്തിനായുള്ള 5V യു.എസ്.ബി പവറില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ സ്പീക്കര്‍, റേഡിയോക്ക് ആംപ്ലിഫയര്‍ ആയി ഉപയോഗിക്കാം.




Terabyte Mini USB2.0 Speaker

iBall Decor 9-2.0 Computer Multimedia Speakers


Sound King 2 Channels 3W Pam8403 Class D Audio Amplifier Board 5V Usb Power 



ഇവയുടെ പവര്‍ മൊബൈല്‍ ചാര്‍ജ്ജറില്‍ കൊടുക്കുക. കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യുന്നതിന് 3.5mm സ്റ്റീരിയോ പിന്‍ ആണ് അവയിലുണ്ടാകുക. അതിലെ വയര്‍ മുറിച്ചാല്‍ Ground, Left Audio, Right Audio Input കാണാം. അവ റേഡിയോ സര്‍ക്യൂട്ടുമായി യോജിപ്പിക്കുക.
അതോടെ എഫ്.​​​എം സര്‍ക്യൂട്ടിലെ കുറഞ്ഞ ശബ്ദം വ്യക്തമായി സ്പീക്കറുകളിലൂടെ കേള്‍ക്കാനാകും.

3. എഫ്.എം ആന്റിന

എഫ്.എം റേഡിയോ സര്‍ക്യൂട്ടില്‍ ആന്റിന കണക്ട് ചെയ്യാനൊരു പോയിന്റുണ്ട്. അതില്‍ നിന്നും ഒരു മീറ്റര്‍ നീളമുള്ള ഒരു ചെറിയ അലുമിനിയം പൈപ്പിലേക്ക് ബന്ധിപ്പിച്ചാല്‍ മികച്ച ആന്റിനയാകും.

സാധാരണ 10 കിലോവാട്ട് വരെയുള്ള എഫ്.എം നിലയങ്ങളുടെ പ്രക്ഷേപണ പരിധി 50-60 കിലോമീറ്ററാണ്. റേഡിയോ ട്രാന്‍സ്മിറ്ററിന്റെ സ്ഥലത്തിന്റെ ഉയരത്തിനനുസരിച്ച് ഈ പരിധിക്ക് അന്തരമുണ്ടാകാം.

നമ്മുടെ റേഡിയോയില്‍ ദൂരെയുള്ള സ്റ്റേഷനുകള്‍ വ്യക്തമായി കിട്ടുന്നതിന് റേഡിയോ ആന്റിന വീടിനു പുറത്തേക്ക് വയ്ക്കുകയോ ഉയര്‍ത്തി വയ്ക്കുകയോ ആകാം. അതിനായി ഒരു പി.വി.സി പൈപ്പ് ഉപയോഗിക്കാം. മുകളിലായി ആന്റിന സ്ക്രൂ ചെയ്തു നിര്‍ത്തുക. റേഡിയോ സര്‍ക്യൂട്ട് പുറത്ത് വയ്ക്കണമെങ്കില്‍ 4 വയറുകള്‍ ഉപയോഗിച്ച് നീളം കൂട്ടാവുന്നതാണ്. അത്തരത്തില്‍ വയ്ക്കുമ്പോള്‍ സര്‍ക്യൂട്ട് വെള്ളം നനയാതെ ശ്രദ്ധിക്കേണ്ടതാണ്. അമുല്‍ മില്‍ക്ക് മേറ്റ് പോലുള്ളവയുടെ ഒഴിഞ്ഞ അലുമിനിയം പായ്ക്കിനുള്ളില്‍ സര്‍ക്യൂട്ട് വച്ചാല്‍ മഴയും വെയിലും പ്രശ്നമില്ല.
ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ള ഒരു റേഡിയോ വഴി, 200 കിലോമീറ്റര്‍ പരിധി അപ്പുറത്തുള്ള എഫ്.എം സ്റ്റേഷനുകള്‍ വരെ കേള്‍ക്കാനാകും. റേഡിയോയും ആന്റിനയും പുറത്തു വയ്ക്കുമ്പോഴാണ് വളരെയധികം സ്റ്റേഷനുകള്‍ ട്യൂണ്‍ ചെയ്യുവാന്‍ സാധിക്കുക.

മലപ്പുറം ജില്ലയില്‍ പൂക്കോട്ടൂരുള്ള എനിക്ക് ഇത്തരത്തില്‍ ലഭ്യമായിട്ടുള്ള സ്റ്റേഷനുകളുടെ ലിസ്റ്റ് താഴെക്കാണാം.

90.4 റേഡിയോ മാറ്റൊലി, വയനാട്    Low
91.1 റേഡിയോ സിറ്റി ബംഗളൂരു    Low
91.9 റേഡിയോ മാംഗോ, കോഴിക്കോട്    Excellent
92.7 റേഡിയോ മിര്‍ച്ചി, കോഴിക്കോട്    Excellent
93.5 റെഡ് എഫ്.എം, കോഴിക്കോട്        Excellent
94.3 ക്ലബ്ബ് എഫ്.എം, കണ്ണൂര്‍    Clear
100.3 ആകാശവാണി, മംഗളൂരു, കര്‍ണ്ണാടക    Low
100.5 ആകാശവാണി കൊടൈക്കനാല്‍, തമിഴ് നാട് Low
101.5 ആകാശവാണി കണ്ണൂര്‍ Clear
101.8 ആകാശവാണി ഊട്ടി Clear
102.3 ആകാശവാണി കൊച്ചി Low
102.7 ആകാശവാണി മഞ്ചേരി Excellent
103.1 ആകാശവാണി മഡിക്കേരി, കര്‍ണ്ണാടക Clear
103.3 ആകാശവാണി മധുരൈ, തമിഴ് നാട് Low
103.6 ആകാശവാണി റിയല്‍ എഫ്.എം കോഴിക്കോട് Excellent
104.0 റേഡിയോ മിര്‍ച്ചി, കൊച്ചി Low
104.8 ക്ലബ്ബ് എഫ്.എം, കോഴിക്കോട് Excellent
107.5 ആകാശവാണി കൊച്ചി എഫ്.എം റെയിന്‍ബോ Low

അപ്പോള്‍ ഇതൊന്നു പരീക്ഷിക്കുകയല്ലേ?
ബ്രിജേഷ് പൂക്കോട്ടൂര്‍
9961257788, Telegram @brijeshep

https://telegra.ph/Low-Cost-FM-Radio-07-10

Tuesday, February 5, 2019

Sync folder & files between two Android devices over Wifi

ഒരേ വൈഫൈ കണക്ഷനിലുള്ള രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍ തമ്മില്‍ ഫയലുകള്‍ സിങ്ക് ചെയ്യുന്ന വിധം
----------------------------
Step-1
--------
ഏതു മൊബൈലിലാണോ ഡാറ്റ സേവ് ചെയ്യാനുദ്ദേശിക്കുന്നത് അതില്‍ FTP Server ഇന്‍സ്റ്റാള്‍ ചെയ്യുക.


FTPServer

വൈഫൈയില്‍ കണക്ട് ചെയ്ത ശേഷം സെര്‍വ്വര്‍ സെറ്റ് ചെയ്യുക.

FTPServer >> Preferences >>
1. User: FTP യൂസര്‍നേം സെറ്റ് ചെയ്യുക
2. Pass: പാസ് വേഡ് സെറ്റ് ചെയ്യുക
3. Port: പോര്‍ട്ട് നമ്പര്‍ സെറ്റ് ചെയ്യുക
4. TEST ചെയ്യുക.

തുടര്‍ന്ന് FTP Server Start ചെയ്യുക. FTP Server address കുറിച്ചു വയ്ക്കുക. ഉദാ: ftp://192.168.31.226:1100
ഇതോടെ ഒന്നാമത്തെ മൊബൈലില്‍ ചെയ്യാനുള്ളത് പൂര്‍ത്തിയായി.







Step-2
--------
രണ്ടാമത്തെ മൊബൈലില്‍ ക്ളൈന്‍റ് ആണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.

FolderSync

ഫോള്‍ഡര്‍സിങ്ക് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം തുറക്കുക.
ക്രമീകരണങ്ങളില്‍ Accounts >> Add Account (+) Button >> FTP എടുക്കുക.
Unique Name, Server address, Login name, Password എന്നിവ നല്‍കി സേവ് ചെയ്യുക.
ഉദാ: Server address: ftp://192.168.31.226:1100

ക്രമീകരണങ്ങളില്‍ Folderpairs >> Add Folderpair (+) Button എടുക്കുക
Unique name, Account: ftp, Sync Type, Remote folder, Local folder തുടങ്ങിയവ തിരഞ്ഞെടുക്കുക.
നിശ്ചിത സമയത്ത് ഷെഡ്യൂള്‍ ചെയ്യുക. സേവ് ചെയ്യുക.



 


 



ഇപ്പോള്‍ നിങ്ങളുടെ മൊബൈലുകള്‍ സിങ്ക് ആയിക്കഴിഞ്ഞു. നിശ്ചിത ഫോള്‍ഡറിലെ ഫയലുകള്‍ ഇടവേളകളില്‍ കൈമാറുന്നതായി കാണാം. കൈമാറിയ ഫയലുകള്‍ പ്രവര്‍ത്തന ശേഷം, ഒരു ഡിവൈസില്‍ നിന്നും നീക്കം ചെയ്യാനും ഓപ്ഷനുണ്ട്.

----
ബ്രിജേഷ് പൂക്കോട്ടൂര്‍
ടെലിഗ്രാം @brijeshep

Wednesday, February 8, 2017

പാസ്സഞ്ചേഴ്‌സ് (2016) - ശാസ്ത്രകല്‍പിത സിനിമ - റിവ്യൂ

പാസ്സഞ്ചേഴ്‌സ് (2016) - ശാസ്ത്രകല്‍പിത സിനിമ - റിവ്യൂ




അന്യഗ്രഹത്തിലേക്കുള്ള മനുഷ്യന്റെ യാത്ര ഇതിവൃത്തമാകുന്ന മറ്റൊരു ചിത്രം കൂടി. 2016ല്‍ പുറത്തിറങ്ങിയ ഒരു ശാസ്ത്രകല്‍പ്പിത സിനിമയാണ് പാസ്സഞ്ചേഴ്‌സ് (Passengers). ജോന്‍ സ്‌പൈറ്റ്‌സിന്റെ തിരക്കഥയില്‍ മോര്‍ട്ടെന്‍ ടൈല്‍ഡം സംവിധാനം ചെയ്ത ഈ ചിത്രം കൊളംബിയ പിക്‌ചേഴ്‌സ് ആണ് പ്രദര്‍ശനത്തിനെത്തിച്ചത്.
.
5000 മനുഷ്യരുമായി ഹോംസ്‌റ്റെഡ്-II എന്ന ഭൂസമാന ഗ്രഹത്തിലേക്കുള്ള 120 വര്‍ഷത്തെ നീണ്ട യാത്രയിലാണ് അവ്‌ലോണ്‍ എന്ന സ്റ്റാര്‍ഷിപ്പ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കുറച്ച് ഒരുതരം നിദ്രാവസ്ഥയില്‍ കഴിയാന്‍ സാധിക്കുന്ന ഹൈബര്‍ഷേഷന്‍ പോഡുകളിലാണ് യാത്രക്കാരും പേടകത്തിലെ അംഗങ്ങളും. ഒരു ഛിന്നഗ്രഹ ബെല്‍ട്ടിലൂടെയുള്ള യാത്രക്കിടയില്‍ വലിയൊരു ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടിയില്‍ പേടകത്തിലെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതിന്റെ ഭാഗമായി ഹൈബര്‍ഷേഷന്‍ പോഡുകളിലൊന്നിന്റെ പ്രവര്‍ത്തനത്തിന് തകരാറ് സംഭവിക്കുന്നു. അതോടെ അതിലുള്ള മെക്കാനിക്കല്‍ എന്‍ജിനീയറായ ജിം പ്രെസ്റ്റണ്‍ (ക്രിസ് പ്രാറ്റ്) വളരെ നേരത്തെ തന്നെ, അതായത് 90 വര്‍ഷങ്ങള്‍ നേരത്തെ ഉണരുന്നു. നീണ്ട നിദ്രയില്‍ നിന്നുണര്‍ന്ന ജിം താന്‍ ഒറ്റക്കാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു. ആകെ കൂട്ടിനുള്ളത് സ്‌പേസ് ഷിപ്പിലെ ഡ്രിങ്കിംഗ് ബാറിലെ ജീവനക്കാരനായ ആര്‍തര്‍ (മൈക്കല്‍ ഷീന്‍) മാത്രം. അതാണെങ്കിലോ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള ആന്‍ഡ്രോയിഡ് റോബോട്ടാണ് താനും. ഒരു വര്‍ഷത്തെ ഏകാന്തത ജിമ്മിനെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്നു.
.
ഈയൊരു അവസ്ഥയിലാണ് മറ്റൊരു ഹൈബര്‍നേഷന്‍ പോഡിലെ അറോറ ലേന്‍ (ജെന്നിഫര്‍ ലോറന്‍സ്) സുന്ദരിയെ ജിം കാണുന്നത്. അറോറയുടെ വീഡിയോ പ്രൊഫൈല്‍ കാണുന്ന ജിം അവള്‍ ഒരു എഴുത്തുകാരിയാണെന്ന് മനസ്സിലാക്കുന്നു. ഈ ഏകാന്തത അവസാനിപ്പിക്കുന്നതിന് അറോറയെ ഉണര്‍ത്താന്‍ ജിം ആഗ്രഹിക്കുന്നു. നിരവധി തവണത്തെ ആലോചനകള്‍ക്കൊടുവില്‍ ഹൈബര്‍നേഷന്‍ പോഡിലെ സര്‍ക്ക്യൂട്ടില്‍ കേടുപാട് വരുത്തി അറോറയെ ജിം ഉണര്‍ത്തുന്നു. പോഡിലെ സാങ്കേതിക തകരാറാണ് അറോറയും ഉണരാന്‍ കാരണമെന്ന് ജിം വിശ്വസിപ്പിക്കുന്നു. താനും ഈ യാത്ര പൂര്‍ത്തിയാക്കുംമുമ്പ് മരിക്കുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന അറോറ വിഷണ്ണയാകുന്നു. തിരിച്ച് ഹൈബര്‍നേഷന്‍ പോഡിലേക്ക് കയറാന്‍ ശ്രമിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ജിമ്മിനെപ്പോലെ അറോറയ്ക്കും യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കേണ്ടി വന്നു. അറോറ തന്റെ അനുഭവങ്ങള്‍ ഒരു പുസ്തകമാക്കി എഴുതാന്‍ തുടങ്ങുകയും ജിമ്മിനോട് അടുത്തിടപഴകുകയും അത് പ്രണയമായി മാറുകയും ചെയ്യുന്നു.
.
ഒരു വര്‍ഷത്തിനു ശേഷം ആര്‍തര്‍ അറോറയോട് സത്യം തുറന്നു പറയുന്നു. ജിം മനപൂര്‍വ്വമാണ് തന്നെ ഉണര്‍ത്തിയതെന്ന സത്യം അറോറയെ മാനസികമായി തളര്‍ത്തുന്നു. ജിമ്മിനെ തല്ലി കൊല്ലുവാന്‍ വരെ ശ്രമിക്കുന്നു. മാനസികമായി അറോറ ജിമ്മുമായി അകലുന്നു. അങ്ങനെയിരിക്കെ പേടകത്തിലെ സാങ്കേതിക തകരാര്‍ അധികമാകുകയും ജിമ്മും അറോറയും അപകടത്തില്‍ പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. അക്കൂട്ടത്തില്‍ ഹൈബര്‍നേഷന്‍ പോഡിലെ തകരാറ് മൂലം ചീഫ് ഡെക്ക് ഓഫീസറായ ഗസ് മാന്‍കുസോയും (ലോറന്‍സ് ഫിഷ്‌ബേണ്‍) ഉണരാനിടയാകുന്നു. അവര്‍ മൂന്നു പേരും കൂടി സ്‌പേസ് ഷിപ്പിന് കാര്യമായ തകരാറുകളുണ്ടെന്ന് കണ്ടെത്തുന്നു. എന്നാല്‍ ഗസിന്റെ ശരീരത്തില്‍ കാര്യമായി ക്ഷതമേറ്റിരുന്നു. അത്യാധുനിക ആരോഗ്യ സംരക്ഷണത്തിനുള്ള ഓട്ടോഡോക്ക് വഴി അദ്ദേഹത്തിന് ഇനി മണിക്കൂറുകളേ ആയുസ്സുള്ളൂ എന്ന് അവര്‍ മനസ്സിലാക്കുന്നു. പേടകത്തിന്റെ സുപ്രധാന മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും അനുമതിക്കുമുള്ള തന്റെ ഐഡി ബാഡ്ജ് ജിമ്മിനും അറോറക്കും നല്‍കി, പേടകം റിപ്പയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഗസ് മരിക്കുന്നു. പേടകത്തിന് ഊര്‍ജ്ജം പകരുന്ന ഫ്യൂഷന്‍ റിയാക്ടറിനെ നിയന്ത്രിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടിയില്‍ കേടായിരുന്നു. ഇരുവരും ഒത്തൊരുമിച്ച് കേടുപാടുകള്‍ പരിഹരിക്കുന്നു. ഈ ദൗത്യത്തിനിടയില്‍ ജിം മരണത്തെ മുഖാമുഖം കാണുന്നു. എന്നാല്‍ അറോറയുടെ ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചു കിട്ടുന്നു. ശേഷം, ഓട്ടോഡോക്ക് വഴി ഹൈബര്‍നേഷന്‍ സ്ഥിതിയിലേക്ക് തിരിച്ചു പോകാനാവുമെന്ന് അവര്‍ മനസ്സിലാക്കുന്നു. പക്ഷേ അത് പുറത്തു നിന്നൊരാള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണെന്നും അതിനാല്‍ ഒരാള്‍ക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്നും മനസ്സിലാക്കുന്നു. ജിം, അറോറയോട് അത് പ്രയോജനപ്പെടുത്താന്‍ ആവശ്യപ്പെടുന്നു.
.
88 വര്‍ഷങ്ങള്‍ക്ക് ശേഷം, ഹോസ്‌റ്റെഡ്-II ഗ്രഹത്തിനടുത്തെത്താറായപ്പോള്‍ മുന്‍നിശ്ചയിച്ച പ്രകാരം മറ്റ് ഹൈബര്‍നേഷന്‍ പോഡുകളില്‍ നിന്നും ബാക്കിയുള്ള യാത്രക്കാര്‍ ഉണരുന്നു. പേടകത്തിലെ പബ്ലിക് ഏരിയയില്‍ നിറയെ മരങ്ങളും ചെടികളും ഒരു കൊച്ചു വീടും അവര്‍ കാണുന്നു. അറോറയുടെ പുസ്തകത്തില്‍ നിന്ന് ജിമ്മിനൊപ്പം അറോറയും അവിടെ ജീവിച്ചിരുന്നു എന്നവര്‍ മനസ്സിലാക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
.
ഗ്രഹാന്തരയാത്രകള്‍ വിഷയമാക്കിയ ഇന്റര്‍സ്റ്റെല്ലാര്‍ പോലെ ശാസ്ത്ര സിദ്ധാന്തങ്ങളിലൂന്നിയ ഒരു സിനിമയല്ല, പാസ്സഞ്ചേഴ്‌സ്. മറിച്ച് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം പോലെയുള്ള മാനസികാവസ്ഥകളെ അടിസ്ഥാനമാക്കിയുള്ളതും, ഭാവി സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതുമായ ഒരു സിനിമയാണിത്. സംഗീതനിര്‍വ്വഹണത്തിന് നിരവധി തവണ ഓസ്‌കാര്‍ നേടിയ തോമസ് ന്യൂമാന്റെ സ്‌കോറുകള്‍ ഈ സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. സംഗീത വിഭാഗത്തില്‍ 2017ലെ അക്കാദമി അവാര്‍ഡിന് ന്യൂമാന്റെ ഈ സിനിമ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വിരലിലെണ്ണാവുന്ന അഭിനേതാക്കളാണ് ഉള്ളതെങ്കിലും സിനിമയില്‍ ശാസ്ത്രവും സാങ്കേതിക വിദ്യകളും ആണ് ശരിയായ അഭിനേതാക്കാള്‍ എന്ന് ഇത് തെളിയിക്കുന്നു.  ശാസ്ത്ര കല്‍പിത നോവലുകളും സിനിമാ ആവിഷ്‌കാരങ്ങളും നിലവില്‍ എത്രത്തോളം വേഗത്തിലാണ് ശാസ്ത്രം വികസിക്കുന്നതെന്ന് നമുക്കു കാണിച്ചു തരും. അങ്ങനെയൊരര്‍ത്ഥത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് പാസഞ്ചേഴ്‌സ്.
.
റിവ്യൂ - ബ്രിജേഷ് പൂക്കോട്ടൂര്‍
അവലംബം - IMDB, Wikipedia


Wednesday, April 13, 2016

വിഷുവും കൊന്നയും പിന്നെ കുറച്ചു ശാസ്ത്രവും...

വിഷുവും കൊന്നയും പിന്നെ കുറച്ചു ശാസ്ത്രവും...
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*

 
കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. സ്വന്തമായി മണ്ണില്‍ അധ്വാനിച്ചുണ്ടാക്കിയ വിഭവങ്ങള്‍ കണിയായി വച്ചു കൊണ്ടാണ് മലയാളികള്‍ പുതുവര്‍ഷത്തെ വരവേറ്റിരുന്നത്. ഇന്നാണേല്‍ കണിക്കൊന്ന പോലും വിപണിയില്‍ നിന്നും വാങ്ങി, വിഷം മുക്കിയ മറുനാടന്‍ പച്ചക്കറികളുമായി, ശിവകാശി പടക്കങ്ങളുമായി മലയാളി വിഷു കൊണ്ടാടുന്നു. കാര്‍ഷിക സംസ്കാരം പിന്തുടര്‍ന്ന മലയാള നാടിന്റെ ഉത്സവം എന്നതില്‍ കവിഞ്ഞ് എന്താണ് വിഷുവിന്റെ പ്രത്യേകത? എന്തു കൊണ്ടാണ് നാം കൊണ്ടാടുന്ന വിഷുവിന് (ഏപ്രില്‍ 14) ഒരു മാസം മുമ്പേ കണിക്കൊന്ന പൂവണിഞ്ഞത്? നാം നാളെ കൊണ്ടാടുന്ന വിഷു സത്യത്തില്‍ കഴിഞ്ഞ മാസം 20 ന് പിന്നിട്ടതായിരുന്നു! എന്താണ് വിഷു എന്നും വിഷുവങ്ങളെന്നും മനസ്സിലാക്കാന്‍ ഒരു കുറിപ്പ്.
.
വിഷുവം
*_*_*_*_*_*
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ്‌ വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നും സെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ക്രാന്തിവൃത്തവും (Ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (Celestial Equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് ‍ വിഷുവങ്ങൾ എന്ന്‌ പറയുന്നത്‌. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 25 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.
.
സൂര്യൻ ഒരു വർഷത്തിൽ ഇപ്രകാരം പരമാവധി വടക്കോട്ട് ഉത്തരായനരേഖ വരെയും തെക്കോട്ട് ദക്ഷിണായനരേഖ വരെയും നീങ്ങുന്നതായി അനുഭവപ്പെടുന്നു. ഈ മാറ്റത്തിനിടയിൽ രണ്ട് പ്രാവശ്യം സൂര്യൻ ഭൂമധ്യരേഖയെ കടക്കുന്നു ദിവസങ്ങളെ വിഷുവങ്ങളെന്നു വിളിക്കുന്നു. ഈ ദിവസങ്ങളിൽ പകലും രാത്രിയും തുല്യമായിരിക്കുന്നതിനാൽ ഇവയെ സമരാത്ര ദിവസങ്ങളെന്നും വിളിക്കുന്നു. സൂര്യൻ അതിന്റെ സഞ്ചാരമധ്യേ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ച്‌ കടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്ന ബിന്ദുവിനെ മേഷാദി അഥവാ മഹാവിഷുവം (Vernal Equinox) എന്ന് വിളിക്കുന്നു. അതേ പോലെ സൂര്യൻ വടക്ക്‌ നിന്ന്‌ തെക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ചു കിടക്കുന്ന ബിന്ദുവിനെ തുലാദി, തുലാവിഷുവം അഥവാ അപരവിഷുവം (Autumnal Equinox) എന്ന്‌ വിളിക്കുന്നു. മഹാവിഷുവം മാർച്ച്‌ 20-നും അപരവിഷുവം സെപ്റ്റംബർ 23-നും ആണ്‌ സംഭവിക്കുന്നത്‌.
.
വിഷുവങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*
പണ്ട്‌ (ഏതാണ്ട്‌ 1000 വർഷങ്ങൾക്ക്‌ മുൻപ്‌) മേഷാദി മേടമാസത്തിലായിരുന്നു. സൂര്യൻ മേഷാദിയിൽ വരുന്ന ദിവസം ആയിരുന്നു കേരളത്തിൽ വിഷുവായി ആഘോഷിച്ചിരുന്നത്‌. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം നിമിത്തം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നാല്‍ ഇപ്പോഴും വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ തന്നെയാണ്‌. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌. വർഷാരംഭമായി വിഷു കേരളത്തിൽ ആചരിച്ചു വരുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. കണിക്കൊന്നക്ക് പ്രകൃതിയുടെ കലണ്ടര്‍ കൃത്യമായറിയാം. അതു കൊണ്ട് അത് മാര്‍ച്ച് 20-21 ഓടുകൂടി പൂത്തുലയുന്നു. മനുഷ്യര്‍ക്ക് കലണ്ടറും വിശേഷദിനങ്ങളും മാറ്റാന്‍ മടിയാണ്. എന്നിട്ട് കുറ്റമോ "നേരത്തെ പൂവിട്ട" കൊന്നക്കും!
.
 

 

കമ്പോളവത്കരിക്കപ്പെട്ട ആഘോഷങ്ങള്‍ക്കിടയില്‍ വിഷമില്ലാത്ത പ്രകൃതിവിഭവങ്ങളുമായാകട്ടെ നിങ്ങളുടെ എല്ലാവരുടേയും വിഷു. ദൈവവും മതവിശ്വാസങ്ങളും ​എല്ലാംകൂടി വെടിമരുന്നുകൊണ്ട് കൊന്നതും മുറിവേല്‍പ്പിച്ചതുമായ സഹജീവികളെ ഓര്‍ത്തു കൊണ്ട്, നാം ഏവരുടേയും വിഷു കരിമരുന്ന് പുരളാത്തതായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.
.
കൂടുതല്‍ വായനക്ക്,
https://ml.wikipedia.org/wiki/Vishu
https://ml.wikipedia.org/wiki/Equinox
https://en.wikipedia.org/wiki/March_equinox

Saturday, April 2, 2016

വിശ്വ വിഖ്യാത തെറി - ഈ സമൂഹത്തെ ശരിയായ വിധത്തില്‍ നോക്കിക്കാണുന്ന കുട്ട്യോളുടെ ഒരു മാസിക!

 

 

ഫാസിസം അതിന്റെ ദംഷ്ട്രകളുമായി വീണ്ടും ചോര കുടിക്കാനിറങ്ങുന്നു. അക്ഷരവിരോധികളുടെ എതിർപ്പിനെ അതിജീവിച്ച് പുറത്തിറങ്ങിയ "വിശ്വ വിഖ്യാത തെറി" വായിച്ചു. മതേതര ഇന്ത്യയുടെ സമകാലീന മുഖം അറിയാൻ മാസികയിലൂടെ ഒന്നു കണ്ണോടിച്ചാൽ മാത്രം മതിയാകും.
.
ഇന്ത്യൻ യുവത്വം ഫാസിസത്തിനു മുമ്പിൽ ഒാച്ഛാനിച്ചു നിൽക്കാൻ ഒരുക്കമല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ കുട്ടികൾ...
.
ഓണ്‍ലൈനായി മാസിക വായിക്കാം, https://theri.rimpo.in/

ആന്‍ഡ്രോമീഡ ഗ്യാലക്സിയില്‍ പള്‍സാറിനെ കണ്ടെത്തി

ആന്‍ഡ്രോമീഡ ഗ്യാലക്സിയില്‍ പള്‍സാറിനെ കണ്ടെത്തി
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*
നഗരത്തിന്റെ പ്രകാശമലിനീകരണത്തില്‍ നിന്നകന്ന് ഗ്രാമങ്ങളിലെ തെളിഞ്ഞ ആകാശത്ത് വെറും കണ്ണു കൊണ്ട് കാണാന്‍ സാധിക്കുന്ന വിദൂര വസ്തുവായ ആന്‍ഡ്രോമീഡ ഗ്യാലക്സിയുടെ ഒരു വിശേഷം കൂടി കണ്ടെത്തിക്കഴിഞ്ഞു. ശക്തമായ ടെലിസ്കോപ്പുകളില്‍ നമ്മുടെ ഈ അയല്‍ഗ്യാലക്സിയെ മനോഹരമായി കാണാന്‍ സാധിക്കും. 2.537 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ഒരു ഗ്യാലക്സിക്കുള്ളില്‍ അതിശക്തമായ എക്സ്-റേ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന പള്‍സാറുകള്‍ എന്നറിയപ്പെടുന്ന ഒരു ന്യൂട്രോണ്‍ നക്ഷത്രത്തെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (esa) XMM-Newton എക്സ്-റേ സ്പേസ് ഒബ്സര്‍വേറ്ററിയില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. 3XMM J004301.4+413017 എന്നാണ് ഈ ഡാറ്റക്ക് പേര് നല്‍കിയിരിക്കുന്നത്.



 
.
എന്താണ് ന്യൂട്രോൺ നക്ഷത്രങ്ങള്‍?
*_*_*_*_*_*_*_*_*_*_*_*_*_*_*_*
ഗുരുത്വാകർഷണ ഫലമായി തകർന്നടിയുന്ന പിണ്ഡമേറിയ നക്ഷത്രങ്ങളുടെ ബാക്കിപത്രമാണ്‌ ന്യൂട്രോൺ നക്ഷത്രങ്ങൾ‍. ടൈപ്പ് II നക്ഷത്രം, ടൈപ്പ് lb അല്ലെങ്കിൽ ടൈപ്പ് lc എന്നീതരത്തിൽപ്പെട്ട സൂപ്പർനോവ സ്ഫോടനങ്ങളുടെ ഫലമായാണ് ന്യൂട്രോൺ നക്ഷത്രം രൂപപ്പെടുന്നത്. ന്യൂട്രോൺ നക്ഷത്രങ്ങളുടെ ദ്രവ്യത്തിന്റെ ഭൂരിഭാഗവും ന്യൂട്രോണുകളായിരിക്കും അത് കൊണ്ടാണവയ്ക്ക് ഈ പേര്‌ കൈവന്നത്. ഉയർന്ന താപനിലയാണ്‌ ഇത്തരം നക്ഷത്രങ്ങള്‍ക്കുണ്ടാവുക. ഊർജ്ജോൽപാദനം നിലയ്ക്കുന്ന നക്ഷത്രങ്ങളുടെ അന്ത്യത്തിന്റെ വിവിധ രൂപങ്ങളിലൊന്നാണിത്.
.
സൗരപിണ്ഡത്തിന്റെ 1.35 മുതൽ 2.1 മടങ്ങ് വരെയായിരിക്കും സാധാരണയായി ന്യൂട്രോൺ നക്ഷത്രങ്ങളുടെ ദ്രവ്യമാനം. വ്യാസാർദ്ധം 20 കി.മീ നും 10 കി.മീ നു ഇടയിലായിരിക്കും, ഇതുമായി താരതമ്യം ചെയ്യുമ്പോൾ സൂര്യന്‌ 30,000 മുതൽ 70,000 വരെ ഇരട്ടി വലിപ്പമുണ്ട്. വലുപ്പത്തില്‍ ചെറുതെങ്കിലും പിണ്ഡത്തില്‍ അതിഭീമന്‍മാരാണ് ഇവ. ഏകദേശം 11 കിലോമീറ്റര്‍ വ്യാസമുള്ള ഒരു ന്യൂട്രോണ്‍ സ്റ്റാറിന് നമ്മുടെ സൂര്യന്റെ ഇരട്ടിയോളം പിണ്ഡമുണ്ടാകുമെന്ന് സാരം.
.
ഭാരം കൂടിയ നക്ഷത്രങ്ങളുടെ സൂപ്പർനോവ സ്ഫോടനത്തിനു ശേഷം അവയുടെ കാമ്പ് ഞെരുങ്ങി ന്യൂട്രോൺ നക്ഷത്രമായി പരിണമിക്കുന്നു, അവ അവയുടെ കോണീയ പരിക്രമണം നിലനിർത്തുകയും ചെയ്യുന്നു. മുമ്പത്തെ അവസ്ഥയേക്കാൾ വളരെ കുറഞ്ഞ വാസാർദ്ധം മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നതിനാൽ ന്യൂട്രോൺ നക്ഷത്രരൂപവത്കരണത്തോടെ അവ ഉയർന്ന വളരെ ഉയർന്ന ഭ്രമണനിരക്കിലായിരിക്കും, ഇത് കാലക്രമേണ പതിയെ കുറഞ്ഞുവരികയും ചെയ്യുന്നു. 1.40 മില്ലി സെക്കന്റ് മുതൽ 30 സെക്കന്റ് വരെയാണ് ഇവയുടെ ഭ്രമണവേഗത. ഉയർന്ന സാന്ദ്രതകാരണമായി ഇവയുടെ ഉപരിതല ഗുരുത്വാകഷണവും വളരെ ഉയർന്നതായിരിക്കും, 7 x 1012 m/s² വരെയാകും ഇത് സാധാരണ ഏതാനും 1012 m/s² ആയിരിക്കും (അതായത് ഭൂമിയുടേതിന്റെ 1011 മടങ്ങ്). ഇത്രയും വലിയ ഗുരുത്വമുണ്ടാകുന്നതിനാൽ തന്നെ അവയുടെ നിശ്ക്രമണ പ്രവേഗം ഏതാണ്ട് 100,000 കി.മീ/സെക്കന്റ് നു അടുത്ത് വരും ഇത് പ്രകാശവേഗതയുടെ 33% ശതമാനമാണ്‌. ഒരു ന്യൂട്രോൺ നക്ഷത്രത്തിന്റെ ആകർഷണത്തിൽ പെട്ട് അതിന്റെ ഉപരിതലത്തിലേക്ക് പതിക്കുന്ന ദ്രവ്യത്തിന്റെ വേഗത വളരെപ്പെട്ടെന്ന് ത്വരിതപ്പെടുന്നു. ഉയർന്ന വേഗതയിൽ പതിക്കുന്നതോടെ വസ്തു നിർമ്മിക്കപ്പെട്ട ആറ്റങ്ങൾ തകർപ്പെടുകയും അവ ന്യൂട്രോൺ നക്ഷത്രത്തിന്റെ ദ്രവ്യത്തിന്റെ സമാന അവസ്ഥയിലാവുകയും ചെയ്യുന്നു. നക്ഷത്രപരിണാമത്തിന്റെ അവസാന ഘട്ടത്തിൽ കാമ്പിലെ ഇരുമ്പിന് മർദ്ദം താങ്ങാനാകാതെ വരും. അപ്പോൾ അതിലെ ഇലക്ട്രോണുകളും പോട്രോണുകളും ചേർക്കപ്പെട്ട് ന്യൂട്രോണുകളായി മാറുന്നു. ഈ കാമ്പാണ് ന്യൂട്രോൺ നക്ഷത്രമായി മാറുന്നത്.
.


.
 പൾസാർ‌
*_*_*_*_*
സ്വയം ഭ്രമണം ചെയ്യുകയും റേഡിയോ തരംഗങ്ങളുടെ രൂപത്തിൽ വൈദ്യുതകാന്തീക വികിരണം പ്രസരിപ്പിക്കുന്ന അത്യധികം കാന്തീകരിക്കപ്പെട്ട ന്യൂട്രോൺ നക്ഷത്രങ്ങളെയാണ് പൾസാറുകൾ എന്ന് പറയുന്നത്. ഈ നക്ഷത്രങ്ങളുടെ ഭ്രമണത്തിടയിൽ ഇവയിൽ നിന്നുത്സർജ്ജിക്കുന്ന വികിരണപുഞ്ജം ഭൂമിക്കു നേരെ വരുമ്പോൾ മാത്രമാണ് നമുക്കു ദൃശ്യമാകുകയുള്ളു. ഇതുകൊണ്ടാണ് ഇവക്ക് പൾസാറുകൾ എന്ന പേര് ലഭിച്ചത്. തരംഗങ്ങളുടെ ഇടവേള 1.5 മില്ലീ.സെ മുതൽ 8.5 സെ വരെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്നതിനാൽ ഇതിനെ ലൈറ്റ്‌ഹൗസ് പ്രതിഭാസം എന്നു പറയുന്നു.  ഇത്തരത്തില്‍ ആദ്യമായി ഒരു തരംഗങ്ങളെ കണ്ടെത്തുന്നത് 1967ല്‍ ആണ്. പള്‍സാറുകള്‍ കണ്ടെത്തിയ ശേഷമാണ് ഇവ ന്യൂട്രോണ്‍ സ്റ്റാറുകള്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത് എന്ന് കണ്ടെത്തുന്നത്. വളരെയധികം സാന്ദ്രത കൂടിയ ഖഗോള വസ്തുക്കളാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ, അത് കൊണ്ട് തന്നെ പൾസാറുകളുടെ ഭ്രമണത്തിന്റെയും കൂടെ പ്രസരിപ്പിക്കപ്പെടുന്ന വികിരണത്തിന്റെയും ഇടവേള വളരെ കൃത്യമാണ്, എത്രതോളമെന്നാൽ അവയിൽ ചിലതിന്റെ ഇടവേളകളുടെ കൃത്യത ആറ്റോമിക ഘടികാരങ്ങളോളം തുല്യമാണ്. വലിയ മാസുള്ള നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചാൽ അത് ന്യൂട്രോൺ നക്ഷത്രമായി മാറും. ഇവയിൽ ചിലതാണ് പൾസാറായി മാറുന്നത്.
.




നമ്മുടെ ഗ്യാലക്സിയില്‍ ഇത്തരത്തിലുള്ള ഏകദേശം നൂറ് മില്യണ്‍ നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റൊരു ഗ്യാലക്സിയില്‍ നിന്നുള്ള ആദ്യത്തെ കണ്ടുപിടുത്തം ആണിത്. ബൈനറി സ്റ്റാര്‍ സിസ്റ്റത്തിലാണ് ഇവയെ വേഗത്തില്‍ കണ്ടെത്താനാവുക. അടുത്ത നക്ഷത്രത്തിലെ ദ്രവ്യം വലിച്ചെടുക്കുമ്പോള്‍ ഊര്‍ജ്ജം അതിശക്തമായ എക്സ്-റേ വികിരണങ്ങളായി പ്രവഹിക്കുന്നു. ഇപ്പോള്‍ കണ്ടെത്തിയ ന്യൂട്രോണ്‍ സ്റ്റാര്‍ 1.2 സെക്കന്റില്‍  സ്വയം ഭ്രമണം പൂര്‍ത്തിയാക്കുന്നു.
.
1999 ല്‍ വിക്ഷേപിച്ച XMM-Newton X-ray space observatoryയും 2028ല്‍ വിക്ഷേപിക്കാനിരിക്കുന്ന അഥീന (Advanced Telescope for High Energy Astrophysics) ഒബ്സര്‍വേറ്ററിയും ഇത്തരത്തിലുള്ള നിരവധി വസ്തുക്കളെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഇസയുടെ XMM-Newton പ്രൊജക്ടിലെ ശാസ്ത്രജ്ഞനായ നോര്‍ബെര്‍ട്ട് ഷെര്‍ട്ടല്‍ പറഞ്ഞു.
.
റഫറന്‍സ് : "EXTraS discovery of an 1.2-s X-ray pulsar in M31" by P. Esposito et al., is published in the Monthly Notices of the Royal Astronomical Society, Volume 457, pp L5-L9, Issue 1, March 21, 2016.
.
ചിത്രം കടപ്പാട്: esa
Date: 31 March 2016, Satellite: XMM-Newton, Copyright: Andromeda: ESA/Herschel/PACS/SPIRE/J. Fritz, U. Gent/XMM-Newton/EPIC/W. Pietsch, MPE; data: P. Esposito et al. (2016)
.
അധിക വായനക്കുള്ള ലിങ്കുകള്‍:
http://sci.esa.int/xmm-newton/
http://sci.esa.int/xmm-newton/57661-found-andromeda-s-first-spinning-neutron-star/
https://en.wikipedia.org/wiki/XMM-Newton
https://en.wikipedia.org/wiki/Neutron_star
.
റിപ്പോര്‍ട്ട് തയ്യാറാക്കിയത് : ബ്രിജേഷ് പൂക്കോട്ടൂര്‍

Thursday, March 24, 2016

സ്‌കൂള്‍ പാര്‍ലമെന്റ് - സോഫ്റ്റ്‌വെയര്‍

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ലളിതമായ സോഫ്റ്റ്‌വെയര്‍







സ്‌കൂളുകളിലെ ലീഡര്‍ തിരഞ്ഞെടുപ്പ് ബാലറ്റ് രീതിയിലും അല്ലാതേയും നടന്നു വരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് തിരഞ്ഞെടുപ്പുകളില്‍ ജനാധിപത്യ പ്രക്രിയയുടെ രീതികള്‍ അവലംബിച്ചു കാണാറില്ല.  2007ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും പല വിദ്യാലയങ്ങളിലും പ്രക്രിയയുടെ ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് അധ്യാപകര്‍ അതിനു തയ്യാറാവാറില്ല. അത് എങ്ങനേലും കഴിഞ്ഞോളും എന്ന നിലപാടാണ് പലപ്പോഴും എടുക്കാറ്.

ബാലറ്റില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലേക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ മാറിയിട്ട് വര്‍ഷങ്ങളായി. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്താന്‍ ലളിതമായ മാര്‍ഗ്ഗങ്ങളുണ്ട്. വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറിന്റെ ആദ്യ പതിപ്പ് 2008ലാണ് പുറത്തിറക്കിയത്. ഒരു പോസ്റ്റിലേക്ക് മാത്രമേ ഇതില്‍ വോട്ടെടുപ്പ് നടത്താന്‍ സംവിധാനമുണ്ടായിരുന്നുള്ളൂ. അടുത്ത പതിപ്പില്‍ ഒന്നിലധികം പോസ്റ്റുകളിലേക്ക് വോട്ടെടുപ്പ് നടത്താന്‍ സൗകര്യം ഒരുക്കി. അധ്യാപനമേഖലയില്‍ നിന്നും സര്‍വ്വീസ് മേഖലയിലേക്ക് ജോലി വഴിമാറിയപ്പോള്‍ പുതിയ പതിപ്പുകളൊന്നും തന്നെ നിര്‍മ്മിക്കാന്‍ സമയം കിട്ടിയില്ല. ഈ സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പ് ഇറക്കാമോ എന്നു ചോദിച്ച് പലരും ജൂണ്‍-ജൂലൈ മാസങ്ങളില്‍ എന്നെ ഫോണില്‍ വിളിക്കാറുണ്ട്. പുതിയ വിന്‍ഡോസ് പതിപ്പുകളില്‍ പ്രോഗ്രം ഉപയോഗിക്കുന്നതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്.


സവിശേഷതകള്‍

· സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കാം.
· ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനു സമാനതയുള്ള വോട്ടിംഗ് രീതി.
· വോട്ടിംഗ് കുറ്റമറ്റ രീതിയില്‍ ലളിതവും ഇന്ററാക്ടീവുമായി നടത്താനുള്ള സൗകര്യം.
· സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ, ചിഹ്നം എന്നിവ വോട്ടിംഗ് യന്ത്രത്തില്‍ കാണിക്കുന്നു.
· ഒന്നിലധികം പോസ്റ്റുകളിലേക്കുള്ള വോട്ടെടുപ്പിന് സൗകര്യം
· സ്ഥാനാര്‍ത്ഥി പട്ടിക പ്രിന്റ് ചെയ്യാനുള്ള സൗകര്യം
· ഫലപ്രഖ്യാപനം പ്രിന്റ് ചെയ്യാനുള്ള സൗകര്യം
· പോളിംഗ് ഓഫീസര്‍ക്ക് രഹസ്യ കോഡ് വഴി പ്രോഗ്രം, പോളിംഗ് നിയന്ത്രിക്കാനുള്ള സംവിധാനം


ഉപയോഗ നിര്‍ദ്ദേശങ്ങള്‍

· സ്‌കൂള്‍ പാര്‍ലമെന്റ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കുക. 2007ലെ ഉത്തരവിന്റെ കോപ്പി ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
· കക്ഷി രാഷ്ട്രീയത്തിനതീതമായി ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയ പരിചയപ്പെടും വിധമായിരിക്കണം സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്.
· പ്രോഗ്രാം ക്രമീകരിക്കേണ്ടതിന്റെ ഘട്ടം ഘട്ടമായുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ വിശദീകരിക്കുന്നുണ്ട്. തെറ്റായ രീതിയില്‍ ഉപയോഗിച്ചതു കൊണ്ടോ, കമ്പ്യൂട്ടറിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടോ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഇതിന്റെ നിര്‍മ്മാതാവിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

പ്രോഗ്രാം ക്രമീകരണം

· ഡൗണ്‍ലോഡ് ചെയ്ത ഇന്‍സ്റ്റാളേഷന്‍ ഫയല്‍ താഴെക്കാണുന്ന വിധം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. C:\Program Files\School Parliament എന്ന ഡയറക്ടറിയിലാണ് സാധാരണഗതിയില്‍ ഇന്‍സ്റ്റാള്‍ ആവുക.

ഏതെങ്കിലും റണ്‍ ടൈം എറര്‍ കാണിക്കുന്നെങ്കില്‍ വിഷ്വല്‍ബേസിക് റണ്‍ ടൈം ഇന്‍സ്റ്റാള്‍ ചെയ്യുക.
 






· പ്രോഗ്രാം വഴിയല്ലാതെ ഇതിന്റെ അനുബന്ധ ഫയലുകളില്‍ തിരുത്തലുകള്‍ വരുത്താതെ ശ്രദ്ധിക്കേണ്ടതാണ്.
· ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആദ്യമായി തുറക്കുമ്പോള്‍ പോളിംഗ് ഓഫീസറുടെ രഹസ്യകോഡ് സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടും. പിന്നീട് പ്രോഗ്രാം തുറക്കുന്നതിനും പോളിംഗ് തുടങ്ങാനും അവസാനിപ്പിക്കാനും ഈ രഹസ്യകോഡ് ഉപയോഗിക്കേണ്ടി വരും. രഹസ്യകോഡ് മാറ്റേണ്ടി വരുകയാണെങ്കില്‍ അതിനുള്ള സൗകര്യം പ്രോഗ്രാമിലുണ്ട്.


തുടങ്ങുമ്പോഴുള്ള വിന്‍ഡോ


പ്രധാന മെനു

1. സ്‌കൂളിന്റെ പേര് സെറ്റ് ചെയ്യുക.


2. ഇലക്ഷനുദ്ദേശിക്കുന്ന പോസ്റ്റുകള്‍ ക്രമീകരിക്കുക. സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്ന രൂപത്തിലുള്ള പോസ്റ്റുകള്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ആവശ്യാനുസരണം നീക്കം ചെയ്തും തിരുത്തിയും ഉപയോഗിക്കേണ്ടതാണ്. അടുത്ത മെനുവിലേക്ക് പോകുന്നതിനു മുമ്പ് പോസ്റ്റുകള്‍ വ്യക്തമായി തീരുമാനിക്കണം.


3. സ്ഥാനാര്‍ത്ഥി പട്ടിക ക്രമീകരിക്കുക. സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിനായി ചട്ടപ്രകാരം നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കേണ്ടതാണ്. (സ.ഉ. ശ്രദ്ധിക്കുക). സൂക്ഷ്മപരിശോധന കഴിഞ്ഞ പട്ടിക സ്ഥാനാര്‍ത്ഥികളുടെ ക്രമം തീരുമാനിച്ചുറപ്പിച്ച ശേഷം പ്രോഗ്രാമില്‍ ക്രമീകരിക്കുക. ഒരു പോസ്റ്റിലേക്ക് 10 സ്ഥാനാര്‍ത്ഥികളെ വരെ മാത്രമേ ഈ പ്രോഗ്രാം അനുവദിക്കുകയുള്ളൂ. സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നങ്ങളും നിശ്ചിത അളവില്‍ നല്‍കുക. ഇവ ക്രമീകരിക്കുന്നതിനായി അഡോബി ഫോട്ടോഷോപ്പ് പോലുള്ള ടൂളുകള്‍ ഉപയോഗിക്കുക. വലിയ വലുപ്പത്തിലുള്ള ചിത്രങ്ങള്‍ പ്രോഗ്രാമിന്റെ വേഗതയെ ബാധിക്കുമെന്നതിനാല്‍ റസല്യൂഷന്‍ കുറച്ച ചിത്രങ്ങള്‍ ഉപയോഗിക്കുക. ചിഹ്നങ്ങള്‍ സര്‍ക്കാര്‍ ഉത്തരവനുസൃതമായി മാത്രം ഉപയോഗിക്കുക. മാതൃകയായി ചിഹ്നങ്ങളുടെ ലൈബ്രറി ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക പ്രിന്റ് ചെയ്‌തെടുക്കാന്‍ സൗകര്യമുണ്ട്.



4. വോട്ടിംഗ് യന്ത്രം - വിന്‍ഡോ




സ്ഥാനാര്‍ത്ഥിയുടെ പേരു വിവരവും ചിഹ്നവും രേഖപ്പെടുത്തിയിട്ടുള്ള അടുത്തുള്ള നീല ബട്ടനില്‍ മൗസ് ഉപയോഗിച്ച് ക്ലിക് ചെയ്യുക. ചുവന്ന ബട്ടണ്‍ തെളിയുകയും ബീപ് ശബ്ദം ഉണ്ടാവുകയും ചെയ്യും.
തുടര്‍ന്ന് അടുത്ത പോസ്റ്റിലേക്കുള്ള ലിസ്റ്റ് തെളിയും. എത്ര പോസ്റ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നുണ്ടോ അവ മാത്രമേ സ്‌ക്രീനില്‍ കാണിക്കുകയുള്ളൂ. എല്ലാം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വോട്ട് രേഖപ്പെടുത്തി എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിക്കും. അതോടെ ഒരു വിദ്യാര്‍ത്ഥിയുടെ ഊഴം കഴിയുന്നു. ഈ സ്‌ക്രീനില്‍ നിന്നും പുറത്തു പോകണമെങ്കില്‍ (പോളിംഗ് നിര്‍ത്തി വയ്ക്കുന്നതിന്) പോളിംഗ് ഓഫീസറുടെ രഹസ്യകോഡ് നല്‍കേണ്ടി വരും. 5 പോസ്റ്റുകളിലേക്കാണ് വോട്ടെടുപ്പെങ്കില്‍ ഒരു വിദ്യാര്‍ത്ഥിക്ക് 5 ക്ലിക്കുകള്‍ വേണ്ടി വരും. അതെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഒരു വിദ്യാര്‍ത്ഥിക്ക് പുറത്തു പോകാന്‍ പറ്റൂ. പ്രധാന മെനുവിലേക്ക് തിരിച്ചു പോകണമെങ്കിലും നിശ്ചിത എണ്ണം പൂര്‍ത്തിയാക്കിയ ശേഷമേ സാധിക്കൂ.
നോട്ട വോട്ട് ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആവശ്യപ്പെടുകയാണെങ്കില്‍ അടുത്ത പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.

5. സ്ഥിതി വിവരം / അവസാന ഫലം അറിയുന്നതിന്


പോളിംഗ് പൂര്‍ണ്ണമായി നിര്‍ത്താതെ തന്നെ ഇതുവരെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം ഈ മെനു ഉപയോഗിച്ച് അറിയാവുന്നതാണ്. പോളിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ CLOSE POLL ബട്ടണ്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നിര്‍ത്താവുന്നതാണ്. അതിനു ശേഷം പോളിംഗ് അനുവദിക്കുന്നതല്ല. ഓരോ പോസ്റ്റിലും ക്ലിക്കു ചെയ്താല്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം ദൃശ്യമാകും. ഇത് പ്രിന്റ് ചെയ്‌തെടുക്കുന്നതിന് സൗകര്യം ഉണ്ട്.

6. ഈ ഇലക്ഷനും മോക്ക് പോള്‍ നടത്തേണ്ടതാണ്. മോക്ക് പോളിനു ശേഷം ലഭിച്ച വോട്ടുകള്‍ നീക്കം ചെയ്യുന്നതിന് CLEAR ബട്ടണ്‍ ഉപയോഗിക്കുക. ഓപ്ഷനുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക.


സാങ്കേതികവശങ്ങള്‍ / സോഴ്‌സ് കോഡ്

· ഈ പ്രോഗ്രാം വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഈ പ്രോഗ്രാം മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ XP (SP3) പതിപ്പില്‍ നിന്നുകൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.
· മൈക്രോസോഫ്റ്റിന്റെ വിഷ്വല്‍ ബേസിക് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. മറ്റു വ്യക്തികള്‍ തയ്യാറാക്കിയ സ്വതന്ത്രകോഡുകള്‍ ആക്ടീവ്എക്‌സുകള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
· ഡാറ്റാബേസ് മൈക്രോസോഫ്റ്റ് ആക്‌സസ്സിലാണ് പ്രവര്‍ത്തിക്കുന്നത്. 
· മൈക്രോസോഫ്റ്റ് ഓഫീസ് 2007ന്റെ ഭാഗമായ എക്‌സല്‍ ഉപയോഗിച്ചാണ് ഔട്ട്പുട്ട് പ്രിന്റിംഗ് ഫയല്‍ നിര്‍മ്മിക്കുന്നത്. ഇതിനായി മേല്‍പറഞ്ഞ പതിപ്പ് മാത്രം ഉപയോഗിക്കുക. ഓഫീസ് 2003, 2010 പതിപ്പുകളോടൊപ്പം ഇത് ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല.
· ഈ സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഉപയോഗിക്കാനും പങ്കുവയ്ക്കാനും അനുമതി നല്‍കുന്നു. പരമാവധി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രോഗ്രാം ഉപയോഗിച്ച് കുട്ടികള്‍ക്ക് അവസരം നല്‍കുക. ഞങ്ങളുടെ സ്‌കൂളിലും ഇ-വോട്ടിംഗ് ഉപയോഗിച്ചു എന്ന് പത്രവാര്‍ത്ത നല്‍കുക. വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും നടക്കുന്നുണ്ടെന്ന് പൊതുജനങ്ങള്‍ അറിയട്ടെ. പൊതു വിദ്യാലയങ്ങള്‍ നിലനിര്‍ത്തേണ്ടതും മുന്‍പന്തിയില്‍ എത്തേണ്ടതുമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം എന്നെ ഞാനാക്കിയത് സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്.
· ഇതില്‍ ഉപയോഗിച്ചിട്ടുള്ള കോഡുകളുടേയും നിര്‍മ്മിക്കാനുപയോഗിച്ചുള്ള പ്രോഗ്രാമുകളുടേയും സഹായമില്ലാതെ ഇതുണ്ടാവില്ലായിരുന്നു. അറിവ് പങ്കുവയ്ക്കപ്പെടാനുള്ളതാണ് എന്നുള്ളതുകൊണ്ട് ഇതിന്റെ സോഴ്‌സ് കോഡ് വെളിപ്പെടുത്തുന്നു. സോഴ്‌സ്‌കോഡിന് ഈ ലിങ്ക് സന്ദര്‍ശിക്കുക. പ്രോഗ്രാമില്‍ മാറ്റം വരുത്തി ഉപയാഗിക്കുന്നവര്‍ എന്റേയും എനിക്ക് അറിവു പകര്‍ന്നവരുടേയും അധ്വാനത്തെക്കുറിച്ച് ഓര്‍ക്കുക. പേരായെങ്കിലും നന്ദി രേഖപ്പെടുത്തുക. അത്രമാത്രം.

സാങ്കേതിക പ്രശ്‌നങ്ങളെ സംബന്ധിച്ചും പ്രോഗ്രാമിനെ സംബന്ധിച്ചും സംശയങ്ങള്‍ക്ക് ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ വിളികള്‍ ഓഫീസ് സമയത്തിനു മുമ്പോ ശേഷമോ ആകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സസ്‌നേഹം,

ബ്രിജേഷ് ഇ.പി
അക്ഷരം, പൂക്കോട്ടൂര്‍, മലപ്പുറം ജില്ല.
ഫോണ്‍-09961257788
ഇ-മെയില്‍-brijeshep@gmail.com